കാര്‍ഷിക സര്‍വകലാശാല: മന്ത്രി നിയമം പറഞ്ഞപ്പോള്‍ വൈസ് ചാന്‍സലര്‍ നിയമവിരുദ്ധനായി

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിയമപ്രകാരമല്ലാതെ ഒന്നും അനുവദിക്കില്ളെന്ന് കൃഷിമന്ത്രി പ്രഖ്യാപിച്ചതിന്‍െറ തൊട്ടപ്പുറത്തിരുന്ന് വൈസ് ചാന്‍സലര്‍ വിരമിച്ച അധ്യാപകരുടെ സര്‍വിസ് കാലാവധി ദീര്‍ഘിപ്പിച്ച് നിയമവിരുദ്ധമായ ഉത്തരവിറക്കി. കൃഷിമന്ത്രി ഒരു പകല്‍ മുഴുവന്‍ സര്‍വകലാശാലാ ആസ്ഥാനത്ത് ചെലവഴിച്ച ഈ മാസം അഞ്ചിനായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. അന്നുതന്നെയാണ് വൈസ് ചാന്‍സലറുടെ ഓഫിസ് രണ്ടാം തീയതി വെച്ച് ഉത്തരവിറക്കിയത്. അപമാനിതനും ക്ഷുഭിതനുമായ മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉത്തരവ് പിന്‍വലിക്കാന്‍ വൈസ് ചാന്‍സലറോട് കല്‍പിച്ചു. എന്നാല്‍,  ഈമാസം അഞ്ചിന് വിരമിച്ചവര്‍ നീട്ടിക്കിട്ടിയ സര്‍വിസിന്‍െറ ആനുകൂല്യത്തില്‍ ഇന്നലെയും ഒപ്പിട്ട് ജോലിക്ക് ഹാജരായി. കാര്‍ഷിക സര്‍വകലാശാലയില്‍ അധ്യാപകര്‍ 60 വയസ്സ് തികയുന്ന ദിവസം വിരമിക്കണമെന്നാണ് നിബന്ധന. ഇതിന് അധ്യയനവര്‍ഷം നോക്കാറില്ല. യു.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ നവംബര്‍ 25ന് ഇറക്കിയ ഉത്തരവുപ്രകാരം 60 തികഞ്ഞവര്‍ക്ക് അധ്യയനവര്‍ഷത്തിന്‍െറ അവസാനംവരെ തുടരാമെന്ന ന്യായത്തിലാണ് പുതിയ ഉത്തരവ്.  എന്നാല്‍, ഈ വിഷയത്തില്‍ വിശദമായ ഒരു ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ടെന്ന് ആ ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ഈ ഉത്തരവിനെതിരെ ഹൈകോടതിയില്‍ കേസുമുണ്ട്.

60 തികയുന്ന ദിവസം വിരമിക്കണമെന്നത് ചോദ്യംചെയ്ത് 1989ല്‍ അധ്യാപകര്‍  നല്‍കിയ കേസില്‍ തല്‍സ്ഥിതി തുടരാനാണ് വിധി വന്നത്. നവംബറിലെ ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ നവംബര്‍ 25നോ അതിനുശേഷമോ 60 വയസ്സ് തികയുന്നവരുടെ വിരമിക്കല്‍ തീയതി 2016 മാര്‍ച്ച് 31 വരെയാക്കി സര്‍വകലാശാല ഉത്തരവിറക്കി. കഴിഞ്ഞ ഡിസംബര്‍ 18ന് ചേര്‍ന്ന ഭരണസമിതി യോഗം, എല്ലാ വര്‍ഷവും മാര്‍ച്ച് 31നുമുമ്പ് വിരമിക്കേണ്ടവരുടെ സര്‍വിസ് മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാന്‍ അനുമതി നല്‍കിയെന്നും കഴിഞ്ഞ ദിവസം രജിസ്ട്രാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

അതിനുശേഷം സര്‍ക്കാറില്‍നിന്ന് നിര്‍ദേശമോ വിശദീകരണമോ വരാത്ത പശ്ചാത്തലത്തില്‍ സര്‍വകലാശാലക്കുതന്നെ തീരുമാനം എടുക്കാമെന്ന നിലപാടിലാണ് ഉത്തരവ്. ഇതനുസരിച്ച് ഈമാസം രണ്ടിനും അടുത്ത മാര്‍ച്ച് 31നും ഇടക്ക് വിരമിക്കുന്ന അധ്യാപകര്‍ അടുത്ത മാര്‍ച്ച് 31 വരെ സര്‍വിസില്‍ തുടരുമെന്നും ഇത് കേരളത്തിലെ മറ്റ് സര്‍വകലാശാലകളില്‍ നിലവിലുണ്ടെന്നുമാണ് കാര്‍ഷിക സര്‍വകലാശാല പറയുന്നത്. ഈമാസം അഞ്ചിന് മണിക്കൂറുകളോളം സര്‍വകലാശാലയില്‍ ചെലവഴിച്ച് സര്‍വകലാശാലയുടെ ഇന്നത്തെ പ്രവര്‍ത്തനത്തെക്കുറിച്ച് നിലപാടുകള്‍ പറഞ്ഞ തന്നോട് ഇങ്ങനെയൊരു കാര്യം വൈസ് ചാന്‍സലര്‍ സൂചിപ്പിച്ചതുപോലുമില്ളെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. വിഷയം പരിശോധിക്കാന്‍ കൃഷി വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിയെ നിയോഗിച്ചിട്ടുണ്ട്. മന്ത്രി സര്‍വകലാശാലയില്‍ വന്ന ദിവസമല്ല ഉത്തരവ് ഇറക്കിയതെന്ന് വരുത്താനാണ് തീയതി ഈമാസം രണ്ട് വെച്ചതത്രേ.  
സഹ അധ്യാപികയോട് ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതിയെ തുടര്‍ന്ന് ഏതാനും മാസം സസ്പെന്‍ഷനിലായിരുന്ന, സര്‍വകലാശാലയുടെ പടന്നക്കാട് കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന പ്രഫ. എ.എം. രഞ്ജിത്തിന് വ്യാഴാഴ്ച  60 തികയും. സ്വാഭാവികമായും ബുധനാഴ്ച വിരമിക്കണം. ബുധനാഴ്ച ചെറിയ പെരുന്നാള്‍ അവധിയായതോടെ ചൊവ്വാഴ്ച രാവിലത്തെന്നെ  വിരമിക്കേണ്ടതാണ്. അന്ന് വൈകുന്നേരം 4.45 വരെ അദ്ദേഹത്തിന്‍െറ വിരമിക്കല്‍ മാറ്റി വെപ്പിച്ച് കാലാവധി ദീര്‍ഘിപ്പിച്ച ഉത്തരവ് ഇറക്കിയതായാണ് അറിയുന്നത്. ഉത്തരവിലെ തീയതി ഈമാസം രണ്ടായതിനാല്‍ അസ്വാഭാവികതയില്ളെന്ന് വരുത്താനും ശ്രമം നടന്നിട്ടുണ്ട്. പുതിയ ഉത്തരവിന്‍െറ ബലത്തില്‍ പ്രഫ. രഞ്ജിത് വ്യാഴാഴ്ച പടന്നക്കാട് കോളജില്‍ ജോലിക്ക് ഹാജരായതായാണ് വിവരം. പ്രഫ. രഞ്ജിത്തിനൊപ്പം മറ്റു ചില അധ്യാപകര്‍ക്കുകൂടി പുതിയ ഉത്തരവിന്‍െറ ആനുകൂല്യം ലഭിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.