യുവജനങ്ങളെ അണിനിരത്തിയുള്ള രാഷ്ട്രീയ മുന്നേറ്റത്തിന് എന്‍.എസ്.യു.ഐ ആഹ്വാനം

അങ്കമാലി: യുവജനങ്ങളെ അണിനിരത്തി രാജ്യത്ത് പുതിയൊരു രാഷ്ട്രീയ മുന്നേറ്റത്തിന് അങ്കമാലിയില്‍ നടക്കുന്ന എന്‍.എസ്.യു.ഐ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ ആഹ്വാനം. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ യുവാക്കളെ അണിനിരത്തി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ പല സംസ്ഥാനങ്ങളിലും മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചതിന്‍െറ സൂചനകളാണ് എ.ഐ.സി.സി ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ബുധനാഴ്ച കറുകുറ്റി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന എന്‍.എസ്.യു.ഐ ദേശീയ നിര്‍വ്വാഹക സമിതിയുടെ സമ്മേളനത്തില്‍ പ്രധാനമായും ഊന്നിപ്പറഞ്ഞത്.

യുവാക്കളിലെ ഐക്യ നിരയും, നേതൃപാഠവും, രാഷ്ട്രീയ വളര്‍ച്ചയും, ആദര്‍ശ ധീരതയും, മൂല്യങ്ങളും, അനുഭവങ്ങളും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു. അഭിപ്രായ ഭിന്നതകള്‍ക്കും ഒരു പരിധി വരെ യുവ നേതൃത്വം പരിഹാരമാകുമെന്നുമായിരുന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം. ഇന്ത്യന്‍ ഭൂമിക ഇപ്പോഴും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍െറ വളക്കൂറാണെന്നും, യുവാക്കള്‍ ഐക്യപ്പെട്ടാല്‍ പ്രതീക്ഷകള്‍ക്കപ്പുറം വിജയ പാതയിലത്തൊനാകുമെന്നും രാഹുല്‍ ഗാന്ധി സൂചിപ്പിച്ചു. ജനങ്ങളിപ്പോഴും  കോണ്‍ഗ്രസിന്‍െറ വരവിന് വേണ്ടി  മുറവിളി  കുട്ടുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വേണ്ടി മാത്രമല്ല ശ്രമം നടത്തേണ്ടത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അത്തരത്തില്‍ ഐക്യവും വിശാലതയും ആത്മാര്‍ഥതയും, കഠിനദ്ധ്വാനവും ഉണ്ടെങ്കില്‍ മാത്രമെ പാര്‍ട്ടിക്കും യുവനേതാക്കള്‍ക്കും അധികാരത്തില്‍ തിരികെ വരാന്‍ സാധിക്കുകയുള്ളുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. വിവരവും ഉണര്‍വും മറ്റ് പല കഴിവുകളുമുള്ള ഒട്ടേറെ യുവാക്കള്‍ എന്‍.എസ്.യു വിലുണ്ട്. അവര്‍ക്കെല്ലാം അര്‍ഹമായ പരിഗണന നല്‍കും. മല്‍സരിക്കാന്‍ അവസരം നല്‍കിയ എന്‍.എസ്.യു പ്രവര്‍ത്തകര്‍ പല സംസ്ഥാനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചു. അതിനാല്‍ അടുത്ത തെരഞ്ഞെടുപ്പുകളില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്നുമുള്ള രാഹുലിന്‍െറ ആഹ്വാനം ഹര്‍ഷാരവത്തോടെയാണ് വിദ്യാര്‍ഥി സമൂഹം എതിരേറ്റത്.

സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തിയ എന്‍.എസ്.യു.ഐ ദേശീയ അധ്യക്ഷന്‍ റോജി എം. ജോണും യുവാക്കളുടെ വരവ് മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് ആഹ്വാനം ചെയ്തത്. അതോടൊപ്പം  വിദ്യാഭ്യാസം കാവ്യവല്‍ക്കരിക്കാനുള്ള മോദി സര്‍ക്കാരിന്‍െറ വര്‍ഗീയ, തീവ്രവാദ നയങ്ങളെ രാജ്യ നിവാസികളെ അണിനിരത്തി ചെറുത്ത് തോല്‍പ്പിക്കുന്നതിനും, യുവാക്കളുടെ നേതൃ നിരയയായിരിക്കും പാര്‍ട്ടിക്കും, പോഷക സംഘടനകള്‍ക്കും ഗുണകരമാവുകയെന്നും റോജി പറഞ്ഞു. നമ്മുടെ പൂര്‍വ്വികര്‍ ഐക്യത്തോടെ കെട്ടിപ്പടുത്ത രാജ്യത്തിന്‍െറ പാവനമായ  സംസ്ക്കാരങ്ങള്‍ മോദിയുടെ നേതൃത്വത്തിലുള്ള സംഘ് പരിവാര്‍ സംഘം ഓരോന്നായി ഇല്ലാതാക്കി വരികയാണ്. മതഭ്രാന്ത് മൂത്ത കേന്ദ്ര ഭരണകൂടം, അനുയായികളെ ആവേശം കൊള്ളിക്കുകയാണ്. ന്യൂനപക്ഷ അവകാശങ്ങള്‍ ഓരോന്നായി ചവുട്ടി മെതിക്കപെടുന്നു. ജാതിയും, മതവും മാത്രമാണ് അവര്‍ പറയുന്നത്. രാജ്യനിവാസികളെ വിവിധ ചേരികളിലാക്കി രാഷ്ട്രീയ ലാഭത്തിന് വേണ്ടി തരം താണ ചെയ്തികള്‍ നടപ്പാക്കുന്നു. ഭരണകൂട ഭീകരത തഴച്ച് വളരുമ്പോള്‍ എന്‍.എസ്.യുവിനെ പോലുള്ള ദേശീയ വിദ്യാഭ്യാസ പ്രസ്ഥാനങ്ങള്‍ക്ക് കയ്യും കെട്ടി നോക്കി നില്‍ക്കാനാകില്ല. ഇവിടെ ഹിന്ദുവും, മുസല്‍മാനും,ക്രൈസ്തവനും അടക്കം എല്ലാ ജനവിഭാഗങ്ങളും ഒരു മാലയില്‍ കോര്‍ത്ത മുത്തുകളായി ജീവിക്കണമെന്നും റോജി ആവശ്യപ്പെട്ടു.

സമ്മേളനത്തിന്‍െറ സമാപനം ഇന്ന് അങ്കമാലി ജി.ബി.പാലസില്‍ ആരംഭിച്ചു. കഴിഞ്ഞ മാസം 29ന് കോവളത്ത് ആഗോള വിദ്യാഭ്യാസ സമ്മേളനത്തിനത്തെിയപ്പോള്‍ എസ്.എഫ്.ഐ നേതാവിന്‍െറ ക്രൂര മര്‍ദ്ദനത്തിനിരയായ മുന്‍ അംബാസഡറും, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടി.പി.ശ്രീനിവാസനായിരിക്കും സമ്മേളനത്തിലെ മുഖ്യാതിഥി. ജാതി വിവേചനത്തിന്‍െറ ഇരയായി ജീവിതമൊടുക്കേണ്ടി വന്ന രോഹിത് വെമുലയുടെ സഹപാഠികളായിരുന്ന ഹൈദരാബാദ് സെന്‍റര്‍ യൂനിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥികളും അംബേദ്ക്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളും പൂനൈ ഫിലിം സൊസൈറ്റിയില്‍ സമരമുഖത്തുള്ള യൂദേന്ത്ശ്രീ മിശ്രയും സുഹൃത്തുക്കളും, വിവിധ സംസ്ഥാനങ്ങളില്‍ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ വിജയിച്ച എന്‍.എസ്.യു പ്രതിനിധികള്‍, ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങള്‍, കെ.എസ്.യു.സംസ്ഥാന നേതാക്കള്‍, മറ്റ് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അടക്കം 200ഓളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ ഇതാദ്യമായാണ് എന്‍.എസ്.യു.ഐ ദേശീയ സമ്മേളനം നടക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.