തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് സമര്‍പ്പിച്ച 200 റിപ്പോര്‍ട്ടുകള്‍ ബോര്‍ഡ് മുക്കി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് വിഭാഗം സമര്‍പ്പിച്ച 200 അന്വേഷണ റിപ്പോര്‍ട്ടുകള്‍ ബോര്‍ഡ് മുക്കി. 2015-16 കാലയളവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ മുക്കിയത് ദേവസ്വം ആസ്ഥാനത്തെ ഉന്നതന്‍െറ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുന്‍ ദേവസ്വം മന്ത്രിയുടെ ഇഷ്ടക്കാരനായ ഉദ്യോഗസ്ഥന്‍െറ നേതൃത്വത്തില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നതത്രെ. ഇതിനെതിരെ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഈ സാഹചര്യത്തില്‍, ബോര്‍ഡിലെ അഴിമതി വിവരങ്ങള്‍ പുറത്തറിയാതിരിക്കാന്‍ വിജിലന്‍സ് സംവിധാനം തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. എസ്.പി റാങ്കിലെ ഉദ്യോഗസ്ഥന്‍െറ നേതൃത്വത്തിലുള്ള വിജിലന്‍സ് വിഭാഗത്തെ പിരിച്ചുവിട്ട് റിട്ട. ഡിവൈ.എസ്.പിയെ വിജിലന്‍സ് മേധാവിയാക്കാനാണ് ആലോചന. ഇതുസംബന്ധിച്ച തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ ഹൈകോടതിയുടെ അനുമതിതേടാനും കഴിഞ്ഞദിവസം ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ ധാരണയായി.

ശബരിമല മാസ്റ്റര്‍ പ്ളാന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ കോടികളുടെ വെട്ടിപ്പാണ് നടക്കുന്നത്. ഇത് പുറത്തറിയാതിരിക്കാന്‍ വിജിലന്‍സ് സംവിധാനം നിര്‍ജീവമാക്കേണ്ടതുണ്ട്. ബോര്‍ഡിലെ കമ്പ്യൂട്ടര്‍വത്കരണം, കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന ‘പ്രസാദം’ പദ്ധതി, ശബരിമലയിലെ അപ്പം, അരവണ വിതരണം എന്നിവയില്‍ വന്‍തിരിമറിയാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളാണ് വിജിലന്‍സ് വിഭാഗം സമര്‍പ്പിച്ചത്. എന്നാല്‍, കുറ്റക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളാതെ ബോര്‍ഡ് ഒത്തുകളിച്ചു. പലകേസുകളിലും ഹൈകോടതി നിര്‍ദേശമുണ്ടായിട്ടുപോലും നടപടി വൈകിപ്പിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന സാഹചര്യംപോലുമുണ്ടായി. 2015ല്‍, ബോര്‍ഡില്‍ നടക്കുന്നത് ‘ബ്രദര്‍ഹുഡ് ആക്ഷന്‍’ ആണോയെന്ന് ഹൈകോടതി വിമര്‍ശിച്ചത് ഈ സാഹചര്യത്തിലാണ്. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ഉന്നതരില്‍ പലരും വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോക്കും (വി.എ.സി.ബി) വിവരം ലഭിച്ചിട്ടുണ്ട്. അഴിമതിക്കാരായ ചില ഉന്നതര്‍ വി.എ.സി.ബി നിരീക്ഷണത്തിലാണ്.
 തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയുടെ കൈമാറ്റത്തിന് പിന്നില്‍ ദേവസ്വംബോര്‍ഡില്‍നിന്നുള്ള അഴിമതിപ്പണം ഉണ്ടെന്നും വി.എ.സി.ബിക്ക് ബോധ്യമായിട്ടുണ്ട്. ഇതേക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.