തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഫെബ്രുവരി 29ന് ആദ്യ വിമാനമിറങ്ങും. കോഡ്-ബി എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചാകും പരീക്ഷണ പറക്കല്‍. സെപ്റ്റംബറോടെ വാണിജ്യാടിസ്ഥാനത്തില്‍ വിമാനത്താവളം പ്രവര്‍ത്തിക്കുമെന്ന് മന്ത്രി കെ. ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചട്ടം 300 പ്രകാരം നിയമസഭയില്‍ അദ്ദേഹം ഈ വിഷയത്തില്‍ പ്രത്യേക പ്രസ്താവന നടത്തുകയും ചെയ്തു.
2400 മീറ്റര്‍ റണ്‍വേയാണ് പൂര്‍ത്തിയായിരിക്കുന്നത്. മംഗലാപുരം വിമാനത്താവളത്തിലെ റണ്‍വേയുടെ ദൂരത്തിന് തുല്യമാണിത്. 3400 മീറ്റര്‍ റണ്‍വേ പൂര്‍ത്തിയാക്കാനിരുന്നതാണെങ്കിലും തുടര്‍ച്ചയായ മഴ, പ്രാദേശിക തലത്തില്‍ ഉണ്ടായ തടസ്സം, അനുമതി വൈകിയത് അടക്കമുള്ള കാരണങ്ങള്‍കൊണ്ടാണ് പരീക്ഷണ പറക്കല്‍ താമസിച്ചത്. സംസ്ഥാനത്തിന്‍െറ സ്വപ്ന പദ്ധതിയായ കണ്ണൂര്‍ ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവള നിര്‍മാണം75 ശതമാനം പൂര്‍ത്തിയായതായും മന്ത്രി പറഞ്ഞു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അധികൃതര്‍ ജനുവരി 30ന് വിമാനത്താവളത്തില്‍ സാങ്കേതിക പരിശോധന നടത്തിയിരുന്നു. പരീക്ഷണ പറക്കലിന് അനുമതിയും ലഭിച്ചു. യാത്രക്കാര്‍ കയറുന്ന തലത്തിലാകില്ല പരീക്ഷണം.
സാധാരണ വിമാനത്താവള നിര്‍മാണത്തിന് അഞ്ചുവര്‍ഷം വരെ വേണ്ടിവരുമെങ്കിലും റെക്കോഡ് വേഗത്തിലാണ് കണ്ണൂരില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. 1892 കോടി രൂപയാണ് ചെലവ്. രണ്ട് ഘട്ടമുള്ള പദ്ധതിയില്‍ ആദ്യ ഘട്ടം 2016-17 മുതല്‍ 2025-26 വരെയും രണ്ടാംഘട്ട വികസനം 2026-27 മുതല്‍ 2045-46 വരെയുമാണ് ഉദ്ദേശിക്കുന്നത്.
ഒന്നാംഘട്ടത്തില്‍ യു.എ.ഇ, കുവൈത്ത്, സൗദി, ഹോങ്കോങ്, സിംഗപ്പൂര്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലെ പ്രധാന വിമാനക്കമ്പനികള്‍ എത്താന്‍ സൗകര്യം ഒരുക്കും. ഒന്നാം ഘട്ടത്തില്‍തന്നെ റണ്‍വേയുടെ നീളം 3400 മീറ്ററായി വര്‍ധിപ്പിക്കും. രണ്ടാം ഘട്ടത്തില്‍ പാസഞ്ചര്‍ ടെര്‍മിനലിന്‍െറ ശേഷി, ഏപ്രണ്‍, ഇതര സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, റണ്‍വേ 4000 മീറ്ററാക്കല്‍ എന്നിവയാണ് വിഭാവനം ചെയ്യുന്നത്. വിമാനത്താവളത്തിനു വേണ്ട അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. സ്വകാര്യ മേലഖക്ക് 35 ശതമാനം ഓഹരി മാത്രമേയുള്ളൂ. ബാക്കി സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ്. എം.എ. യൂസുഫലി അടക്കം രണ്ടുപേര്‍ 25 കോടി മുതല്‍ മുടക്കിയിട്ടുണ്ട്. ഇവര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ വരുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.