ബാര്‍ കോഴ, പാറ്റൂര്‍ കേസുകള്‍ പുനരന്വേഷിക്കുന്നു

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ബാര്‍ കോഴ, പാറ്റൂര്‍ കേസുകളില്‍ പുനരന്വേഷണത്തിന് സാധ്യത. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് ഇരുകേസുകളും അട്ടിമറിക്കപ്പെട്ടെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് പുനരന്വേഷണത്തിന്‍െറ സാധ്യതകള്‍ ആരായുന്നത്. ഇരുകേസുകളിലും പുനരന്വേഷണസാധ്യതകള്‍ പരിശോധിക്കാന്‍ അദ്ദേഹം നിയമവിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. വിജിലന്‍സിന്‍െറ നിയമോപദേശകവിഭാഗത്തെ ഒഴിവാക്കിയാണ് ഫയലുകള്‍ നീക്കുന്നതത്രെ. വിജിലന്‍സ് ആസ്ഥാനത്തെ അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍െറ സഹായത്തോടെയാണ് കേസുകള്‍ അട്ടിമറിച്ചതെന്നാണ് ജേക്കബ് തോമസിന്‍െറ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ഒഴിവാക്കുന്ന നിലപാട് കൈക്കൊള്ളുന്നത്. അതിനിടെ, അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ വക്കം ജി. ശശീന്ദ്രനെ വിജിലന്‍സില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടര്‍  സര്‍ക്കാറിന് കത്തയക്കുകയും ചെയ്തു. അഴിമതിക്കാരായ അഭിഭാഷകര്‍ക്കെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് പാറ്റൂര്‍, ബാര്‍ കോഴ കേസുകള്‍ സര്‍ക്കാറിന് അനുകൂലമാക്കാന്‍ ശശീന്ദ്രന്‍  ഇടപെട്ടെന്നും ബാര്‍ കോഴക്കേസിലെ ഉപദേശങ്ങള്‍ തിരിച്ചടിയായെന്നും വിലയിരുത്തപ്പെട്ടിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായതോടെ ചില ഉദ്യോഗസ്ഥര്‍ ശശീന്ദ്രനെതിരെ പരാതി നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരായ കത്ത്.

 ബാര്‍ കോഴ ആരോപണത്തില്‍ മുന്‍മന്ത്രിമാരായ കെ.എം. മാണി, കെ. ബാബു എന്നിവര്‍ക്കെതിരായ കേസുകളും പാറ്റൂരില്‍ ഫ്ളാറ്റ് നിര്‍മാണകമ്പനി വാട്ടര്‍ അതോറിറ്റിയുടെ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട കേസുമാണ് അന്വേഷണവിധേയമാക്കാന്‍ ആലോചിക്കുന്നത്. കെ. ബാബുവിനെതിരായ ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും കണ്ടത്തെിയിട്ടുണ്ട്. വിജിലന്‍സ് മധ്യമേഖലാ എസ്.പിമാരായിരുന്ന കെ.എം. ആന്‍റണി, ആര്‍. നിശാന്തിനി, ത്വരിതപരിശോധന നടത്തിയ ഡിവൈ.എസ്.പി എം.എന്‍. രമേശ് എന്നിവരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചസംഭവിച്ചെന്നാണ് വിലയിരുത്തല്‍. ഇവര്‍ക്കെതിരെ നടപടി കൈക്കൊള്ളുന്നതിന്‍െറ സാധ്യതകളും ആരായുന്നുണ്ട്. 2013ല്‍, പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയത് ആദ്യം കണ്ടത്തെിയത് വിജിലന്‍സാണ്. കൈയേറ്റക്കാര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടും ഫലമുണ്ടായില്ല. ഇതിനിടെ കമ്പനിയുടെ ആവശ്യപ്രകാരം വാട്ടര്‍ അതോറിട്ടി പൈപ്പ്ലൈന്‍ മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ ഒത്താശ ചെയ്തു. ഇതു മന്ത്രിതലത്തില്‍ എടുത്ത തീരുമാനമായതിനാല്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, റവന്യൂമന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍, ലാന്‍ഡ് റവന്യൂ കമീഷണര്‍, കലക്ടര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്ക് പുനരന്വേഷിക്കാനാണ് ആലോചന. എന്നാല്‍, പാറ്റൂര്‍ കേസ് നിലവില്‍ ലോകായുക്തയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ നിയമോപദേശം നിര്‍ണായകമാകും.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.