ചെറുതോണി: ഇടുക്കിയിൽ പുനരധിവാസ പദ്ധതി താളം തെറ്റിയ നിലയിൽ. മഹാപ്രളയം കഴിഞ്ഞ് ആറു വർഷം പിന്നിട്ടിട്ടും ജില്ല ഭരണകൂടത്തിന്റെ മൂക്കിനുതാഴെ ഇരകളായ 13 കുടുംബങ്ങൾ ഇപ്പോഴും ദുരിതത്തിലാണ്. മന്ത്രി റോഷി ആഗസ്റ്റിന്റെ മണ്ഡലത്തിൽപ്പെട്ട വാഴത്തോപ്പ് പഞ്ചായത്തിലാണ് ഈ ദുരവസ്ഥ. സ്ഥലം നൽകിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ല.
അഞ്ചു വർഷമായി വാടകക്കും ബന്ധുവീടുകളിലുമായി കഴിയുകയാണ് ഈ കുടുംബങ്ങൾ. പ്രളയത്തിൽ ഉടുതുണിയൊഴിച്ച് ബാക്കിയെല്ലാം നഷ്ടപ്പെട്ടവരാണിവർ. മണിയാറൻകുടിയിൽ സ്ഥലം നൽകിയെങ്കിലും ഇവർക്ക് വീട് നിർമിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ ചെയ്യാമെന്ന് കലക്ടറുടെ വാഗ്ദാനവും പാഴ് വാക്കായതായി എല്ലാം നഷ്ടപ്പെട്ട് കഴിയുന്ന സതീശൻ പറഞ്ഞു. പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശം വിതച്ച പെരിങ്കാല, മുളകുവള്ളി, കമ്പളികണ്ടം, പനംകുട്ടി എന്നിവിടങ്ങളിൽനിന്നുള്ള 13 കുടുംബങ്ങളെയാണ് മണിയാറൻകുടിയിൽ പുനരധിവസിപ്പിച്ചത്. ധനസഹായമായി 10 ലക്ഷം രൂപ നൽകുമെന്ന സർക്കാർ പ്രഖ്യാപനത്തിലായിരുന്നു ഇവരുടെ പ്രതീക്ഷകളത്രയും. ആറ് ലക്ഷം രൂപ സ്ഥലത്തിനും നാല് ലക്ഷം രൂപ വീട് പണിയുന്നതിനുമായിരുന്നു ഇത്. സ്ഥലം സൗജന്യമായി ലഭിച്ചതിനാൽ നാല് ലക്ഷം രൂപ മാത്രമാണ് ഇവർക്ക് നൽകിയത്. വെള്ളവും വഴിയും വൈദ്യുതിയുമെത്താത്ത മലഞ്ചെരുവിൽ കടം വാങ്ങിയും ഉള്ളതെല്ലാം വിറ്റ് പറക്കിയും വീടൊരുക്കാൻ കഴിഞ്ഞത് മൂന്ന് പേർക്ക് മാത്രം. ബാക്കി വീടുകളെല്ലാം നിർമാണം പാതിവഴിയിൽ നിലച്ച് കാട് കയറിക്കിടക്കുന്നു.
പ്രളയത്തിൽ വീട് നഷ്ടപ്പെട്ട സെബാസ്റ്റ്യൻ വലിയ പ്രതീക്ഷയോടെയാണ് വീട് പണിയാരംഭിച്ചത്. പക്ഷെ നിർമ്മാണം എങ്ങുമെത്തിയില്ല. സർക്കാർ നൽകിയത് കൂടാതെ കടം വാങ്ങിയും പലിശക്കുവാങ്ങിയും വീടിന്റെ പണി ഭിത്തിയിലെത്തിച്ചു. ഇപ്പോൾ കടക്കാരനുമായി. അഞ്ച് സെന്റ് സ്ഥലത്ത് 430 ചതുരശ്രഅടി വീടിനായിരുന്നു അനുമതി. കുടിവെള്ളമടക്കം വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥ വന്നതോടെ പലരും വീടെന്ന സ്വപ്നം ഉപേക്ഷിച്ചു. പൊതുകുളത്തിന് പഞ്ചായത്ത് സ്ഥലം കണ്ടെത്തിയെങ്കിലും തുടർ നടപടിയുണ്ടായില്ല. ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്തും പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന് ജില്ല കലക്ടറും പലതവണ പറഞ്ഞു. പക്ഷെ പരിഹാരം മാത്രം ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.