കാന്തപുരത്തിന്‍െറ ബഹുജനസംഘടന: നയപ്രഖ്യാപനം ശനിയാഴ്ച

കോഴിക്കോട്: സുന്നി കാന്തപുരം വിഭാഗം പുതുതായി രൂപവത്കരിച്ച ബഹുജനസംഘടനയായ കേരള മുസ്ലിം ജമാഅത്ത് മത-രാഷ്ട്രീയനയം പ്രഖ്യാപിക്കുന്നു. 27ന് ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന സമ്മേളനത്തിലാണ് സംഘടനയുടെ നയം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ വ്യക്തമാക്കുക. സംഘടനയുടെ സംസ്ഥാന ഭാരവാഹികളെയും അന്ന് പ്രഖ്യാപിക്കും. മുന്നോടിയായി സംഘടനയുടെ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗവും അന്ന് രാവിലെ കോഴിക്കോട്ട് നടക്കും.
കഴിഞ്ഞ ഒക്ടോബര്‍ 10ന് മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനത്തിലാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ കേരള മുസ്ലിം ജമാഅത്ത് എന്ന സംഘടനയുടെ പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് കഴിഞ്ഞമാസങ്ങളില്‍ സംഘടനക്ക് ശാഖാതലംതൊട്ട് ജില്ലാ കമ്മിറ്റികള്‍വരെയുള്ള ഘടകങ്ങള്‍ രൂപവത്കരണം നടന്നുവരുകയായിരുന്നു. 13 ജില്ലകളില്‍ ഇതിനകം ജില്ലാ കമ്മിറ്റികളായി. ശേഷിക്കുന്ന എറണാകുളം ജില്ലാ കമ്മിറ്റി വ്യാഴാഴ്ച രൂപവത്കരിക്കും. 2000 അംഗങ്ങള്‍ക്ക് ഒരു സംസ്ഥാന കൗണ്‍സിലര്‍ എന്ന രീതിയിലാണ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ രൂപവത്കരിച്ചത്.
സുന്നി യുവജനസംഘമായിരുന്നു ഇതുവരെ ഈ വിഭാഗത്തിന്‍െറ ബഹുജനസംഘടന. ഇതുകൊണ്ടുതന്നെ 60ഉം 70ഉം വയസ്സിന് മുകളിലുള്ളവരാണ് ഏറെയും ഭാരവാഹിത്വത്തിലുണ്ടായിരുന്നത്. ഈ അനൗചിത്യം മാറ്റിയെടുക്കാനാണ് കേരള മുസ്ലിം ജമാഅത്ത് എന്നപേരില്‍ ബഹുജനസംഘടന രൂപവത്കരിക്കുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി. സുന്നി യുവജനസംഘത്തിന്‍െറ പ്രായപരിധി 50ആക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തി വോട്ടവകാശം ലഭിക്കുന്ന 18ന് മുകളിലുള്ളവര്‍ക്കാണ് മുസ്ലിം ജമാഅത്തില്‍ അംഗത്വം നല്‍കുക. സ്ത്രീകള്‍ക്ക് അംഗത്വം ആലോചിച്ചിട്ടില്ളെന്ന് സുന്നി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. മുസ്ലിം ജമാഅത്തിന്‍െറ കീഴില്‍ ട്രേഡ് യൂനിയന്‍, സര്‍വിസ് സംഘടന, വ്യാപാര-വാണിജ്യസംഘടന എന്നിവയും പരിഗണനയിലുണ്ടെന്നാണ് അറിയുന്നത്.
രാഷ്ട്രീയസംഘടനയായിട്ടല്ല കേരള മുസ്ലിം ജമാഅത്ത് രൂപവത്കരിക്കുന്നതെങ്കിലും രാഷ്ട്രീയവിലപേശലിനും സാന്നിധ്യമറിയിക്കുന്നതിനും ഈ സംഘശക്തി ഉപയോഗപ്പെടുത്താനാണ് കാന്തപുരത്തിന്‍െറ നീക്കം. നയപ്രഖ്യാപനത്തിന് തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടംതന്നെ തെരഞ്ഞെടുത്തത് രാഷ്ട്രീയതന്ത്രമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത്തേക്കോ വലത്തേക്കോ ചായുമെന്ന് പരസ്യമായി പ്രഖ്യാപിക്കാതെ സൂചനകള്‍ നല്‍കുക മാത്രമാണ് ചെയ്യുക. ഇരുമുന്നണികളുമായി സമ്പര്‍ക്കം പുലര്‍ത്തിവരുകയാണ്. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തത്തെി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമായും മുഖ്യമന്ത്രിയുമായും കാന്തപുരം ചര്‍ച്ച നടത്തിയിരുന്നു. അതിനുമുമ്പ് ഇടതുമുന്നണിനേതാക്കളുമായും സംഭാഷണം നടത്തിയിരുന്നു. എല്ലാം സൗഹൃദ ചര്‍ച്ചയാണെന്നാണ് കാന്തപുരം പറയുന്നതെങ്കിലും ഇരുവിഭാഗത്തിനും മുമ്പാകെ തങ്ങളുടെ ഡിമാന്‍ഡുകള്‍ ഉന്നയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. കോഴിക്കോട് താമരശ്ശേരിക്കടുത്ത കൈതപ്പൊയിലില്‍ സ്ഥാപിക്കുന്ന മര്‍കസ് നോളജ് സിറ്റി അനുമതി ലഭ്യമാക്കലും നേരത്തേ പ്രഖ്യാപിച്ച തിരുശേഷിപ്പ് പള്ളിക്കുള്ള (മസ്ജിദ് ആസാര്‍) തടസ്സങ്ങള്‍ നീക്കുന്ന കാര്യവും ഇരുമുന്നണി നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.