നിയന്ത്രണംവിട്ട ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി; 31 പേര്‍ക്ക് പരിക്ക്

ചെങ്ങന്നൂര്‍: എം.സി റോഡില്‍ മുളക്കുഴ പാങ്കാവ് ജങ്ഷന് സമീപം കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 31 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണംവിട്ട ബസ് തൊട്ടടുത്ത പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി. ഇവിടെ ഇന്ധനം നിറച്ചുകൊണ്ടിരുന്ന മറ്റൊരു ലോറിയില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പമ്പിലുണ്ടായിരുന്ന ബൈക്കും ബസ് ഇടിച്ചുതെറിപ്പിച്ചു. ശനിയാഴ്ച രാവിലെ 7.15നായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് മൂന്നാറിലേക്ക് പോയ ബസും പെരുമ്പാവൂരില്‍നിന്ന് പന്തളം ഭാഗത്തേക്ക് പോയ ലോറിയുമാണ് അപകടത്തില്‍പെട്ടത്. ബസിന്‍െറ അമിതവേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികളും പെട്രോള്‍ പമ്പിലെ നിരീക്ഷണ കാമറ പരിശോധിച്ചശേഷം പൊലീസും പറഞ്ഞു.

അപകടത്തില്‍ പരിക്കേറ്റവരെ ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയിലും മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വലതുകണ്ണിന് ഗുരുതര പരിക്കേറ്റ ബസ് ഡ്രൈവര്‍ നെയ്യാറ്റിന്‍കര ഡിപ്പോയിലെ ടി.പി. അജിയെ (33) പിന്നീട് വിദഗ്ധ ചികിത്സക്കായി എറണാകുളം കിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇതേ ഡിപ്പോയിലെ കണ്ടക്ടര്‍ രതീഷ് (28), യാത്രക്കാരായ കവടിയാര്‍ സ്വദേശിനി നിര്‍മല (55), കൊട്ടാരക്കര രാജമന്ദിരം ഡോ. ബിനു (33), തട്ടേക്കാട് നല്ലത്ത് ഗിരിജാകുമാരി (54), ആര്യ (34), സുജിത്ത് (35), കൊല്ലം അജയവിലാസം അജയന്‍ (34), പന്തളം മുടിയൂര്‍ക്കോണം സ്വദേശിനി മിനി മധു, പി.എം. ജോസ്, മിത്രക്കരി ചിറക്കരമഠം പാര്‍വതിദേവി, ആശ സജീവ്, രേഖ (33), പന്തളം രമാനിവാസ് പ്രസാദ് (54), അഞ്ചല്‍ പ്രവീണ്‍, സദനം പ്രീത, ജോബി, ഷിബുബേബി, അടൂര്‍ ചാരുവിള ജെറിന്‍ സജി (23), പെണ്‍പകല്‍ കല്ലുവിള രതീഷ് വര്‍ഗീസ് (28), തട്ടക്കാട് നല്ലില പ്രസീദ (45), കൊട്ടാരക്കര ഉമേഷ് ഭവനം ഉദയലക്ഷ്മി (27), വിജയലക്ഷ്മി (47), പള്ളിക്കല്‍ ശ്രീകുമാര്‍ ഭവനം ശ്രീദേവി (40), തിരുവനന്തപുരം മണക്കാട് ഹരിനാരായണന്‍ (48), മല്ലിക (48), കൊല്ലം രാജീവ് ഭവനം രാജീവ്, പള്ളിക്കല്‍ വിനായകത്തില്‍ പ്രമോദ് (61), കുഞ്ഞുമോള്‍ ബേബി, സാറാമ്മ മാത്യു, ഷിജു (39), മിനി ബോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തില്‍ ബസിന്‍െറ കമ്പിയിലും സീറ്റിലും ഇടിച്ചും പ്ളാറ്റ്ഫോമില്‍ വീണുമാണ് പലര്‍ക്കും പരിക്കേറ്റത്.

