ട്രെയിന്‍ വൈകിയോട്ടത്തില്‍ വലഞ്ഞ് യാത്രക്കാര്‍

പാലക്കാട്: പാളങ്ങളില്‍ തകരാര്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് പാലക്കാട് ഡിവിഷനിലും ട്രെയിനുകളുടെ വേഗം കുറച്ചു. ഡിവിഷനില്‍ 30 ഇടങ്ങളിലാണ് തകരാറുള്ളതായി പെര്‍മനന്‍റ് സെക്ഷന്‍ എന്‍ജിനീയര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ 20ലേറെ സ്ഥലത്തെ തകരാര്‍ ഗൗരവമുള്ളതാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു. തിരുവനന്തപുരം ഡിവിഷനിലെ ട്രെയിനുകളിലെ വൈകിയോട്ടമാണ് മലബാറിലും ട്രെയിനുകളുടെ സമയക്ളിപ്തതയെ പ്രതികൂലമായി ബാധിച്ചത്. എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകളടക്കം വൈകിയോടുന്നത് യാത്രക്കാരെ ഏറെ വലച്ചു.
25 മിനിറ്റു മുതല്‍ ഒരു മണിക്കൂര്‍ വരെയാണ് വൈകുന്നത്. ഇത് വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ ഉള്‍പ്പെടെ പതിവ് യാത്രക്കാരെ ഏറെ വലച്ചു.
കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് 1.15 മണിക്കൂര്‍ വൈകിയാണ് ഷൊര്‍ണൂരിലത്തെിയത്. പരശുറാം ഷൊര്‍ണൂരിലത്തെിയത് 23 മിനിറ്റ് വൈകിയാണ്.

കണ്ണൂര്‍ ജനശതാബ്ദിയും വേണാടും രാവിലെ സമയക്രമം പാലിച്ച് ഷൊര്‍ണൂര്‍ വിട്ടെങ്കിലും തിരിച്ചുള്ള സര്‍വിസുകള്‍ പലതും അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വൈകി. സമയം താളം തെറ്റിയത് നിരവധി യാത്രക്കാര്‍ക്ക് കണക്ഷന്‍ ട്രെയിനുകള്‍ നഷ്ടപ്പെടാനും കാരണമായി.
സെക്ഷന്‍ എന്‍ജിനീയര്‍മാരുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പാലക്കാട് ഡിവിഷനില്‍ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വേഗനിയന്ത്രണമുണ്ടാകുമെന്നാണ് സൂചന.

ഇത് തുടര്‍ന്നുള്ള ദിവസങ്ങളിലും ട്രെയിനുകളുടെ വൈകിയോട്ടത്തിന് കാരണമാകും. പാളം മാറ്റല്‍ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിനാല്‍ അത്രയെളുപ്പം സമയക്രമം പൂര്‍വസ്ഥിതിയിലാകാന്‍ സാധ്യത വിരളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.