ഭാഷക്ക് വേണ്ടി വികാരവിക്ഷുബ്ധനായ കവി

ഒരു കാലഘട്ടത്തിന്‍െറ ആശയും ആശകളും അഭിലാഷങ്ങളും മനക്ഷോഭങ്ങളും കവിതയിലൂടെ അവതരിപ്പിക്കുകയും അതേസമയംതന്നെ മധുരമനോഹരമായ ഭാഷ സൂക്ഷിക്കുകയും ചെയ്ത കവിയാണ് ഒ.എന്‍.വി. മലയാള ഗാനശാഖയെ സമ്പുഷ്ടമാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമായിരുന്നു. ആ വശ്യവചസ്സ് പണ്ഡിതരും പാമരരുമായ ലക്ഷോപലക്ഷം മലയാളികളുടെ ഹൃദയത്തില്‍ എപ്പോഴും താളവും ഈണവും മീട്ടിക്കൊണ്ടിരിക്കും. നിലപാടുള്ള സാഹിത്യകാരന്‍ എന്ന നിലക്കാണ് ഒ.എന്‍.വി ഏത് കാലത്തും അറിയപ്പെട്ടിട്ടുള്ളത്. ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം എപ്പോഴും ദുര്‍ബലരുടെയും പീഡിതരുടെയും പക്ഷം ചേര്‍ന്നുനിന്നു.

അവസാനകാലത്ത് മലയാള ഭാഷക്ക് വേണ്ടിയുള്ള സമരത്തില്‍ അദ്ദേഹം അങ്ങേയറ്റം വികാരവിക്ഷുബ്ധനായാണ് മുന്‍നിരയില്‍ നിന്നത്. മാതൃഭാഷയുടെ കാര്യം വരുമ്പോള്‍ കള്ളച്ചുരിക തീര്‍ത്ത് കാര്യങ്ങള്‍ തകിടം മറിക്കുന്നവര്‍ക്കെതിരായി ഒ.എന്‍.വി ഐക്യമലയാള പ്രസ്ഥാനം സംഘടിപ്പിച്ച സമരവേദിയില്‍ വെച്ച് പൊട്ടിത്തെറിച്ചിരുന്നു.

ഈ ഭാഷാസമരത്തില്‍ നിരാഹാര സത്യഗ്രഹത്തിനായി ഞാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ തുഞ്ചത്താചാര്യന്‍െറ ആത്മാവാണ് രാമനുണ്ണിയെ ഈ കാര്യത്തിന് അയച്ചതെന്ന് പറഞ്ഞ് അദ്ദേഹം വാരിപ്പുണര്‍ന്നത് ഇപ്പോഴും ഓര്‍ക്കുന്നു. രണ്ടാംദിവസം സര്‍ക്കാറിന്‍െറ ഉറപ്പിന്‍െറ ബലത്തില്‍ നിരാഹാരസമരം പിന്‍വലിച്ചപ്പോള്‍ തീരെ അവശനായിരുന്നിട്ടും അദ്ദേഹം സമരപന്തലിലത്തെി പ്രൗഢോജ്ജ്വലമായ പ്രസംഗം നടത്തി. ഐക്യമലയാള പ്രസ്ഥാനത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പോഴും താങ്ങും തണലുമായി നിലയുറപ്പിച്ചു. മലയാള ഭാഷാബില്ല് അവതരിപ്പിക്കാമെന്ന ഉറപ്പ് സര്‍ക്കാറിന് തരേണ്ടി വന്നത് ഒ.എന്‍.വിയും സുഗതകുമാരിയുമെല്ലാം ചെലുത്തിയ ധാര്‍മിക നിര്‍ബന്ധം കൊണ്ടുകൂടിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.