സ്വര്‍ണക്കടത്ത് കേസ്:ജഡ്ജിക്ക് കോഴ വാഗ്ദാനം; ജസ്റ്റിസ് കെ.ടി. ശങ്കരന്‍ പിന്മാറി വാഗ്​ദാനം

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്ക് വേണ്ടി കൈക്കൂലി വാഗ്ദാനം ചെയ്തതായി ഹൈകോടതി ജഡ്ജിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. നെടുമ്പാശ്ശേരി വിമാനത്താവളം വഴി വന്‍ തോതില്‍ സ്വര്‍ണം കടത്തിയ കേസില്‍ കോഫേപോസ പ്രകാരം തടവിലായവരുടെ കേസ് പരിഗണനക്കെടുക്കവേയാണ് കോഴ വാഗ്ദാനം ചെയ്ത കാര്യം ജസ്റ്റിസ് കെ.ടി. ശങ്കരന്‍ വെളിപ്പെടുത്തിയത്. ഇത്തരമൊരു അനുഭവം ഉണ്ടായ സാഹചര്യത്തില്‍ കേസ് തുടര്‍ന്ന് കേള്‍ക്കുന്നത് മന$സാക്ഷിക്ക് നിരക്കുന്നതല്ളെന്ന് വ്യക്തമാക്കി അദ്ദേഹം പിന്മാറുകയും ചെയ്തു. കൈക്കൂലി വാഗ്ദാനം സംബന്ധിച്ച് വ്യക്തമാക്കാതെ നിര്‍ഭാഗ്യകരമായ അനുഭവമുണ്ടായെന്നും ഈ സാഹചര്യത്തില്‍ കേസിന്‍െറ തുടര്‍വാദത്തില്‍നിന്ന് പിന്മാറുന്നതായും വ്യക്തമാക്കി ജസ്റ്റിസ് കെ.ടി. ശങ്കരന്‍ അടങ്ങുന്ന ഡിവിഷന്‍ബെഞ്ച് രേഖാമൂലം ഉത്തരവും പുറപ്പെടുവിച്ചു.

2013 -15 കാലയളവില്‍ നെടുമ്പാശ്ശേരി വഴി 600 കോടി വിലമതിക്കുന്ന രണ്ടായിരം കിലോയോളം സ്വര്‍ണം കടത്തിയ കേസില്‍ ഒമ്പതു പ്രതികള്‍ക്കെതിരെയാണ് കോഫെപോസ ചുമത്തിയിട്ടുള്ളത്. ഇതില്‍ മുഖ്യപ്രതി മൂവാറ്റുപുഴ സ്വദേശി പി.എ. നൗഷാദ്, എമിഗ്രേഷന്‍ വിഭാഗത്തിലെ പൊലീസുകാരനായിരുന്ന ജാബിന്‍ കെ. ബഷീര്‍, കള്ളക്കടത്ത് ശൃംഖലയിലെ പ്രധാനകണ്ണി സലിം, യാസിര്‍, ഷിനോയ് കെ. മോഹന്‍ദാസ്, ബിപിന്‍ സ്കറിയ, ഫാസില്‍, സെയ്ഫുദ്ദീന്‍ തുടങ്ങിയവരുടെ ബന്ധുക്കള്‍ നല്‍കിയ ഹരജികളാണ് കോടതി മുമ്പാകെയുള്ളത്. വേനലവധിക്ക് മുമ്പ് മുക്കാല്‍ഭാഗം വാദവും പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹരജികള്‍ അവധിക്കുശേഷവും ഇതേ ബെഞ്ച് തന്നെ പരിഗണിക്കാന്‍ മാറ്റുകയായിരുന്നു. തുടര്‍ന്ന് ഹരജികള്‍ തിങ്കളാഴ്ച പരിഗണനക്കത്തെിയപ്പോഴാണ് തനിക്കുണ്ടായ ദുരനുഭവം തുറന്ന കോടതിയില്‍ ജഡ്ജി വിവരിച്ചത്. കേസിലെ ഹരജിക്കാരനായ യാസിറിന്‍െറ പേരുവിളിച്ച് അഭിഭാഷകനെ തെരഞ്ഞ ശേഷമായിരുന്നു കോടതി കൈക്കൂലിക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് അടുപ്പമുള്ള ഒരാള്‍ ഫോണില്‍ വിളിച്ച് കോഫേപോസ കേസില്‍ ഹരജിക്കാരന് അനുകൂലമായ വിധി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിധി പറയും മുമ്പ് 25 ലക്ഷം നല്‍കാം. അനുകൂല വിധിയുണ്ടായശേഷം ആവശ്യമുള്ള തുക എത്രയാണെങ്കിലും നല്‍കാമെന്നും പറഞ്ഞു. ഇതോടെ സംഭാഷണം തുടരാതെ താന്‍ കട്ട് ചെയ്തതായും ജഡ്ജി വെളിപ്പെടുത്തി. ഇനിയും ഈ ഹരജികള്‍ താന്‍ പരിഗണിക്കുന്നത് ശരിയല്ളെന്നും മന$സാക്ഷി ഇത് അനുവദിക്കുന്നില്ളെന്നും വ്യക്തമാക്കിയ ജസ്റ്റിസ് കെ.ടി. ശങ്കരന്‍ കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. തുറന്ന കോടതിയില്‍ വാക്കാലുണ്ടായ വെളിപ്പെടുത്തലിന് ശേഷമാണ് കേസ് കേള്‍ക്കുന്നതില്‍നിന്ന് ജസ്റ്റിസ് കെ.ടി. ശങ്കരന്‍ പിന്മാറുന്നതായി ഡിവിഷന്‍ബെഞ്ച് രേഖാമൂലം ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരം ഒരു ഫോണ്‍ കോള്‍ വന്നതിനെക്കുറിച്ച് പൊലീസിനേയോ ചീഫ് ജസ്റ്റിസിനെയോ വിവരം അറിയിച്ചിരുന്നോ എന്നും വെളിപ്പെടുത്തിയിട്ടില്ല.

വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: ഹൈകോടതി ജഡ്ജിക്ക് കോഴ വാഗ്ദാനം ചെയ്ത സംഭവം വിജിലന്‍സ് അന്വേഷിക്കുന്നു. സ്വര്‍ണ കള്ളക്കടത്തുകേസിലെ പ്രതികള്‍ ജസ്റ്റിസ് കെ.ടി. ശങ്കരന് 25 ലക്ഷം കോഴ വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തല്‍ ഗൗരവമായി കാണണമെന്നും വിശദമായ റിപ്പോര്‍ട്ട ്സമര്‍പ്പിക്കണമെന്നും എറണാകുളം സ്പെഷല്‍ സെല്‍ എസ്.പിയോട് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ആവശ്യപ്പെട്ടു. കള്ളപ്പണത്തിന്‍െറ ഉറവിടം കണ്ടത്തെുന്നതിനായാണ് അന്വേഷണം പ്രഖ്യാപിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.