നിലമ്പൂര്‍: തന്നെ ജയിലിലാക്കാനുള്ള നീക്കം ഭരണകൂട ഭീകരതയാണെന്ന് പി.വി. അന്‍വര്‍ എം.എൽ.എ. മോദിയേക്കാള്‍ വലിയ ഭീകരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അറസ്റ്റ് ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നത് തടയാൻ ശ്രമിച്ച ഡിവൈ.എസ്.പി ബാലചന്ദ്രനോട് എം.എൽ.എ തട്ടിക്കയറി. ‘നിങ്ങളിതെങ്ങോട്ടാ പിടിച്ചുവലിക്കുന്നത് ഡി.വൈ.എസ്.പീ? ഓവർ സ്മാർട്ടാകണ്ട, കണ്ണൂരിലെ സ്വഭാവം വേണ്ട’ -അൻവർ പറഞ്ഞു.
പിണറായി നടപ്പാക്കുന്ന മുസ്‍ലിം വിരുദ്ധതയുടെ അവസാനത്തെ ഉദാഹരണമാണ് തന്റെ അറസ്റ്റെന്ന് അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് എന്താണോ ആഗ്രഹിക്കുന്നത് അത് നടത്തിക്കൊടുക്കുകയാണ്. പിണറായിയുടെ വീടിനു ചുറ്റുമുള്ള ക്രിമിനലുകളെ അറസ്റ്റുചെയ്യാന്‍ പൊലീസ് തയാറല്ല. ജനങ്ങള്‍ക്കുവേണ്ടി പ്രതിഷേധിച്ചതിനാണ് അറസ്റ്റ്. എം.എൽ.എക്കുപോലും കേരളത്തില്‍ ഇതാണ് അവസ്ഥ. അറസ്റ്റുചെയ്യാൻ വീടിനു ചുറ്റും ഭീകരാന്തരീക്ഷം സൃഷ്ടിക്കേണ്ട കാര്യമില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വനനിയമ ഭേദഗതി നടപ്പാക്കുന്നത് തടയാന്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ഇറങ്ങണം. ജീവനുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ തുടര്‍ന്നും പ്രതിഷേധിക്കും. ഇതിന്‍റെ ബാക്കി താന്‍ പുറത്തിറങ്ങിയശേഷം കാണിച്ചുതരാം -അന്‍വര്‍ പറഞ്ഞു.
നിലമ്പൂർ ഡി.എഫ്.ഒ ഓഫിസിലേക്ക് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്നാണ് പി.വി. അൻവർ എം.എൽ.എയെ അറസ്റ്റ് ചെയ്തത്. രാത്രി 9.45ഓടെ ഒതായിലെ വീട്ടിൽ വെച്ച് നിലമ്പൂർ ഡിവൈ.എസ്.പി ബാലചന്ദ്രൻ അറസ്റ്റ് രേഖപ്പെടുത്തി. മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ അൻവറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
രാത്രി 8.30ഓടെ ഉയർന്ന പൊലീസ് ഉദ‍്യോഗസ്ഥരുടെ നേതൃത്വത്തിൽ അൻവറിന്‍റെ ഒതായിയിലെ വീട് വളയുകയായിരുന്നു. എം.എൽ.എയെ അറസ്റ്റ് ചെയ്യുമെന്ന വാർത്ത പരന്നതോടെ നാട്ടുകാരും ഡി.എം.കെ പ്രവർത്തകരും വീടിന്‍റെ പരിസരങ്ങളിൽ തമ്പടിച്ചു. ഇതോടെ പൊലീസ് അറസ്റ്റ് നീട്ടികൊണ്ടുപോയി. രാത്രി 9.45ഓടെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഭരണകൂട ഭീകരതയാണെന്നും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും അൻവർ ഫേസ് ബുക്കിലൂടെ ആഹ്വാനം ചെയ്തു.
കരുളായി വനത്തിൽ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ അൻവറിന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 11.30ഓടെ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. മാർച്ച് സംഘർഷത്തിൽ കലാശിക്കുകയും ഡി.എഫ്.ഒ ഓഫിസിന്‍റെ പൂട്ട് തകർത്ത് ഉള്ളിൽ കയറിയ പ്രവർത്തകർ ഫർണിച്ചർ തകർക്കുകയും ചെയ്തു. ശേഷം ആദിവാസി യുവാവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി സൂക്ഷിച്ച നിലമ്പൂർ ജില്ല ആശുപത്രിയിലേക്കും എം.എൽ.എയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ആശുപത്രിക്ക് മുന്നിൽ പൊലീസ് മാർച്ച് തടയുകയും മൂന്ന് ഡി.എം.കെ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.
ഡി.എഫ്.ഒ ഓഫിസ് ആക്രമിച്ച സംഭവത്തിൽ നടപടി ആവശ‍്യപ്പെട്ട് വനം വകുപ്പ് നിലമ്പൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. അൻവർ എം.എൽ.എ ഉൾപ്പെട്ട 11 പേർക്കെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. പൊതുമുതൽ നശിപ്പിക്കൽ, പൊലീസിന്‍റെ കൃത‍്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങി ജാമ‍്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അറസ്റ്റിലെ സർക്കാറിന്‍റെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.