പെരുന്നാള്‍ പ്രഭാഷണത്തിനിടെ വികാരഭരിതനായ മഅ്ദനി പൊട്ടിക്കരഞ്ഞു

അന്‍വാര്‍ശ്ശേരി: അന്‍വാര്‍ശേരിയിലെ പെരുന്നാള്‍ പ്രഭാഷണത്തിനിടെ വികാരഭരിതനായ മഅ്ദനി പൊട്ടിക്കരഞ്ഞു. അതേസമയം തന്‍െറ യാത്രാതടസ്സവുമായി ബന്ധപ്പെട്ട് പ്രകോപിതരായ പി.ഡി.പി പ്രവര്‍ത്തകര്‍ വിമാനക്കമ്പനിയുടെ ഓഫീസിനുമുമ്പില്‍ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അനിഷ്ടസംഭവങ്ങള്‍ തെറ്റായിപ്പോയി എന്നും അദ്ദേഹം പറഞ്ഞു.
പതിനഞ്ച് വര്‍ഷത്തിലധികമായി താന്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ പെരുന്നാള്‍ നമസ്കാരത്തിനിടെ നടത്തിയ പ്രഭാഷണത്തില്‍ മഅ്ദനി തുറന്നു പറഞ്ഞു. ഒന്‍പതരവര്‍ഷം സേലത്തെ ജയിലില്‍ തടവിലിട്ടിട്ടും തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ അന്വേഷണസംഘത്തിനായില്ളെന്ന് അദ്ദേഹം പറഞ്ഞു. ബംഗലൂരു സ്ഫാേടനക്കേസിലും താന്‍ നിരപരാധിയാണെന്നും ഖുര്‍ ആനെ സാക്ഷിയാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്‍വാര്‍ശേരിയിലെ മണ്ണിലേക്ക് തിരിച്ചുവരണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് പറഞ്ഞ് മഅ്ദനി പ്രഭാഷണത്തിനിടെ പൊട്ടിക്കരഞ്ഞു.

ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ ഓഫീസിന്‍റെ ചില്ലുതകര്‍ത്ത പിഡിപി പ്രവര്‍ത്തകരുടെ നടപടിയെയും മഅ്ദനി നിശിതമായി വിമര്‍ശിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഇന്‍ഡിഗോ വിമാനത്തില്‍ ബംഗ്ളൂരില്‍ നിന്ന് പുറപ്പെടാനിരുന്നുവെങ്കിലും ചില സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് വിമാനകമ്പനി അധികൃതര്‍ യാത്ര തടസ്സപ്പെടുത്തിയിരുന്നു. തുടര്‍ന്ന് രാത്രി എട്ടേകാലോടെയാണ് മഅ്ദനി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. ആദ്യത്തെ യാത്ര തടസ്സപ്പെട്ടതിനെ തുടര്‍ന്ന്  പിഡിപി പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധത്തിലാണ് സംഘര്‍ഷമുണ്ടായത്. പോലീസുമായുള്ള നേരിയ സംഘര്‍ഷത്തില്‍ ഇന്‍ഡിഗോ ഓഫീസിന്‍റെ ചില്ലുകള്‍ തകരുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.