പട്ടയഭൂമിയിലെ ക്വാറി: ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു

കൊച്ചി: പട്ടയഭൂമിയില്‍ ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു.
 കാര്‍ഷിക-പാര്‍പ്പിട ആവശ്യത്തിന് നല്‍കിയ പട്ടയഭൂമിയില്‍ ഖനനം നടത്താന്‍ അനുമതി നല്‍കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയ 2015 നവംബര്‍ 11ലെ ഉത്തരവാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് സ്റ്റേ ചെയ്തത്.
ഭൂമി പതിച്ചുനല്‍കല്‍ നിയമപ്രകാരവും വനസംരക്ഷണ നിയമപ്രകാരവും പട്ടയഭൂമിയില്‍ ഖനനത്തിന് അനുമതി നല്‍കാനാവില്ളെന്നും പട്ടയവ്യവസ്ഥകള്‍ ലംഘിച്ചതിന് നടപടികള്‍ നേരിടുന്ന ക്വാറി ഉടമകളെ സഹായിക്കാനാണ് സര്‍ക്കാറിന്‍െറ ഉത്തരവെന്നും ആരോപിച്ച് എറണാകുളം അയ്യമ്പുഴ സ്വദേശി മനു ആനന്ദ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.  
കോടതി ഉത്തരവിലൂടെ ഉള്‍പ്പെടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവന്നവയും പ്രവര്‍ത്തനം തുടരാന്‍ ആഗ്രഹിക്കുന്നവയുമായ പട്ടയഭൂമിയിലെ ക്വാറി ഉടമകള്‍ അപേക്ഷ നല്‍കിയാല്‍ പരിശോധിച്ച് അനുമതി നല്‍കാന്‍ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് ചുമതല നല്‍കുന്ന ഉത്തരവാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ക്വാറികള്‍, ക്രഷറുകള്‍, എം സാന്‍ഡ് യൂനിറ്റുകള്‍ എന്നിവക്കാണ് ഇപ്രകാരം പ്രവര്‍ത്തനാനുമതി ലഭിക്കുക.
നിയമലംഘനത്തിന്‍െറ പേരില്‍ നടപടി നേരിടുന്ന അയ്യമ്പുഴയിലെ എയ്ഞ്ചല്‍ ഗ്രാനൈറ്റ്സിന് വീണ്ടും തുറന്നുപ്രവര്‍ത്തിക്കാന്‍ ഉത്തരവ് കാരണമായതായി ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.  കേസ് പിന്നീട് പരിഗണിക്കാന്‍ മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.