ശാസ്ത്രജ്ഞനെ ക്ഷണിച്ചു വരുത്തി കാര്‍ഷിക സര്‍വകലാശാല അപമാനിച്ചു

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലാ ഭരണസമിതിയിലേക്ക് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് പുതിയ പ്രതിനിധിയെ നിയോഗിച്ച വിവരം പൂഴ്ത്തിവെച്ച് പഴയ പ്രതിനിധിയെ ക്ഷണിച്ചു വരുത്തി വൈസ് ചാന്‍സലറും രജിസ്ട്രാറും അപമാനിച്ചു. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്‍െറ ഡയറക്ടര്‍ ഡോ. എം. ആനന്ദരാജാണ് ശനിയാഴ്ച മണ്ണുത്തിയിലെ സര്‍വകലാശാലാ ആസ്ഥാനത്ത് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ അപമാനിതനായത്.
ഡോ. ആനന്ദരാജിന്‍െറ കാലാവധി കഴിഞ്ഞ വിവരം ഭരണസമിതി യോഗത്തില്‍  ഇടതുപക്ഷ പ്രതിനിധി വി.എസ്. സത്യശീലന്‍ ഉന്നയിച്ചപ്പോഴാണ് സംഭവം  അറിഞ്ഞത്. തര്‍ക്കത്തിന് നില്‍ക്കാതെ ഡോ. ആനന്ദരാജ് ഇറങ്ങിപ്പോയി. വി.സിക്കു വേണ്ടി രജിസ്ട്രാര്‍ അയച്ച അറിയിപ്പു പ്രകാരം ഡല്‍ഹിയില്‍നിന്നാണ് ഡോ. ആനന്ദരാജ് ജനറല്‍ കൗണ്‍സിലില്‍ പങ്കെടുക്കാനത്തെിയത്.

2012 ഡിസംബര്‍ ഏഴിനാണ് മൂന്ന് വര്‍ഷത്തേക്ക് ഡോ. ആനന്ദ്രാജിനെ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍   പ്രതിനിധിയായി  കാര്‍ഷിക സര്‍വകലാശാലാ ഭരണസമിതിലേക്ക് നാമനിര്‍ദേശം ചെയ്തത്. അദ്ദേഹത്തിന്‍െറ കാലാവധി 2015 ഡിസംബര്‍ ആറിന് അവസാനിക്കുമെന്ന് കാണിച്ച് സര്‍വകലാശാല വിജ്ഞാപനവും ഇറക്കിയിരുന്നു. കാലാവധി പൂര്‍ത്തിയാകുന്ന തീയതി വെച്ച് വിജ്ഞാപനം ഇറക്കിയാല്‍ കാലാവധി കഴിയുമ്പോള്‍ അക്കാര്യം കാണിച്ച് മറ്റൊരു വിജ്ഞാപനത്തിന്‍െറ ആവശ്യമില്ല. സുഗന്ധവിള ഗവേഷണ രംഗത്ത് പ്രഗല്ഭനായ ഡോ. ആനന്ദ്രാജിനാകട്ടെ, സര്‍വകലാശാലയുടെ വിജ്ഞാപനത്തെക്കുറിച്ച് വ്യക്തമായ ധാരണയും ലഭിച്ചിരുന്നില്ല.

ആനന്ദ്രാജിന്‍െറ കാലാവധി കഴിഞ്ഞ മുറക്ക് കാര്‍ഷിക ഗവേഷണ കൗണ്‍സില്‍, കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയില്‍നിന്നുള്ള ഒരാളെ പുതിയ പ്രതിനിധിയായി ഒരു മാസം മുമ്പ് നിശ്ചയിക്കുകയും അക്കാര്യം സര്‍വകലാശാലയെ അറിയിക്കുകയും ചെയ്തെങ്കിലും ആ വിവരം വി.സി മറച്ചുവെച്ചു. ഐ.സി.എ.ആര്‍ ഇതു സംബന്ധിച്ച് രണ്ട് കത്തുകള്‍ സര്‍വകലാശാലയിലേക്ക് അയച്ചിട്ടുണ്ട്. പുതിയ പ്രതിനിധിയെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം ഇറക്കുന്നതിനു പകരം ഡോ. ആനന്ദ്രാജിനത്തെന്നെ യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയും ചെയ്തു. കഴിഞ്ഞ മാസം 25ന് ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.

ശനിയാഴ്ച ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ സത്യശീലന്‍ ഇക്കാര്യം ഉന്നയിച്ചപ്പോഴാണ് ഭരണസമിതി പ്രതിനിധികളായ  തോമസ് ഉണ്ണിയാടനും എം.പി. വിന്‍സെന്‍റും ഉള്‍പ്പെടെയുള്ളവര്‍ വിവരം അറിയുന്നത്. ഇതോടെ വൈസ് ചാന്‍സലര്‍ ന്യായങ്ങള്‍ നിരത്തി. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍നിന്ന് സര്‍വകലാശാലാ ഭരണസമിതിയില്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്നവര്‍ക്ക് കാലാവധി കഴിഞ്ഞാല്‍ മൂന്നു മാസം കൂടി തുടരാന്‍ അനുവാദമുണ്ടെന്നും അത് ഡോ. ആനന്ദ്രാജിന്‍െറ കാര്യത്തിലും ബാധകമാണെന്ന് അദ്ദേഹം വാദിച്ചു. തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെ അംഗത്വ കാലാവധി കഴിഞ്ഞാലാണ് മൂന്നു മാസം കൂടി സര്‍വകലാശാലയില്‍ തുടരാന്‍ അനുവദിക്കുന്നതെന്നും ഡോ. ആനന്ദ്രാജ് കഴിഞ്ഞ ഡിസംബര്‍ ആറ് മുതല്‍ ഭരണസമിതിയില്‍ ഇല്ളെന്നും സത്യശീലന്‍ പറഞ്ഞു. അദ്ദേഹത്തെ യോഗത്തില്‍ പങ്കെടുപ്പിച്ചാല്‍ നിയമപരമായി ചോദ്യം ചെയ്യുമെന്നും ചില പ്രതിനിധികള്‍ പറഞ്ഞു.

ഇതോടെ ഡോ. ആനന്ദ്രാജ് സ്വമേധയാ ഇറങ്ങിപ്പോയി. മികച്ച കാര്‍ഷിക ശാസ്ത്രജ്ഞന് ഇത്തരത്തില്‍ അപമാനമേല്‍ക്കാന്‍ സര്‍വകലാശാലാ അധികൃതരാണ് വഴിവെച്ചതെന്ന് പ്രതിനിധികളില്‍ ചിലര്‍ യോഗത്തില്‍ കുറ്റപ്പെടുത്തുകയും ചെയ്തു. സര്‍വകലാശാലയുടെ ക്ഷണം ലഭിച്ചിട്ടാണ് പങ്കെടുക്കാന്‍ എത്തിയതെന്നും കാലാവധി കഴിഞ്ഞുവെന്ന് മനസ്സിലാക്കി  യോഗത്തില്‍നിന്ന് ഇറങ്ങി പോന്നെന്നും  ഡോ. ആനന്ദ്രാജ് ‘മാധ്യമ’ത്തോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.