കര്‍ഷകരുടെ നട്ടെല്ലൊടിച്ച് കേര സംഭരണം അവതാളത്തില്‍

കോഴിക്കോട്: മഴക്കൊപ്പം കര്‍ഷകരുടെ നട്ടെല്ളൊടിച്ച് നാളികേര സംഭരണം അവതാളത്തില്‍. നാളികേര സംഭരണം കൃഷിഭവനുകളിലും ഗോഡൗണുകളിലും വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാലാണ് മുടങ്ങുന്നത്. പൊതുവിപണിയേക്കാള്‍ മികച്ചവില ലഭിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് ഏറെ ആകര്‍ഷകമാണെങ്കിലും സര്‍ക്കാര്‍ പിന്തുണയുണ്ടെങ്കിലേ സംഭരണം മുന്നോട്ടുപോകൂ എന്നതാണ് അവസ്ഥ. ഗോഡൗണുകളില്‍ തേങ്ങ നിറഞ്ഞുകവിഞ്ഞ നിലയിലാണ്.

ഇതുകാരണം പലയിടത്തും കര്‍ഷകര്‍ക്ക് മടങ്ങിപ്പോവേണ്ട അവസ്ഥയുമുണ്ട്. പൊതുവിപണിയില്‍ 14-15 രൂപ വിലയുള്ള തേങ്ങക്ക് 25 രൂപ നിരക്കിലാണ് കേരഫെഡ് സംഭരിക്കുന്നത്. നാലോ അഞ്ചോ ടണ്‍ നാളികേരം ശേഖരിക്കാനുള്ള ശേഷിയാണ് മിക്കവാറും കൃഷിഭവനുകളിലുള്ളത്. എന്നാല്‍, 15 ടണ്ണോളമാണ് ഇപ്പോള്‍ മിക്കയിടത്തും എത്തുന്നത്. കിലോക്കണക്കിന് തേങ്ങ മഴനനഞ്ഞ് നശിക്കുന്ന അവസ്ഥയുമുണ്ട്. ഇത് സര്‍ക്കാറിന് വന്‍ നഷ്ടത്തിനിടയാക്കുന്നു. എല്ലാ ഗോഡൗണുകളിലും കൂടുതല്‍ സൗകര്യമൊരുക്കാന്‍ നടപടിയുണ്ടെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും രണ്ടാഴ്ചയോളം എടുക്കുമത്രെ.

മാത്രമല്ല, കൊപ്രച്ചേവുകളില്‍ മഴക്കാലത്ത് കുടുതല്‍ ദിവസം വെച്ചാല്‍ മാത്രമേ ഉണക്കിയെടുക്കാന്‍ പറ്റൂ എന്നതും പ്രശ്നമാണ്. മലബാറിലാണ് കൂടുതല്‍ തേങ്ങ സംഭരിക്കുന്നത്. 18,695 ടണ്‍ തേങ്ങയാണ് ഏപ്രില്‍, മേയ് മാസങ്ങളില്‍ പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ കേരഫെഡിന് കീഴില്‍ ശേഖരിച്ചത്. സംഭരിച്ച തേങ്ങ ഗോഡൗണുകളില്‍തന്നെ കിടക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് തേങ്ങയുടെ വില നല്‍കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്.

മാര്‍ച്ച് 31വരെ സംഭരിച്ച തേങ്ങയുടെ വിലയാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. രണ്ടുമാസത്തെ തുക കര്‍ഷകര്‍ക്ക് കുടിശ്ശികയാണ്. സര്‍ക്കാറില്‍നിന്ന് റിവോള്‍വിങ് ഫണ്ട് ലഭിച്ചാലേ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയൂവെന്നാണ് കേരഫെഡ് അധികൃതരുടെ വിശദീകരണം. പൊതു വിപണിയില്‍ തേങ്ങവില ഉയര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് 25 രൂപ നിരക്കില്‍  സംഭരണം ആരംഭിച്ചതെങ്കിലും പൊതുവിപണിയില്‍ തേങ്ങയുടെ വാങ്ങല്‍വില ഉയരാത്തതിനാല്‍ ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ളെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.