ടി.പി. ശ്രീനിവാസന് മര്‍ദനം: പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കും

തിരുവനന്തപുരം: കോവളത്ത് എസ്.എഫ്.ഐ പ്രതിഷേധത്തിനിടെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടി.പി. ശ്രീനിവാസന് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. സംഭവസമയം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നാല് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് റെയ്ഞ്ച് ഐ.ജി മനോജ് എബ്രഹാം നടത്തിയ അന്വേഷണത്തില്‍ കണ്ടത്തെി.
 കോവളം പ്രിന്‍സിപ്പല്‍ എസ്.ഐ ശ്രീകുമാരന്‍ നായര്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസമയം ശ്രീനിവാസന് സമീപമുണ്ടായിരുന്നു. മതിയായ സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് മാത്രമല്ല അടിയേറ്റ് വീണപ്പോള്‍ പിടിച്ചെഴുന്നേല്‍പിക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തുനിഞ്ഞില്ളെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം നടന്ന് അരമണിക്കൂറിനകം ടി.പി. ശ്രീനിവാസന്‍, മന്ത്രി രമേശ് ചെന്നിത്തലയെ ഫോണില്‍ ബന്ധപ്പെട്ട് പൊലീസിന്‍െറ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചക്കെതിരെ പരാതിപ്പെട്ടു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്.
അതേസമയം, മര്‍ദനം തടയാന്‍   പൊലീസിന് സാധിക്കുമായിരുന്നില്ളെന്നാണ് ഇന്‍റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ട്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് വരരുതെന്ന് ടി.പി. ശ്രീനിവാസനെ പൊലീസ് അറിയിച്ചിരുന്നു. പക്ഷേ, അദ്ദേഹം അനുരഞ്ജനത്തിനായി മുന്നോട്ട് വന്നു.  പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍  അവിടെനിന്ന് മാറ്റുകയായിരുന്നെന്നും ആക്രമണം അവിചാരിതമായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, നിലത്തുവീണ ശ്രീനിവാസനെ പിടിച്ചെഴുന്നേല്‍പിക്കാതിരുന്നത് പൊലീസിന്‍െറ വീഴ്ചയാണെന്നും ഇന്‍റലിജന്‍സ് ചൂണ്ടിക്കാട്ടുന്നു. കൃത്യവിലോപം വരുത്തിയ ഉദ്യോഗസ്ഥരെ തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പരിശീലനത്തിനയക്കാനും നിര്‍ദേശമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.