ഭക്ഷ്യസുരക്ഷ: ചെക്പോസ്റ്റുകളിലെ മൊബൈല്‍ ലാബുകള്‍ യാഥാര്‍ഥ്യമായില്ല

പാലക്കാട്: അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്ഷ്യവസ്തുക്കളില്‍ മായമുണ്ടോയെന്ന് പരിശോധിക്കാന്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ മൊബൈല്‍ ലാബുകള്‍ സജ്ജമാക്കുമെന്ന ഭക്ഷ്യസുരക്ഷാ കമീഷണറുടെ പ്രഖ്യാപനം നടപ്പായില്ല. ഒരു വര്‍ഷം കഴിഞ്ഞിട്ടും വകുപ്പിന്‍െറ ഭാഗത്തുനിന്ന് തുടര്‍നടപടികളില്ലാത്തതാണ് കാരണം. സംസ്ഥാനത്ത് മൂന്ന് മൊബൈല്‍ ലബോറട്ടികള്‍ തുടങ്ങുമെന്നും ഒരെണ്ണം പൂര്‍ണമായും പാലക്കാട് കേന്ദ്രീകരിച്ചാകുമെന്നായിരുന്നു കമീഷണര്‍ പ്രഖ്യാപിച്ചത്. ഭക്ഷ്യവസ്തുക്കള്‍ ഏറ്റവുമധികം എത്തുന്നത് പാലക്കാട് ജില്ലയിലെ ആറ് ചെക്പോസ്റ്റുകള്‍ വഴിയാണ്.

എണ്ണ, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവ പരിശോധിക്കാന്‍ മൊബൈല്‍ ലാബില്‍ സൗകര്യമൊരുക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. നിലവില്‍ ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്തിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സാമ്പിള്‍ തിരുവനന്തപുരം ഗവ. ലാബിലേക്കോ എറണാകുളം, കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലാബുകളിലേക്കോ അയക്കണം. ഫലം ലഭിക്കാന്‍ ഒരാഴ്ചയിലധികമെടുക്കും. മൊബൈല്‍ ലാബ് പ്രവര്‍ത്തനസജ്ജമായാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഫലം ലഭ്യമാവും. വ്യാപാര ലോബിയുടെ സമ്മര്‍ദത്തെതുടര്‍ന്നാണ് ലാബ് എന്ന ആശയം മുളയിലേ കൂമ്പടഞ്ഞതെന്നാണ് സൂചന.

 ലാബിലേക്കയക്കുന്ന സാമ്പിളുകളില്‍ മായം കണ്ടത്തെിയാലും കേസിനപ്പുറം കര്‍ശന നടപടികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍െറ ഭാഗത്തുനിന്നുണ്ടാവാറില്ല. പച്ചക്കറി, പഴവര്‍ഗ സാമ്പിളുകളുടെ ഫലം വൈകുന്നതിനാല്‍ വിഷംകലര്‍ന്ന ലോഡുകള്‍ മടക്കിയയക്കുക അപ്രായോഗികമാണ്. ഹോട്ടല്‍, കൂള്‍ബാള്‍, ബേക്കറി തുടങ്ങിയ കേന്ദ്രങ്ങളില്‍നിന്ന് സാമ്പിളെടുത്ത് തത്സമയ പരിശോധന നടത്തുകയും കര്‍ശന നടപടി ഉണ്ടാവുകയും ചെയ്താല്‍ മാത്രമേ ഭക്ഷണം മായമുക്തമാക്കാന്‍ സാധിക്കൂ. ഇതിന് മൊബൈല്‍ ലാബുകള്‍ അനിവാര്യമാണ്. ഉദ്യോഗസ്ഥരുടെ കുറവും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാണ്. രജിസ്ട്രേഷന്‍ നടപടികള്‍ക്കാവശ്യമായ ജീവനക്കാര്‍ പോലും വകുപ്പിലില്ല. ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരുടെ 86 ഒഴിവ് നികത്താന്‍ പി.എസ്.സി നടപടി തുടങ്ങിയിരുന്നെങ്കിലും തെരഞ്ഞെടുപ്പായതോടെ നിയമനം വൈകി. ഇതിനായി ഇന്‍റര്‍വ്യൂ തീരുമാനിച്ചിട്ടുണ്ട്. നിയമസഭാ മണ്ഡലങ്ങള്‍ തോറും ഓഫിസര്‍മാര്‍ വേണമെന്നാണ് വ്യവസ്ഥ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.