കണ്ണൂര്‍: കോടതിയിലേക്ക് കൊണ്ടുപോകുംവഴി രക്ഷപ്പെട്ടെന്ന് കരുതിയ തടവുകാരന്‍, അകമ്പടി പൊലീസുകാരനെ കാണാനില്ളെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനില്‍. ‘രക്ഷപ്പെട്ട’ തടവുകാരനെ തേടി അകമ്പടി പൊലീസുകാരനും വിവരമറിഞ്ഞ് മറ്റു പൊലീസുകാരും തിരച്ചില്‍ തുടരവേയാണ് മോഷ്ടാവായ തടവുകാരന്‍ സ്റ്റേഷനില്‍ ഹാജരായത്. തന്‍െറ കൂടെ കോടതിയിലേക്ക് വന്ന പൊലീസുകാരനെ കാണാനില്ളെന്നായിരുന്നു ഇയാളുടെ പരാതി. കണ്ണൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കുറ്റ്യാടി സ്വദേശി റഷീദിനെ തലശ്ശേരി കോടതിയില്‍ ഹാജരാക്കാന്‍ നിയോഗിക്കപ്പെട്ടതാണ് ടൗണ്‍ സ്റ്റേഷനിലെ പൊലീസുകാരന്‍. കോടതിയില്‍ കൊണ്ടുപോകാനുള്ള പുള്ളി മോഷണവും പിടിച്ചുപറിയുമുള്‍പ്പെടെ അഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
രാവിലെ 10ഓടെ പൊലീസുകാരന്‍ തടവുകാരനൊപ്പം കണ്ണൂര്‍ കാല്‍ടെക്സ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് മുന്നില്‍ ബസ് കയറാനത്തെി. അഞ്ചുപേര്‍ ഇരിക്കുന്ന പിറകിലെ സീറ്റില്‍ ആളുകളെ നീക്കിയിരുത്തി ആറാമനായി ഇടംപിടിച്ചു. പൊലീസുകാരനും കയറിയിട്ടുണ്ടാവുമെന്നാണ് തടവുകാരന്‍ കരുതിയത്. എന്നാല്‍, തിരക്കുകാരണം മൂന്നാമത് വരുന്ന ബസില്‍ പോകാമെന്ന് ആലോചിച്ചുനില്‍ക്കുകയായിരുന്നു പാവം പൊലീസുകാരന്‍.
ബസ് പോയശേഷം പരിസരത്ത് തിരക്ക് കുറഞ്ഞപ്പോഴാണ് തടവുകാരന്‍ കൂടെയില്ളെന്ന് പൊലീസുകാരന് മനസിലായത്. തിരക്കിനിടയിലൂടെ മുങ്ങിയതാകുമെന്ന് കരുതി ബസ്സ്റ്റാന്‍ഡും പരിസരവും അരിച്ചുപെറുക്കി. പൊലീസുകാരന്‍െറ വെപ്രാളം കണ്ട് ബസ് കാത്തിരുന്നവരില്‍ ചിലര്‍, നേരത്തേ പോയ ബസില്‍ തടവുകാരന്‍ കയറിയിട്ടുണ്ടാകുമെന്ന് പറഞ്ഞു.
ഇതോടെ പൊലീസുകാരന്‍ ഒരു ഓട്ടോറിക്ഷയില്‍ ബസിന് പിന്നാലെ കുതിച്ചു. ബസിന് കുറുകെ ഓട്ടോനിര്‍ത്തിയ നിമിഷം പൊലീസുകാരന്‍ ബസില്‍ ചാടിക്കയറി തടവുകാരനെ പരതി. മയങ്ങിപ്പോയ ഇയാള്‍ നോക്കുമ്പോള്‍ പൊലീസുകാരന്‍ എന്തോ അന്വേഷിക്കുന്നു. സീറ്റിന്‍െറ മൂലയിലിരുന്ന തടവുകാരനെ പൊലീസുകാരന് കാണാനും കഴിഞ്ഞില്ല.
പ്രതി രക്ഷപ്പെട്ടെന്ന് കരുതിയ പൊലീസുകാരന്‍ ടൗണ്‍ സ്റ്റേഷനിലത്തെി വിവരം നല്‍കി. കൈയില്‍ പണമൊന്നുമില്ലാത്തതിനാല്‍ പ്രതി ദൂരെ പോകാനിടയില്ളെന്ന നിഗമനത്തില്‍ നഗരത്തിലും പരിസരത്തും തിരയാന്‍ പൊലീസുകാരെ അയച്ചു.
ഈ സമയം കഥാനായകനായ തടവുകാരന്‍ തലശ്ശേരി ബസ്സ്റ്റാന്‍ഡില്‍ ഇറങ്ങി പൊലീസുകാരനെ അന്വേഷിക്കുകയായിരുന്നു. ആളെ കാണാതായതോടെ പരിഭ്രാന്തനായ ഇയാള്‍ ഓട്ടോറിക്ഷ വിളിച്ച് കണ്ണൂരിലേക്ക് കുതിച്ചു. തടവുകാരന്‍ രക്ഷപ്പെട്ടതിന്‍െറ നടുക്കത്തില്‍ നില്‍ക്കുകയായിരുന്ന പൊലീസുകാര്‍ക്കു മുന്നില്‍ ‘ഓട്ടോയുടെ പൈസ കൊടുക്കണേ സാറേ’ എന്ന അപേക്ഷയോടെയാണ് തടവുകാരന്‍ വന്നിറങ്ങിയത്.
പ്രതി ‘മുങ്ങി’യതിനാല്‍ സസ്പെന്‍ഷന്‍ ഉള്‍പ്പെടെ ശിക്ഷാ നടപടികള്‍ ഭയന്ന പൊലീസുകാരന്‍ തടവുകാരനെ കെട്ടിപ്പിടിച്ച് കണ്ണീര്‍ പൊഴിച്ചെന്നാണ് ദൃക്സാക്ഷികളായ സഹപ്രവര്‍ത്തകര്‍ പറഞ്ഞത്. നല്ലവനായ തടവുകാരന് നന്ദി പറഞ്ഞാണ് പൊലീസുകാര്‍ ജയിലിലേക്ക് മടക്കി അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.