പാലക്കാട്: മുന്നണി മാറ്റത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജനതാദള്‍-യു പാലക്കാട് ജില്ലാ നേതൃയോഗം യോഗം അലങ്കോലപ്പെട്ടു. സംസ്ഥാന കമ്മിറ്റി പ്രതിനിധി ചാരുപാറ രവിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് എം.പി. വീരേന്ദ്രകുമാര്‍ അനുകൂലികളും എതിരാളികളും ചേരിതിരിഞ്ഞ് വാക്കേറ്റമുണ്ടായത്. രാവിലെ പത്തരയോടെ തുടങ്ങിയ യോഗം തര്‍ക്കം രൂക്ഷമായതോടെ പലവട്ടം നിര്‍ത്തിവെച്ചു. സംസ്ഥാന കമ്മിറ്റി നിര്‍ദേശപ്രകാരമാണ് മുന്നണിമാറ്റം സംബന്ധിച്ച വിഷയത്തില്‍ പ്രവര്‍ത്തകരുടെ ഹിതമറിയാന്‍ ഞായറാഴ്ച ജില്ലാ നേതൃയോഗം വിളിച്ചത്. ജനതാദള്‍-എസിലേക്ക് മടങ്ങിയ കെ. കൃഷ്ണന്‍കുട്ടിക്കൊപ്പം ജില്ലാ കൗണ്‍സിലിലെ ഭൂരിപക്ഷം അംഗങ്ങളും പാര്‍ട്ടി വിട്ടിരുന്നു. ഇതിനുശേഷം എ. ഭാസ്കരന്‍ കണ്‍വീനറായ അഡ്ഹോക്ക് കമ്മിറ്റിയാണ് നിലവിലുള്ളത്. തെരഞ്ഞെടുത്ത കൗണ്‍സില്‍ ഇല്ലാത്തതിനാല്‍ ഇരുപക്ഷവും പരമാവധി പ്രവര്‍ത്തകരെ യോഗത്തിന് എത്തിച്ചിരുന്നു. 90ഓളംപേര്‍ യോഗം തുടങ്ങുമ്പോള്‍ ഹാളിലുണ്ടായിരുന്നു. ഇതേചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്. 35 പേരെ മാറ്റിനിര്‍ത്തിയാണ് യോഗം തുടര്‍ന്നത്.
എ. ഭാസ്കരന്‍െറ നേതൃത്വത്തില്‍ വീരന്‍പക്ഷം എല്‍.ഡി.എഫിനൊപ്പം പോകണമെന്ന നിലപാടെടുത്തപ്പോള്‍ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ജോണ്‍ ജോണ്‍, എം.എം. കബീര്‍, സുദേവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുവിഭാഗം ഇതിനെ എതിര്‍ത്തു. യു.ഡി.എഫിനൊപ്പം നിലകൊള്ളണണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇതേചൊല്ലി വാക്കേറ്റവും ബഹളവുമായി. പട്ടാമ്പി, തരൂര്‍, ആലത്തൂര്‍, ഷൊര്‍ണൂര്‍, തൃത്താല, ഒറ്റപ്പാലം, നെന്മാറ നിയോജക മണ്ഡലം കമ്മിറ്റികള്‍ പാര്‍ട്ടി യു.ഡി.എഫില്‍ തുടരണമെന്ന നിലപാടെടുത്തു. മലമ്പുഴ, പാലക്കാട്, കോങ്ങാട് ഉള്‍പ്പെടെയുള്ള കമ്മിറ്റികള്‍ ഇതിനെ എതിര്‍ത്തു. ഇതേചൊല്ലി യോഗാവസാനംവരെ തര്‍ക്കം തുടര്‍ന്നു. സംസ്ഥാന കൗണ്‍സില്‍ എടുക്കുന്ന ഏത് തീരുമാനവും പ്രവര്‍ത്തകര്‍ അംഗീകരിക്കുമെന്ന് യോഗശേഷം സംസ്ഥാന പ്രതിനിധി ചാരുപാറ രവി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.