ബാങ്കിനുള്ളില്‍ ജീവനക്കാരി വെടിയേറ്റു മരിച്ച കേസ്: അസ്വാഭാവികതയുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ബാങ്കിനുള്ളില്‍ ജീവനക്കാരി വെടിയേറ്റു മരിച്ച കേസ്: അസ്വാഭാവികതയുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

തലശ്ശേരി: ലോഗന്‍സ് റോഡ് റാണി പ്ളാസയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ഡി.ബി.ഐ തലശ്ശേരി ശാഖയിലെ ജീവനക്കാരി ഓഫിസിനുള്ളില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഐ.ഡി.ബി.ഐ ബാങ്ക് തലശ്ശേരി ശാഖയിലെ സെയില്‍സ് സെക്ഷന്‍ ജീവനക്കാരി മേലൂരിലെ വില്‍ന വിനോദ് (31) ബാങ്കിനുള്ളില്‍ വെടിയേറ്റു മരിച്ച സംഭവത്തിലാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. വെടിവെപ്പ് നടന്ന ബാങ്കില്‍ ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ വെടിയേറ്റ് വില്‍നയുടെ തല ചിതറിയതില്‍ അസ്വാഭാവികതയുള്ളതായാണ് റിപ്പോര്‍ട്ടിലുള്ളത്. പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന്‍ തലവനും പൊലീസ് സര്‍ജനുമായ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സംഭവസ്ഥലത്ത്  പരിശോധന നടത്തിയിരുന്നു.  

ഒരു മീറ്ററിനപ്പുറത്തുനിന്നാണ് വെടിയുതിര്‍ന്നതെന്നാണ് പരിശോധനയില്‍ വ്യക്തമായത്. എന്നാല്‍, ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഉപയോഗിച്ച ഡബ്ള്‍ ബാരല്‍ ട്വല്‍വ് ബോര്‍ തോക്കില്‍ നിന്ന് ഈ അകലത്തില്‍ വെടിയുതിര്‍ന്നാല്‍ തലയോട്ടിയും തലച്ചോറും ചിതറിപ്പോകുന്ന തരത്തിലുള്ള പരിക്കേല്‍ക്കില്ളെന്നാണ് ഡോ.ഗോപാലകൃഷ്ണപിള്ള നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. ഈ അകലത്തില്‍ നിന്നും വെടിയുതിര്‍ന്നാല്‍ പെല്ലറ്റ് തുളച്ചുകയറുകയും തലക്കുള്ളില്‍ പരിക്കേല്‍ക്കുന്നതിനും ഇടയാക്കും. എന്നാല്‍, വില്‍നയുടെ തല ചിതറിയാണ് മരണം സംഭവിച്ചത്. ഫോറന്‍സിക് സംഘത്തിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ടെസ്റ്റ് ഫയര്‍ നടത്തുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന തലശ്ശേരി സി.ഐ പി.എം. മനോജ് പറഞ്ഞു. ഇതിന്‍െറ ഭാഗമായി ഡബ്ള്‍ ബാരല്‍ തോക്ക് കോടതിയുടെ അനുമതിയോടെ കൂടുതല്‍ പരിശോധനക്കായി തിരുവനന്തപുരത്തെ ലബോറട്ടറിയിലേക്ക് അയച്ചിട്ടാണുള്ളത്. തോക്ക് ബാലിസ്റ്റിക് വിദഗ്ധര്‍ പരിശോധിച്ച ശേഷം ടെസ്റ്റ് ഫയര്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മനോജ് പറഞ്ഞു. ജൂണ്‍ രണ്ടിന് രാവിലെ യാണ് വില്‍ന ബാങ്കിനകത്ത് വെടിയേറ്റ് മരിച്ചത്. ബാങ്കിലെ  സെക്യൂരിറ്റി ജീവനക്കാരന്‍ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നുവെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.