രാഷ്ട്രീയത്തിൽ എല്ലാവരെയും വിശ്വസിക്കാൻ കഴിയില്ല -മാണി

കോട്ടയം: രാഷ്ട്രീയത്തിൽ പലരെയും വിശ്വസിക്കാൻ കഴിയില്ലെന്ന് മുൻ ധനമന്ത്രി കെ.എം മാണി. നമ്പാൻ കഴിയുന്നത് കുഞ്ഞാലിക്കുട്ടിയെ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്രയുടെ സ്വീകരണ വേദിയിലാണ് മാണി ഇക്കാര്യം പറഞ്ഞത്.

കെട്ടിപ്പിടിച്ച് പുണരുകയും കുതികാൽവെട്ടുകയും ചെയ്യുന്നവരുണ്ട്. ഇവരുടെ ഇടയിൽ കുഞ്ഞാലിക്കുട്ടിയെ മാത്രം വിശ്വസിക്കാം. കൂടെ നിന്നാൽ ചതിക്കില്ല. അദ്ദേഹത്തിന് രണ്ടു മുഖങ്ങളുമില്ലെന്നും മാണി പറഞ്ഞു. ഇതാദ്യമായാണ് പൊതുവേദിയിൽ മാണി കോൺഗ്രസിനെതിരെ ഒളിയമ്പുമായി രംഗത്തു വന്നത്.

സ്നേഹത്തിന് പകരം അട്ടിമറി രാഷ്ട്രീയമാണ് നടക്കുന്നത്. 10 കോടി വാഗ്ദാനം ചെയ്ത് സരിതയെ ഉപയോഗപ്പെടുത്തി യു.ഡി.എഫ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും പിണറായിയുടെയും മോഹം നടക്കില്ല. അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. സി.പി.എമ്മിന്‍െറ അടിത്തറ നഷ്ടമായി ആളുകള്‍ കൊഴിഞ്ഞുപോകുകയാണ്. അംഗങ്ങള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുപോയെന്ന് സംസ്ഥാന കമ്മിറ്റിയുടെ പ്രമേയത്തില്‍ പറയുന്നുണ്ട്. വിഴിഞ്ഞം തുറമുഖം, സ്മാര്‍ട്ട്സിറ്റി, കൊച്ചിമെട്രോ, മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള നിരവധി വികസനങ്ങളുടെ പെരുമഴയാണ് യു.ഡി.എഫ് സര്‍ക്കാര്‍ സാധ്യമാക്കിയത്. ഫസല്‍ വധക്കേസിലെ പ്രതികളായ കരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സി.പി.എം പൂജിക്കുകയാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി കിരാതമായ വ്യവസ്ഥിതിയിലേക്ക് പോകുന്നുവെന്നതിന്‍െറ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.