ഭൂമി കൈയേറ്റം: പി​െജ ജോസഫിനെതിരെയും കെ.ഇ ഇസ്​മയിലിനെതിരെയും തെളിവില്ലെന്ന്​ വിജിലൻസ്​

കോട്ടയം: ആദിവാസിഭൂമി കൈയേറിയെന്ന കേസില്‍ മന്ത്രി പി.ജെ. ജോസഫിനെതിരായ അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു. കേസില്‍ തെളിവില്ളെന്നുകാട്ടി അന്വേഷണസംഘം  കോട്ടയം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണം അവസാനിപ്പിക്കാന്‍ കോടതിയുടെ അനുമതിയും തേടിയിട്ടുണ്ട്.
ഫെബ്രുവരി നാലിന് റിപ്പോര്‍ട്ട് കോടതി പരിഗണിക്കും. ജോസഫിനൊപ്പം ബന്ധു കെ.പി. ജോര്‍ജ്, കെ.ഇ. ഇസ്മായില്‍ എന്നിവരും കേസില്‍ പ്രതികളായിരുന്നു. നാടുകാണിയില്‍  ഒന്നരയേക്കര്‍ ആദിവാസിഭൂമി പി.ജെ. ജോസഫ് പണം കൊടുത്തുവാങ്ങി കൈവശംവെച്ചു, ബന്ധു കെ.പി. ജോര്‍ജിനൊപ്പം ചേര്‍ന്ന് ഇടുക്കിയിലെ അറക്കുളം വില്ളേജില്‍ റിസോര്‍ട്ടിനായി വ്യാജപട്ടയം ഉണ്ടാക്കി 75 ഏക്കറോളം വനഭൂമി സ്വന്തമാക്കി തുടങ്ങിയ പരാതികളിലായിരുന്നു അന്വേഷണം. 2007ല്‍ മലയാളവേദി സംസ്ഥാന പ്രസിഡന്‍റ് ജോര്‍ജ് വട്ടക്കുളമാണ് പരാതിയുമായി തൃശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു.
അന്വേഷണം ആരംഭിച്ച വിജിലന്‍സ് 2012ല്‍ കേസില്‍ കഴമ്പില്ളെന്നുകാട്ടി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് തള്ളിയ കോടതി എഫ്.ഐ.ആര്‍ ഇട്ട് വിശദ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ഇതിനെതിരെ പി.ജെ. ജോസഫ് ഹൈകോടതിയെ സമീപിച്ചെങ്കിലും അന്വേഷണത്തില്‍ ഇടപെടാന്‍ കോടതി തയാറായിരുന്നില്ല. ഇതിന്‍െറ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണമാണ് ഒമ്പതുവര്‍ഷത്തിനുശേഷം  തെളിവില്ളെന്നുകാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ആദിവാസിഭൂമി പണം കൊടുത്ത് വാങ്ങാനോ വില്‍ക്കാനോ കഴിയില്ളെന്ന നിയമം മന്ത്രി ലംഘിച്ചെന്നും നിസ്സാര തുക  നല്‍കി കബളിപ്പിച്ചായിരുന്നു ഇടപാടെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. ഇവക്ക് വ്യജ രേഖകള്‍ സൃഷ്ടിച്ചതായും പരാതിയില്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ ഭൂമി സ്വന്തമാക്കാന്‍ അന്ന് റവന്യൂമന്ത്രിയായിരുന്ന കെ.ഇ. ഇസ്മായില്‍ സഹായം ചെയ്തുവെന്ന പരാതിയിലാണ് അദ്ദേഹത്തെ പ്രതിയാക്കിയത്. തൃശൂര്‍ വിജിലന്‍സ് കോടതി വിഭജിച്ച് കോട്ടയത്ത് പുതിയത് സ്ഥാപിച്ചതോടെ കേസ് ഇവിടേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.