ജല അതോറിറ്റി ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം; ശിശുസംരക്ഷണ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് സഹായധനം അനുവദിക്കുന്നതിന്‍െറ പരിധി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിക്ക് മൂന്ന് ലക്ഷം രൂപവരെ സഹായം അനുവദിക്കാം. നിലവില്‍ ലക്ഷം രൂപയായിരുന്നു. റവന്യൂ മന്ത്രിക്ക് 25,000 രൂപവരെ അനുവദിക്കാം. നിലവില്‍ 5000 രൂപയായിരുന്നു. ജില്ലാ കലക്ടര്‍ക്ക് 10,000 രൂപവരെ അനുവദിക്കാം.
10ാം ശമ്പളപരിഷ്കരണ കമീഷന്‍ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കാനും മന്ത്രിസഭ അനുമതി നല്‍കി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണ ശിപാര്‍ശക്കൊപ്പമാണ് ജല അതോറിറ്റിലെയും പരിഷ്കരണ നിര്‍ദേശം വന്നത്. വിവിധ ഘട്ടങ്ങളിലെ പരിശോധനക്കു ശേഷം ഇപ്പോഴാണ് അംഗീകാരം നല്‍കിയത്. ക്രിക്കറ്റ് താരം എസ്.ജെ. ജയലക്ഷ്മി ദേവിന്‍െറ കുടുംബത്തിന് ചിറയിന്‍കീഴ് പഴയകുന്നുമ്മേല്‍ വില്ളേജില്‍ മൂന്ന് സെന്‍റ് ഭൂമി പതിച്ചുനല്‍കും.

ശിശുസംരക്ഷണ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇതിനും തുടര്‍നടപടിക്കുമായി സെക്രട്ടേറിയേറ്റിലെ സാമൂഹികനീതി വകുപ്പില്‍ ഒരു ജോയന്‍റ് സെക്രട്ടറി ഉള്‍പ്പെടെ എട്ട് തസ്തികകള്‍ സൃഷ്ടിച്ചു. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്, സെക്ഷന്‍ ഓഫിസര്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ് എന്നിവയുടെ ഓരോന്നും അസിസ്റ്റന്‍റ്, ഓഫിസ് അറ്റന്‍ഡന്‍റ് എന്നിവയുടെ രണ്ടു വീതവും തസ്തികകളാണ് സൃഷ്ടിച്ചത്.


അനുമതിയില്ലാതെ റോഡ് കുഴിച്ചാല്‍ ക്രിമിനല്‍ കേസ്
തിരുവനന്തപുരം: സംസ്ഥാന ഹൈവേയും ജില്ലയിലെ പ്രധാന റോഡുകളും അനുമതിയില്ലാതെ കുഴിച്ച് സഞ്ചാരയോഗ്യമല്ലാതാക്കിയാലും റോഡ് കൈയേറിയാലും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന സ്റ്റേറ്റ് ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട്  കര്‍ശനമായി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 1999 ലെ സ്റ്റേറ്റ് ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് റോഡിനു നാശനഷ്ടം വരുത്തിയാല്‍ ചുമതലയുള്ള എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് പൊലീസില്‍ പരാതി നല്‍കാം.
ഇതിന്‍െറ അടിസ്ഥാനത്തില്‍ പോലീസ് നടപടി സ്വീകരിക്കും. റോഡ് കുത്തിക്കുഴിക്കുന്നവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും ആക്ടില്‍ വ്യവസ്ഥയുണ്ട്. റോഡ്യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിന്‍െറ ഭാഗമായി സംസ്ഥാന ഹൈവേകളും പ്രധാന ജില്ലാ റോഡുകളും സ്റ്റേറ്റ് ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം സംസ്ഥാന ഹൈവേ ആയി പ്രഖ്യാപിച്ച് സംരക്ഷിച്ച് ഉത്തരവിറക്കും.
ദേശീയ ഹൈവേയിലാണ് പ്രശ്നമെങ്കില്‍ എന്‍.എച്ച് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് പൊലീസില്‍ പരാതി നല്‍കാം. സ്റ്റേറ്റ് ഹൈവേയും ജില്ലയിലെ പ്രധാന റോഡുകളുമാണെങ്കില്‍ പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് പൊലീസിനെ സമീപിക്കാന്‍ ആക്ടില്‍ വ്യവസ്ഥയുണ്ട്. റോഡ് സുരക്ഷിതത്വത്തിന്‍െറ പേരിലാണ് നടപടിക്ക് മന്ത്രിസഭ തീരുമാനിച്ചത്. നിലവില്‍ ജല അതോറിറ്റി, ടെലിഫോണ്‍ കമ്പനികള്‍, വൈദ്യുതി ബോര്‍ഡ് അടക്കം സ്ഥാപനങ്ങള്‍ അനുമതി ഇല്ലാതെ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് റോഡ് സുരക്ഷിതത്വത്തിന് നടപടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.