പച്ചക്കറിയിലെ വിഷാംശം: കര്‍ശന പരിശോധനക്ക് സര്‍ക്കാര്‍ നിര്‍ദേശം

പാലക്കാട്: അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന പച്ചക്കറിയിലെ വിഷാംശം കര്‍ശന പരിശോധനക്ക് വിധേയമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. അന്തര്‍ സംസ്ഥാന ചെക്പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് ലോഡുകള്‍ പരിശോധിക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിച്ച നിര്‍ദേശം. ഇതിന്‍െറ അടിസ്ഥാനത്തില്‍ വാളയാര്‍, വഴിക്കടവ് ഉള്‍പ്പെടെ പ്രധാന ചെക്പോസ്റ്റുകളില്‍ അടുത്തയാഴ്ച മുതല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങും. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്ക് എത്തുന്ന പച്ചക്കറിയില്‍ വന്‍തോതില്‍ കീടനാശിനിയുടെ അംശമുള്ളതായി ഭക്ഷ്യസുരക്ഷാ വകുപ്പിന്‍െറ പ്രാഥമിക പരിശോധനകളില്‍ കണ്ടത്തെിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാന സര്‍ക്കാറുകളുമായി ബന്ധപ്പെട്ട് കീടനാശിനി ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും വലിയ ഗുണമുണ്ടായില്ല. കര്‍ഷകരെ ബോധവത്കരിക്കാനുള്ള നീക്കവും ഫലപ്രദമായില്ല. വന്‍തോതിലുള്ള കീടനാശിനി ഉപയോഗത്തിന് ഏതാനും മാസം കുറവ് വന്നതായി റിപ്പോര്‍ട്ടുണ്ടായെങ്കിലും പിന്നീട് എല്ലാം പഴയപടിയായി. കറിവേപ്പില, പച്ചമുളക് എന്നിവയില്‍ വന്‍തോതില്‍ വിഷാംശമുള്ളതായി വിവിധ സാമ്പിള്‍ പരിശോധനകളില്‍ കണ്ടത്തെിയിരുന്നു.
പച്ചക്കറിയിലെ വിഷാംശം പരിശോധിക്കാന്‍ സര്‍ക്കാര്‍ ലാബുകളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിക്കുന്ന പച്ചക്കറി സാമ്പിളുകള്‍ എറണാകുളം, തിരുവനന്തപുരം ലാബുകളില്‍ പരിശോധിക്കാന്‍ സംവിധാനമുണ്ട്. മൂന്നാഴ്ചക്കകം ഫലം ലഭിക്കും. കീടനാശിനിയുടെ അംശം അനുവദനീയമായതിലും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ കര്‍ഷകര്‍ക്കെതിരെയും വ്യാപാരിക്കെതിരെയും നിയമ നടപടിയെടുക്കും. വിഷാംശമുള്ള പച്ചക്കറി തിരിച്ചയക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കിലും ഫലം വരാന്‍ മൂന്നാഴ്ച എടുക്കുന്നതിനാല്‍ ഇത് പ്രായോഗികമല്ളെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെക്പോസ്റ്റുകളില്‍തന്നെ പച്ചക്കറി പരിശോധനക്ക് ലാബ് ഒരുക്കുക അസാധ്യമാണെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.