തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാനായിരുന്ന സലിംരാജിനെ ഒഴിവാക്കി സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം പ്രത്യേക കോടതി മടക്കി. സി.ജെ.എം കോടതിയാണ് കുറ്റപത്രം തിരിച്ചയച്ചത്. സലിംരാജ് ഉള്‍പ്പെടെ 22 പ്രതികളെ കേസിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു സി.ബി.ഐ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക കോടതി ജഡ്ജി പി.വി ബാലകൃഷ്ണന്‍റേതാണ് നിരീക്ഷണം. കേസിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തപ്പോൾ സലിംരാജും ഭാര്യ ഷംഷാദും അടക്കം 27 പേര്‍ പ്രതികളായിരുന്നു.
കടകംപള്ളി വില്ലേജിലെ 170 പേരുടെ 45.50 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്. സലിംരാജും ഭാര്യ ഷംഷാദും കേസിലെ 21, 22 പ്രതികളായിരുന്നു.
കടകംപള്ളി ഭൂമിഇടപാടുമായി ബന്ധപ്പെട്ട് 14 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തല്‍. ഭൂമിയുടെ തണ്ടപ്പേര് മാറ്റാന്‍ 60 ലക്ഷത്തോളം രൂപ ചെലവിട്ടതായും സി.ബി.ഐ.യുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ആദ്യം വിജിലന്‍സാണ് കേസന്വേഷിച്ചത്. പിന്നീട് കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടു.
സി.ബി.ഐ കുറ്റപത്രത്തിൽ െഡപ്യൂട്ടി തഹസിൽദാർ അടക്കം അഞ്ചുപേരാണു പ്രതികൾ. കടകംപള്ളി മുൻ വില്ലേജ് ഓഫിസറും ഇപ്പോഴത്തെ ഡപ്യൂട്ടി തഹസിൽദാറുമായ വിദ്യോദയകുമാർ, വർക്കല സ്വദേശി നിസ്സാർ അഹമ്മദ്, സുഹറ ബീവി, മുഹമ്മദ് കാസിൻ, റുക്കിയ ബീവി എന്നിവരെയാണു പ്രതിയാക്കിയത്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇതിനകം അഞ്ചു കുറ്റപത്രങ്ങൾ സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയിട്ടുണ്ട്. സലിംരാജ് ഇതിൽ ഒന്നിൽ പ്രതിയാണ്. ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയാണു സലിംരാജിനെതിരായി ഇതിൽ ചുമത്തിയിരിക്കുന്നത്. സലിംരാജിന്റെ ഭാര്യ ഷംഷദിനെ എഫ്.ഐ.ആറിൽ പ്രതി ചേർത്തിരുന്നുവെങ്കിലും കുറ്റപത്രത്തിൽ ഒഴിവാക്കി. സലിംരാജിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അടുത്തിടെ അനുമതി നൽകിയിരുന്നു. ഹൈകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.