2015 ജനുവരി 29: പുലർച്ചെ 3.15ന് ശോഭാസിറ്റിയിലേക്കെത്തിയ മുഹമ്മദ് നിസാമിന്‍റെ ഹമ്മർ കാറിന് കടന്നു പോകാൻ ഗേറ്റ് തുറക്കാൻ വൈകിയ സെക്യൂരിറ്റി ജീവനക്കാരൻ കണ്ടശാംകടവ് കാരമുക്ക് കാട്ടുങ്ങൽ ചന്ദ്രബോസിന് നിസാമിന്‍റെ ക്രൂരമർദനമേൽക്കുന്നു. ജീവന് വേണ്ടി ശോഭാ സിറ്റിക്കുള്ളിലെ ജലധാരയിലേക്ക് ഓടിക്കയറിയ ചന്ദ്രബോസിനെ ഹമ്മറിൽ പിന്തുടർന്ന നിസാം കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്നു. നിലത്തു വീണ ബോസിനെ കാറിൽ കയറ്റി പാർക്കിങ് ഏരിയയിൽ കൊണ്ടു പോയി വലിച്ചിറക്കി നിലത്തിട്ട ശേഷം ചവിട്ടുന്നു.
മറ്റ് സെക്യൂരിറ്റി ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പേരാമംഗലം പൊലീസും ഹൈവേ പൊലീസും സ്‌ഥലത്തെത്തി ചന്ദ്രബോസിനെ ആശുപത്രിയിലെത്തിച്ചു. സിറ്റി പൊലീസ് മേധാവി ജേക്കബ് ജോബിന്‍റെ നേതൃത്വത്തിൽ സ്‌ഥലത്തെത്തിയ പൊലീസ് നിസാമിനെ അറസ്‌റ്റ് ചെയ്‌തു. എ.ഡി.ജി.പി എൻ. ശങ്കർറെഡ്‌ഡി നിസാമിനെതിരെ കാപ്പാ ചുമത്താൻ നിർദേശം നൽകി.
ഫെബ്രുവരി ഒന്ന്: മുഹമ്മദ് നിസാമിന്‍റെ സാമ്പത്തിക സ്രോതസുകളെക്കുറിച്ചും നേരത്തെ ഇയാൾക്കെതിരെയുണ്ടായിരുന്ന കേസുകൾ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. നിസാമിന്‍റെ കടവന്ത്രയിലെ ഫ്ളാറ്റിൽ നിന്നും കഞ്ചാവ് കണ്ടെത്തി. നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തു.
ഫെബ്രുവരി അഞ്ച് മുതൽ എട്ട് വരെ: ബംഗളൂരു, തിരുനെൽവേലി എന്നിവിടങ്ങളിൽ നിസാമുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
ഫെബ്രുവരി 9: സിറ്റി പൊലീസ് മേധാവി ജേക്കബ് ജോബുമായി നിസാമിന്‍റെ രഹസ്യ കൂടിക്കാഴ്ച
ഫെബ്രുവരി 11: മുഹമ്മദ് നിസാമിനെ ഒറ്റക്ക് ചോദ്യം ചെയ്‌തതിനെ തുടർന്ന് സിറ്റി പൊലീസ് മേധാവി ജേക്കബ് ജോബിന് സ്ഥാനചലനം. പുതിയ സിറ്റി പൊലീസ് മേധാവിയായി ആർ. നിശാന്തിനിയെ നിയമിച്ചു.
ഫെബ്രുവരി 16: ചികിൽസയിലായിരുന്ന ചന്ദ്രബോസ് 19 ദിവസങ്ങൾക്ക് ശേഷം മരണത്തിനു കീഴടങ്ങി
ഫെബ്രുവരി 18: ചന്ദ്രബോസിന്‍റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ഫെബ്രുവരി 20: മുഹമ്മദ് നിസാമുമായി സിറ്റി പൊലീസ് മേധാവിയായിരുന്ന ജേക്കബ് ജോബ് രഹസ്യ ചർച്ച നടത്തിയ സംഭവം സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചു.
ഫെബ്രുവരി 22: മുഹമ്മദ് നിസാമിന്‍റെ ഭാര്യ അമലിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവ ദിവസം നിസാമിന്‍റെ കാറിൽ കയറിയത് ചന്ദ്രബോസ് പിന്നിലുണ്ടെന്ന കാര്യം അറിയാതെയാണെന്ന് അമൽ പൊലീസിന് മൊഴി നൽകി.
