കാരുണ്യ വിറ്റുവരവ് 3,800 കോടി; ചികിത്സാ സഹായം 692 കോടി മാത്രം

തൃശൂര്‍: കാരുണ്യ ലോട്ടറി വില്‍പനയിലൂടെ സര്‍ക്കാര്‍ 3,000 കോടിയിലധികം സമാഹരിച്ചപ്പോള്‍ നിര്‍ധന രോഗികള്‍ക്ക് ചികിത്സാ സഹായമായി വിതരണം ചെയ്തത് 692 കോടി മാത്രം. പദ്ധതിയില്‍ സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ കുടിശ്ശിക വരുത്തിയതിനത്തെുടര്‍ന്ന് സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികള്‍ രോഗികളെ മടക്കുമ്പോള്‍ കാരുണ്യ ലോട്ടറിയിലൂടെ സമാഹരിച്ച കോടികള്‍ ഖജനാവില്‍ കെട്ടിക്കിടക്കുകയാണ്. അപേക്ഷ നല്‍കി കാത്തിരിക്കുന്ന രോഗികളെ തഴഞ്ഞ് കാരുണ്യ ഫണ്ട് വക മാറ്റുന്നെന്ന ആക്ഷേപം നിലനില്‍ക്കെ സമ്മാനര്‍ഹമായ ടിക്കറ്റ് ഹാജരാക്കാത്തതിനാല്‍ 312 കോടി വിതരണം ചെയ്തിട്ടില്ളെന്നും സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ പറയുന്നു.

വൃക്ക, ഹൃദയ, കാന്‍സര്‍ രോഗികളുടെ ആശ്രയമായ കാരുണ്യ ചികിത്സാ പദ്ധതിയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കാനുള്ളത് 400 കോടിയിലേറെയാണ്. ഈമാസം ഒമ്പത് വരെ കാരുണ്യ, കാരുണ്യ പ്ളസ് ലോട്ടറികളില്‍ നിന്നുള്ള മൊത്തം വിറ്റുവരവ് 3858.33 കോടിയും അറ്റാദായം 776.70 കോടിയുമാണ്. എന്നാല്‍, 2015 ഡിസംബര്‍ 31 വരെ  692.61 കോടി മാത്രമാണ് ചെലവഴിച്ചതെന്നാണ് ഡയറക്ടര്‍ നല്‍കുന്ന കണക്ക്.

പണം കിട്ടാതായതോടെ പദ്ധതിയില്‍നിന്ന് പല സ്വകാര്യ ആശുപത്രികളും പിന്മാറി. ഇതോടെ, ഡയാലിസിസിന് ഉള്‍പ്പെടെ സഹായം പ്രതീക്ഷിച്ച ആയിരക്കണക്കിന് രോഗികളുടെ ചികിത്സ വഴിമുട്ടി. പദ്ധതിയില്‍ നിന്ന് പണം പ്രതീക്ഷിച്ച് ചികിത്സക്കിറങ്ങിയ പല കുടുംബങ്ങളും കടക്കെണിയിലാണ്. കുടിശ്ശികയായതോടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വിലകൂടിയ മരുന്നുകളുടെയും ഇംപ്ളാന്‍റുകളുടെയും വിതരണം കമ്പനികളും നിര്‍ത്തി.

2011 മുതല്‍ 2015 വരെയുള്ള കണക്ക് പ്രകാരം അവകാശികളില്ലാതെ 312 കോടി യാണ് ലോട്ടറി വകുപ്പിന്‍െറ പേരില്‍ ട്രഷറിയിലുള്ളത്. മുന്‍കാലങ്ങളില്‍ വേറെയും തുകയുണ്ട്. സമ്മാനര്‍ഹമായ 28 ടിക്കറ്റുകള്‍ ഈ കാലയളവില്‍ ഹാജരാക്കിയെങ്കിലും അന്യസംസ്ഥാനങ്ങളിലെ വിലാസമായതിനാല്‍ തുക അനുവദിച്ചില്ല. സമ്മാനത്തുക കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്നെന്ന സംശയത്തെ തുടര്‍ന്നാണ് തടഞ്ഞു വെച്ചതെന്നാണ് ലോട്ടറി വകുപ്പിന്‍െറ വിശദീകരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.