മന്ത്രി കെ.സി. ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി

കൊച്ചി: ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെ ചായം തൊട്ടിയില്‍ വീണ നീലക്കുറുക്കനെന്ന് ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച മന്ത്രി കെ.സി. ജോസഫ് ഈമാസം 16ന് വൈകുന്നേരം 3.30ന് ഹൈകോടതിയില്‍ എത്തി കുറ്റപത്രം വാങ്ങണം. അധിക്ഷേപം കോടതിയലക്ഷ്യ നടപടിയായി പരിഗണിച്ചാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് സുനില്‍ തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍െറ  നടപടി.

അഡ്വ. ജനറലിന്‍െറ അനുമതിക്ക് കാത്തുനിന്ന് സമയം കളയാനാവില്ളെന്ന് വ്യക്തമാക്കിയാണ് നടപടിക്ക് ഉത്തരവിട്ടത്. അന്നേ ദിവസം ആരോപണം സംബന്ധിച്ച് മന്ത്രിക്ക് നേരിട്ട് വിശദീകരണം നല്‍കാമെന്നും കോടതി വ്യക്തമാക്കി. ജൂലൈ 24ന് ഫേസ്ബുക്കിലൂടെ മന്ത്രി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ച് വി. ശിവന്‍കുട്ടി എം.എല്‍.എ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.  മുന്‍മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസിന്‍െറ പരിഗണനവേളയില്‍ വിജിലന്‍സിന് സ്വയംഭരണാവകാശം നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും ഇതിന് അമിക്കസ്ക്യൂറിമാരെ നിയമിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടിരുന്നു. അഡ്വക്കറ്റ് ജനറലിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അഭിഭാഷകരില്‍ പലരും അബ്കാരികളുടെ നോമിനികളാണെന്നും കടുത്ത ഭാഷയില്‍ പരാമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് മന്ത്രി ജഡ്ജിക്കെതിരെ പോസ്റ്റിട്ടത്.  
 

സാധാരണ അഡ്വക്കറ്റ് ജനറലിന്‍െറ അനുമതിയോടെയാണ് ക്രിമിനല്‍ കോടതിയലക്ഷ്യഹരജികള്‍ തുടര്‍നടപടിക്ക് എത്താറുള്ളത്. എന്നാല്‍, എ.ജി ഓഫിസിനെതിരായ ജഡ്ജിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് എ.ജിക്ക് അനുകൂലമായി പ്രതികരിച്ച മന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന് അഡ്വക്കറ്റ് ജനറല്‍ അനുമതി നല്‍കില്ളെന്ന് ചൂണ്ടിക്കാണിച്ചാണ് ശിവന്‍കുട്ടി എം.എല്‍.എ ഹരജി നല്‍കിയത്.അഭിപ്രായം അറിയിക്കണമെന്ന നിര്‍ദേശത്തോടെ കോടതി ഹരജി എ.ജിക്ക് വിട്ടു. അടിയന്തര തീരുമാനമെടുക്കാന്‍ സെപ്റ്റംബര്‍ 30ന് അന്തിമ നിര്‍ദേശവും നല്‍കി. എന്നാല്‍, എ.ജി നിലപാട് വ്യക്തമാക്കാത്തതിനത്തെുടര്‍ന്ന് തിങ്കളാഴ്ച ഒരുദിവസം കൂടി സമയം നല്‍കിയ കോടതി ഹരജി ചൊവ്വാഴ്ച പരിഗണിക്കുകയായിരുന്നു.

തീരുമാനമെടുക്കാന്‍ കൂടുതല്‍ സാവകാശം നല്‍കണമെന്ന് അഡ്വ. ജനറലിനുവേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ളീഡര്‍ ആവശ്യപ്പെട്ടു. മന്ത്രി മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും ഹരജിക്കാരന്‍െറ അസാന്നിധ്യമാണ് തീരുമാനം വൈകിപ്പിക്കുന്നതെന്നുമായിരുന്നു ഗവ. പ്ളീഡറുടെ വാദം. എന്നാല്‍, കോടതിയലക്ഷ്യമെന്ന് തോന്നുന്ന പരാതികള്‍ വിലയിരുത്തി കോടതിയുടെ പരിഗണനക്ക് കൈമാറുകയെന്ന ദൗത്യം മാത്രമാണ് എ.ജിക്കുള്ളത്. തെളിവുകളില്‍നിന്ന് പ്രഥമദൃഷ്ട്യാ ക്രിമിനല്‍ കോടതിയലക്ഷ്യം നടന്നെന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.