തിരുവനന്തപുരം: വിജ്ഞാന വിനിമയങ്ങൾക്കും ആശയസംവാദങ്ങൾക്കും വേദിയൊരുക്കുന്ന കേരള നിയമസഭ പുസ്തകോത്സവം എഴുത്തുകാരുടെ പിന്നിട്ട വഴികൾ അനുവാചകരിലേക്കെത്തിക്കാൻ അവസരമൊരുക്കുന്നു. ജനുവരി ഏഴ് മുതൽ 13 വരെ നിമയസഭ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിൽ 'എന്റെ എഴുത്തിന്റേയും വായനയുടേയും ജീവിതം' എന്ന സെഷനിലാണ് അവാർഡ് ജേതാക്കളുൾപ്പെടെയുള്ള പ്രശസ്ത എഴുത്തുകാർ സർഗസൃഷ്ടികളെക്കുറിച്ചും വായനാ ലോകത്തെക്കുറിച്ചും മനസുതുറക്കുന്നത്.
ഒരാഴ്ച നീണ്ടുനിൽക്കുന്ന പുസ്തകോത്സവത്തിന്റെ ആദ്യ ദിനത്തിൽ ബെന്യാമിനും ബിപിൻ ചന്ദ്രനുമാണ് സംവദിക്കുക. പ്രഫ. ആദിത്യ മുഖർജി നെഹ്രൂസ് ഇന്ത്യ എന്ന തന്റെ പുസ്തകത്തെക്കുറിച്ച് സംസാരിക്കും. തുടർന്നുള്ള ദിനങ്ങളിൽ നാട്ടുനനവൂറുന്ന കഥയുടെ കൈവഴികളെക്കുറിച്ച് ഫ്രാൻസിസ് നൊറോണയും ജിസ ജോസും ജേക്കബ് എബ്രഹാമും സംവദിക്കുമ്പോൾ തോറ്റവരുടെ ചരിത്രം കണ്ടെടുക്കുന്ന തന്റെ രചനയായ ഉലയെക്കുറിച്ച് കെ വി മോഹൻകുമാർ സംസാരിക്കും.
അശ്വതി ശ്രീകാന്ത്, വിനിൽ പോൾ, അഖിൽ പി ധർമജൻ, നിമ്‌ന വിജയ്, ബിനീഷ് പുതുപ്പണം, പ്രിയ എ എസ്, പി കെ പാറക്കടവ്, സുഭാഷ് ചന്ദ്രൻ, ചന്ദ്രമതി, ഗ്രേസി, ഇ കെ ഷാഹിന, സുസ്‌മേഷ് ചന്ത്രോത്ത് എന്നിവരും ഈ വിഭാഗത്തിൽ സാഹിത്യലോകത്തെ സ്പന്ദനങ്ങളുമായി എത്തും. കഥാകൃത്തുക്കൾ, നോവലിസ്റ്റുകൾ, ചരിത്ര പുസ്തക രചയിതാക്കൾ തുടങ്ങിയവർ ഉൾപ്പെടുന്ന നിയമസഭാ പുസ്തകോത്സവത്തിലെ സാഹിത്യ സദസുകൾ ചിന്തകളുടേയും പുത്തനാശയങ്ങളുടേയും പുതുലോകമായിരിക്കും വായനക്കാർക്കും ആസ്വാദകർക്കും സമ്മാനിക്കുക.
പുസ്തകോത്സവത്തിലെ വിവിധ വിഭാഗങ്ങളിൽ രാഷ്ട്രീയം, കല, സാഹിത്യം, സിനിമയടക്കമുള്ള വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. പാനൽ ചർച്ചകൾ, ഡയലോഗ്, ടോക്ക്, മീറ്റ് ദ ഓതർ, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകാംഗനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളിൽ 70ലധികം പരിപാടികൾ നടക്കും. 350 പുസ്തക പ്രകാശനങ്ങളും 60 ലധികം പുസ്തക ചർച്ചകളും നടക്കും.
ദിവസവും വൈകീട്ട് ഏഴ് മുതൽ വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാ ഷോയുമുണ്ടാവും. പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നതിന് പൊതുജനങ്ങൾക്ക് അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.