അംബേദ്കറുടെ ജീവചരിത്രം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ധൈര്യമുണ്ടോ –ആര്‍.ബി. ശ്രീകുമാര്‍


കോഴിക്കോട്: അംബേദ്കറുടെ ജീവചരിത്രം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഏതെങ്കിലും സര്‍ക്കാറിന് ധൈര്യമുണ്ടോയെന്ന് ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍. സെക്കുലര്‍ കലക്ടീവ്, ബാങ്ക്മെന്‍സ് ക്ളബ്, കേളുഏട്ടന്‍ പഠനകേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഗുജറാത്ത് ബിഹൈന്‍ഡ്സ് കര്‍ട്ടന്‍’ എന്ന പുസ്തകത്തിന്‍െറ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഗ്രന്ഥകര്‍ത്താവായ അദ്ദേഹം. ഇതുസംബന്ധിച്ച് താന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്ത് നല്‍കിയെങ്കിലും മറുപടിപോലും തന്നില്ല. പുതിയ എല്‍.ഡി.എഫ് സര്‍ക്കാറിന് അതിന് ധൈര്യമുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്‍െറ വെല്ലുവിളി.  അധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം ഭരണഘടനയുടെ മൂലസിദ്ധാന്തത്തോട് താല്‍പര്യം കുറയുന്നതിന്‍െറ ഭാഗമാണ് ഗുജറാത്ത് പോലുള്ള കൂട്ടക്കൊലകള്‍ക്ക് കാരണമാകുന്നത്.
ഗുജറാത്തില്‍ സംഭവിച്ചതിനെപ്പറ്റി സംഘ്പരിവാറുകാര്‍ പ്രചരിപ്പിക്കുന്നതിനെതിരായി നിരവധി തെളിവുകള്‍ കോണ്‍ഗ്രസുകാര്‍ക്ക് കിട്ടിയിട്ടും അവര്‍ പ്രതികരിക്കാത്തത് സിഖ് കൂട്ടക്കൊലയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് മറുപടി പറയേണ്ടിവരുമെന്ന് ഭയന്നാണ്. ഗുജറാത്ത് കലാപം നടന്ന ദിവസം അന്നത്തെ മുഖ്യമന്ത്രി മോദി പറഞ്ഞത് മൂന്നുദിവസം ഹിന്ദുവികാരം കത്തിജ്വലിക്കുമെന്നും നിങ്ങള്‍ (പൊലീസ്) പ്രതികരിക്കരുതെന്നുമായിരുന്നു. താന്‍ ഇന്‍റലിജന്‍സ് എ.ഡി.ജി.പിയായിരുന്ന സമയത്ത് നല്‍കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി മോദി കണ്ടതിന്‍െറ രേഖാമൂലമുള്ള തെളിവുണ്ടായിട്ടും മോദിക്കെതിരെ കേസുണ്ടായില്ല. കുറ്റകൃത്യത്തെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിട്ടും അത് തടയാനുള്ള നടപടിയെടുക്കാത്തത് ഒരുവര്‍ഷം വരെ തടവുലഭിക്കാവുന്ന ശിക്ഷയാണ്. ഗുജറാത്ത് കലാപത്തില്‍ അഞ്ചു കൂട്ടം കുറ്റവാളികള്‍ പങ്കാളികളായിട്ടുണ്ടെങ്കിലും ഏറ്റവും അടിത്തട്ടിലുള്ള കാലാള്‍പ്പടക്കുനേരെ മാത്രമാണ് നീതിന്യായ വ്യവസ്ഥക്ക് നടപടിയെടുക്കാന്‍ കഴിഞ്ഞത്. നിയമവ്യവസ്ഥയെല്ലാം അവഗണിച്ച ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള തന്‍െറ കുറ്റപത്രമാണ് ഈ പുസ്തകമെന്നും അത് ഇന്ത്യയിലെ ജനസമൂഹത്തിനുമുന്നില്‍ സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിന്‍െറ കഥപറയുമ്പോള്‍ രാഷ്ട്രീയക്കാര്‍പോലും കാണിക്കാത്ത ധൈര്യംകാണിക്കുന്ന വ്യക്തിയാണ് ശ്രീകുമാറെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വി.കെ.സി. മമ്മദ്കോയ എം.എല്‍.എ പറഞ്ഞു. പ്രഫ. കെ. ഗോപാലന്‍കുട്ടി അധ്യക്ഷത വഹിച്ചു. ദയാപുരം ഗ്രൂപ്പിന്‍െറ മുഖ്യരക്ഷാധികാരി സി.പി. അബ്ദുറഹിമാന്‍, ഡോ. കെ. സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.