ജനരക്ഷായാത്ര ബഹിഷ്കരിച്ച മുല്ലപ്പള്ളിയുടെ നടപടി വിവാദത്തിൽ

കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ നയിക്കുന്ന ജനരക്ഷായാത്രയിൽ നിന്ന് വിട്ടുനിന്ന വടകര എം.പി മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നടപടി വിവാദത്തിൽ. യാത്രക്ക് സ്വീകരണം നൽകുന്ന കേന്ദ്രങ്ങളിലെ എം.എൽ.എമാരും എം.പിമാരും പരിപാടിയിൽ പങ്കെടുക്കണമെന്ന് കെ.പി.സി.സി കർശന നിർദേശം നൽകിയിരുന്നു. എന്നാൽ, കണ്ണൂർ ചോമ്പാലയിലെ വീട്ടിൽ ഉണ്ടായിട്ടും മുല്ലപ്പള്ളി പരിപാടിയിൽ പങ്കെടുത്തില്ല. മുതിർന്ന നേതാവായ മുല്ലപ്പള്ളി തന്നെ പാർട്ടി നിർദേശം ലംഘിച്ചതിന് കെ.പി.സി.സി വിശദീകരണം തേടിയേക്കുമെന്നാണ് റിപ്പോർട്ട്.

വടകരയിലെ പരിപാടിയിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവമാണെന്ന് മുല്ലപ്പള്ളി മനോരമ ന്യൂസിനോട് പറഞ്ഞു. ഒന്നിനും കൊള്ളാത്തവരെ വി.എം സുധീരൻ ഡി.സി.സികളിൽ തിരുകി കയറ്റി. പാർട്ടി പുനഃസംഘടനയിൽ പൂർണമായി അവഗണിക്കപ്പെട്ടു. തന്നെ വേണ്ടാത്ത പാർട്ടിക്കാരോടൊപ്പം ജനരക്ഷായാത്ര നടത്തേണ്ട കാര്യമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ഗ്രൂപ്പ് ഇല്ലാതാക്കാനാണ് സുധീരനെ അധ്യക്ഷനാക്കിയത്. എന്നാൽ, മൂന്നാം ഗ്രൂപ്പ് ഉണ്ടാക്കുകയാണ് സുധീരന്‍റെ ലക്ഷ്യം. ഡി.സി.സി പുനഃസംഘടനയിൽ അത് വ്യക്തമായെന്നും മുല്ലപ്പള്ളി ആരോപിക്കുന്നു. എന്നാൽ, പുനഃസംഘടനയിൽ താൻ നിർദേശിച്ചവർക്ക് മതിയായ പ്രാതിനിധ്യം ലഭിക്കാത്തതാണ് മുല്ലപ്പള്ളിയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

അതേസമയം, പാർട്ടി നിർദേശം ലംഘിച്ച മുല്ലപ്പള്ളിയോട് വിശദീകരണം ചോദിക്കേണ്ടെന്ന നിലപാടാണ് വി.എം സുധീരന്. മറ്റ് തിരക്കുകൾ ഉള്ളതിനാലാകാം മുല്ലപ്പള്ളി യാത്രയിൽ നിന്ന് വിട്ടുനിന്നതെന്നാണ് കണ്ണൂർ ഡി.സി.സിയുടെ പ്രതികരണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.