തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ ഡി.ജി.പിയായുള്ള സ്ഥാനക്കയറ്റം സ്വാഭാവിക നടപടിയെന്ന് മന്ത്രി ജി.ആർ അനിൽ. മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനമാണെന്നും ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി ജി.ആർ അനിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
തൃശൂർ പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനം, ആർ.എസ്.എസ് ദേശീയ നേതാവുമായുള്ള കൂടിക്കാഴ്ച അടക്കം ഗുരുതര വിഷയങ്ങളിൽ പ്രതിസ്ഥാനത്തുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെയാണ് ഡി.ജി.പിയാക്കാൻ കേരള സർക്കാർ ശിപാർശ ചെയ്തത്. ചീഫ് സെക്രട്ടറി അധ്യക്ഷയായ പരിശോധന സമിതിയുടെ ശിപാർശക്ക് ഇന്നലെ ചേർന്ന മന്ത്രിസഭ യോഗമാണ് അംഗീകാരം നൽകിയത്.
ഗുരുതര ആരോപണങ്ങളിൽ ആഭ്യന്തര വകുപ്പിന്റെ നാലുതരം അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സംസ്ഥാന പൊലീസിലെ ഉന്നത റാങ്കിലേക്ക് അജിത് കുമാറിനെ നിയോഗിക്കാൻ സർക്കാർ തീരുമാനമെടുത്തത്. 2026ൽ നിതിൻ അഗർവാൾ വിരമിക്കുന്ന ഒഴിവിൽ അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിക്കും.
ജൂണില്‍ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിന്റെ കാലാവധി കഴിയുമ്പോള്‍ കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞ് മടങ്ങുന്ന സുരേഷ് രാജ് പുരോഹിതിന് ഡി.ജി.പി പദവി ലഭിക്കും. സുരേഷ് രാജ് പുരോഹിത് ഡെപ്യൂട്ടേഷൻ കാലാവധി നീട്ടുകയാണെങ്കിൽ മാത്രമേ 2025 ജൂലൈയിലെ ഒഴിവിൽ അജിത് കുമാറിനെ പരിഗണിക്കൂ. അല്ലാത്ത പക്ഷം 2026 ജൂലൈയിൽ നിതിന്‍ അഗര്‍വാള്‍ വിരമിക്കുന്നത് വരെ കാത്തിരിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.