വാളയാറിന് സമീപം ട്രെയിനിടിച്ച് വീണ്ടും കാട്ടാന ചെരിഞ്ഞു

കോയമ്പത്തൂര്‍: ഒരു മാസത്തെ ഇടവേളക്ക് ശേഷം വാളയാറിന് സമീപം വീണ്ടും ട്രെയിനിടിച്ച് കാട്ടാന കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ മധുക്കര ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ വാളയാര്‍ പുതുപതി ചോലക്കര വനത്തിലാണ് സംഭവം. വാളയാര്‍-എട്ടിമട റെയില്‍പാതയിലൂടെ കടന്നുപോയ മംഗലാപുരം-ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസാണ് പാളം മുറിച്ചുകടന്ന കാട്ടാനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയത്. ഇതില്‍ പിടിയാന ഗുരുതര പരിക്കേറ്റ് പാളത്തിന്‍െറ വശത്ത് ഇരുപതടി താഴ്ചയിലേക്ക് ഉരുണ്ടുവീണു. ഉടന്‍ എന്‍ജിന്‍ ഡ്രൈവര്‍ ഉന്നത റെയില്‍വേ അധികാരികളെ വിവരമറിയിച്ചു. സ്ഥലത്തത്തെിയ വനം അധികൃതര്‍ മുതുകിന്‍െറ ഭാഗത്ത് ഗുരുതര പരിക്കേറ്റ് കിടന്ന കാട്ടാനക്ക് അടിയന്തര ചികിത്സ ലഭ്യമാക്കി. എന്നാല്‍, രാവിലെ ഒമ്പതോടെ കാട്ടാന ചെരിയുകയായിരുന്നു. ആനക്ക് 15 വയസ്സ് പ്രായം കണക്കാക്കുന്നു. 

ഡോ. മനോഹരന്‍െറ നേതൃത്വത്തിലെ സംഘം സംഭവസ്ഥലത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. തുടര്‍ന്ന് ഇതേസ്ഥലത്ത് സംസ്കരിച്ചു. മധുക്കര-വാളയാര്‍ റെയില്‍പാതയില്‍ കാട്ടാനകള്‍ ട്രെയിനിടിച്ച് കൊല്ലപ്പെടുന്നത് തുടര്‍ക്കഥയാണെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ശാശ്വത പരിഹാര നടപടി ഉണ്ടാവുന്നില്ളെന്ന് മൃഗസ്നേഹി-സാമൂഹിക സംഘടനകള്‍ ആരോപിച്ചു. ഇവിടെ ട്രെയിനുകളുടെ വേഗത കുറക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വനം അധികൃതര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോഴും വേഗത കുറക്കാതെയാണ് കടന്നുപോകുന്നതെന്ന് പരിസരവാസികള്‍ പറയുന്നു. എട്ടു വര്‍ഷത്തിനിടെ പത്തോളം കാട്ടാനകള്‍ ഇതേഭാഗത്ത് ട്രെയിനിടിച്ച് കൊല്ലപ്പെട്ടിരുന്നു. എട്ടിമട മുതല്‍ കഞ്ചിക്കോട് വരെ ട്രെയിനുകളുടെ വേഗത 40 കിലോമീറ്ററായി കുറക്കണമെന്നാണ് വനം അധികൃതരുടെ ആവശ്യം. പ്രശ്നത്തില്‍      കേന്ദ്ര സര്‍ക്കാറും തമിഴ്നാട് സര്‍ക്കാറുമായും കൂടിയാലോചന നടത്തി ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് ഈയിടെ കോയമ്പത്തൂരിലത്തെിയ കേരള ധനമന്ത്രി തോമസ് ഐസക് അറിയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.