ഫെബ്രുവരി 23: ചന്ദ്രബോസിന്‍റെ കുടുംബത്തിന്‍റെ ആവശ്യപ്രകാരം സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി അഡ്വ. സി.പി. ഉദയഭാനുവിനെ നിയമിച്ചു.
ഫെബ്രുവരി 27: ജേക്കബ് ജോബ് മുഹമ്മദ് നിസാമുമായി ഒറ്റക്ക് കൂടിക്കാഴ്‌ച നടത്തിയത് ശരിയായില്ലെന്ന് ഐ.ജി ടി.കെ. ജോസ് റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്‌തു.
മാർച്ച് 7: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ചന്ദ്രബോസിന്‍റെ വീട് സന്ദർശിച്ചു.
മാർച്ച് 8: നിസാമിനെതിരെ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു.
മാർച്ച് 9: നിസാമിനെതിരെ കാപ്പ ചുമത്തിക്കൊണ്ട് കലക്ടറുടെ ഉത്തരവിറങ്ങി.
ഏപ്രിൽ 5 : കേസിൽ പൊലീസ് കുറ്റപ്പത്രം സമർപ്പിച്ചു. നിസാം ചന്ദ്രബോസിനെ കൊലപ്പെടുത്തിയത് പെട്ടെന്നുള്ള പ്രകോപനം മൂലമല്ലെന്നും മുൻ വൈരാഗ്യം കാരണമാണെന്നും കുറ്റപത്രത്തിൽ ആരോപണം.
ഏപ്രിൽ 14: പേരാമംഗലം പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
മെയ് 26: ജില്ലാ സെഷൻസ് കോടതിയിൽ പ്രഥമിക വാദം തുടങ്ങി.
ജൂലൈ 30: മുഹമ്മദ് നിസാമിനെ ഗുണ്ടാ നിയമം (കാപ്പ) ചുമത്തി കരുതൽ തടങ്കലിലാക്കിയ പൊലീസ് നടപടി ഹൈകോടതി ശരിവച്ചു.
ആഗസ്റ്റ് 12: നിസാമിന്‍റെ കുറ്റവിമുക്ത ഹരജി തള്ളി
ആഗസ്റ്റ് 24: നിസാമിന്‍റെ ജാമ്യാപേക്ഷ കോടതിയിൽ.
ഒക്ടോബർ 27: ചന്ദ്രബോസ് വധക്കേസിൽ ഒന്നാം സാക്ഷി കെ.സി. അനൂപ് കൂറുമാറി. മുഹമ്മദ് നിസാം കാറിടിപ്പിച്ചാണ് ചന്ദ്രബോസിനെ
കൊലപ്പെടുത്തിയതെന്ന ആദ്യ മൊഴി അനൂപ് മാറ്റിപ്പറഞ്ഞു.
ഒക്ടോബർ 28: ഒന്നാം സാക്ഷിഅനൂപ് വീണ്ടും മൊഴി മാറ്റി. മുഹമ്മദ് നിഷാം ചന്ദ്രബോസിനെ ഹമ്മർ കാറുകൊണ്ട് ആക്രമിക്കുന്നത് താൻ കണ്ടെന്നും നേരത്തെ നൽകിയ മൊഴിയാണ് സത്യമെന്നും അനൂപ് കോടതിയിൽ പറഞ്ഞു. കുറ്റബോധം കൊണ്ടാണ് സത്യം പറയുന്നതെന്നും നിസാമിന്‍റെ സഹോദരൻ റസാഖ് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് മൊഴി മാറ്റിയതെന്നും തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും അനൂപ് കോടതിയെ അറിയിച്ചു.
ഡിസംബർ 11: കോടതിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. താൻ മനോരോഗിയാണെന്ന് കോടതിയിൽ നിസാം പറഞ്ഞു.
2016 ജനുവരി 16: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്‍റെ വധം സംബന്ധിച്ച കേസിന്‍റെ വിചാരണ നീട്ടിവെക്കണമെന്ന പ്രതി മുഹമ്മദ് നിസാമിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി.
2016 ജനുവരി 20: ചന്ദ്രബോസ് വധക്കേസിൽ നിസാം കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.