ഒരുവട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം...

തിരുവനന്തപുരം: ഒരുകാലത്ത് കവിതകള്‍കൊണ്ട് തങ്ങളെ വിളിച്ചുണര്‍ത്തിയ ഗുരുനാഥന്‍ തൊട്ടപ്പുറത്ത് എല്ലാം മറന്ന ഉറക്കത്തിലേക്ക് വഴുതിവീണപ്പോള്‍ യൂനിവേഴ്സിറ്റി കോളജിലെ ക്ളാസ് മുറികള്‍ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. വി.ജെ.ടി ഹാളില്‍ തനിക്കായി തീര്‍ത്ത മത്തെയില്‍ കവിതകള്‍ കേട്ട് ഒന്നുമറിയാതെ അസ്തമയത്തിലേക്ക് മടങ്ങുന്ന കാവ്യസൂര്യന്‍െറ ഓര്‍മകള്‍ക്ക് മുന്നില്‍ അശ്രുപൂജയോടെ ചരിത്രകാമ്പസ് തലതാഴ്ത്തി.

1953 മുതലാണ് ഒ.എന്‍.വിയും യൂനിവേഴ്സിറ്റി കോളജും തമ്മിലെ ഹൃദയബന്ധം ആരംഭിക്കുന്നത്. 52ല്‍ കൊല്ലം എസ്.എന്‍ കോളജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം മലയാളത്തില്‍ ബിരുദാനന്തര ബിരുദമെന്ന സ്വപ്നവുമായാണ് എ.ആര്‍. രാജരാജവര്‍മയും ആറ്റൂരും ഗോദവര്‍മയുമൊക്കെ ഊതിക്കാച്ചിയ മലയാള വിഭാഗത്തിലേക്ക് കവി എത്തുന്നത്.

ബിരുദാനന്തര ബിരുദം നേടി 1957ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായി ചേര്‍ന്നെങ്കിലും  ഒ.എന്‍.വി വീണ്ടും യൂനിവേഴ്സിറ്റി കോളജിലേക്ക് അധ്യാപകനായി മടങ്ങിയത്തെി. 58ല്‍ യൂനിവേഴ്സിറ്റി കോളജില്‍ മലയാളം അധ്യാപകനായി പ്രവേശിച്ച അദ്ദേഹം പിന്നീട് തലശ്ശേരി ബ്രണ്ണന്‍ കോളജിലും ഗവ. വിമന്‍സ് കോളജിലും അധ്യാപകനായി ജോലിചെയ്തെങ്കിലും ഇതിനെല്ലാം അപ്പുറമായിരുന്നു ഒ.എന്‍.വിക്ക് യൂനിവേഴ്സിറ്റി കോളജും മലയാളം വിഭാഗവും.

കൊല്ലം ചവറയിലെ ജീവിതത്തില്‍നിന്ന് പകര്‍ന്നുകിട്ടിയ ഗ്രാമീണസൗന്ദര്യമാണ് തുടക്കത്തില്‍ ഒ.എന്‍.വി കവിതകളില്‍ നിറഞ്ഞതെങ്കില്‍ പില്‍ക്കാലത്ത് അത് നഗരകേന്ദ്രീകൃതമായതിന് പിന്നില്‍ തിരുവനന്തപുരവും യൂനിവേഴ്സ്റ്റി കോളജായിരുന്നു. തന്‍െറ കവിതകള്‍ ‘പടപ്പാട്ടുകള്‍’ ആണെന്ന് പറഞ്ഞ വിമര്‍ശകരുടെ വായടപ്പിച്ച് ‘മയില്‍പ്പീലിയും’ ‘ഒരു തുള്ളി വെളിച്ചവും’ ‘വാടക വീട്ടിലെ ഈ വനജ്യോത്സ്ന’ യുമൊക്കെ യൂനിവേഴ്സിറ്റി കോളജില്‍നിന്ന് മലയാളക്കരയിലേക്ക് പാറിപ്പറന്നു.

തന്‍െറ കാവ്യജീവിതത്തിന് മാറ്റമുണ്ടാക്കിയത് യൂനിവേഴ്സിറ്റി കോളജിലെ അധ്യാപക ജീവിതമായിരുന്നുവെന്ന് ഒ.എന്‍.വി ഒരിക്കല്‍ പറഞ്ഞതും ഈ പശ്ചാത്തലത്തിലായിരുന്നു. ക്ളാസ് മുറികളില്‍ ഒ.എന്‍.വി ഒരു പണ്ഡിതനായിരുന്നില്ല. പകരം ഒരു കവിയായിരുന്നു. കവിതകള്‍ ചൊല്ലി പഠിക്കണമെന്ന് അദ്ദേഹം ശഠിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.