ദുരന്തം ഒഴിവായത് തലനാരിഴക്ക്
ചെങ്ങന്നൂര്‍: എം.സി റോഡില്‍ മുളക്കുഴയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വന്‍ദുരന്തം ഒഴിവായത് തലനാരിഴക്ക്. ലോറിയിലിടിച്ച ശേഷം നിയന്ത്രണം വിട്ട ബസ് സമീപത്തെ പെട്രോള്‍ പമ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ലോറിയില്‍ ഇടിച്ചതിന്‍െറ ആഘാതത്തില്‍ ഡ്രൈവര്‍ സീറ്റില്‍നിന്ന് തെറിച്ച് ബസിനുള്ളിലേക്കുതന്നെ വീണു. ഇടിയത്തെുടര്‍ന്ന് മുന്‍വശത്തെ ഗ്ളാസുകള്‍ ഉടഞ്ഞ് ഇയാളുടെ വലത് കണ്ണിലേക്ക് തുളച്ചുകയറി. ഇതോടെ ഡ്രൈവറില്ലാതെ ഓടിയ ബസാണ് പെട്രോള്‍ പമ്പിലേക്ക് തിരിഞ്ഞുകയറിയത്.
ആദ്യ ഇടിയില്‍തന്നെ ബസിന്‍െറ ഡീസല്‍ ടാങ്ക് പൊട്ടി ഡീസല്‍ പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയിരുന്നു. ഈസമയം തീപ്പൊരി ഉണ്ടാകാതിരുന്നതും മഴ പെയ്തുകൊണ്ടിരുന്നതും തീപിടിത്തം ഉണ്ടാകാതിരിക്കാന്‍ കാരണമായി. ലോറി പെട്രോള്‍ പമ്പിലെ മെഷീന്‍ മറഞ്ഞുകിടന്നതുകൊണ്ട് ഇതിലേക്ക് ബസ് ഇടിച്ചുകയറാതിരിക്കാനും കാരണമായി. ഇത്തരത്തില്‍ പമ്പിലെ മെഷീനിലേക്ക് നേരിട്ട് ഇടിച്ചുകയറിയിരുന്നെങ്കില്‍ തീപിടിത്തമുണ്ടാകുന്നതിനും പമ്പിലെ നിരവധി ടാങ്കുകളിലായി ശേഖരിച്ചിരുന്ന പെട്രോളും ഡീസലും ഉള്‍പ്പെടെ പൊട്ടിത്തെറിച്ച് വന്‍ ദുരന്തത്തിന് വഴിവെക്കുമായിരുന്നു.

ദുരന്ത തുരുത്തായി പെട്രോള്‍ പമ്പ് ജങ്ഷന്‍
ചെങ്ങന്നൂര്‍: എം.സി റോഡില്‍ മുളക്കുഴ പാങ്കാവ് ജങ്ഷനിലെ പെട്രോള്‍ പമ്പ് പ്രവര്‍ത്തിക്കുന്ന സ്ഥലം ദുരന്ത തുരത്തായി മാറുന്നു. രണ്ടുവര്‍ഷം മുമ്പ് ഇതേ പമ്പില്‍നിന്നും ഇന്ധനം നിറച്ച് പുറത്തേക്കിറങ്ങിയ ബൈക്ക് യാത്രക്കാരിലൊരാള്‍ പമ്പിലേക്ക് കാര്‍ പാഞ്ഞുകയറി മരിച്ചിരുന്നു. പമ്പിന് സമീപം പിതാവിന്‍െറ സ്കൂട്ടറില്‍ യാത്രചെയ്ത ആയുര്‍വേദ ഡോക്ടറായ മകള്‍ ബസിടിച്ച് മരിച്ചിട്ട് അധികകാലം ആയില്ല. പമ്പിന്‍െറ ഉടമസ്ഥന്‍ ശങ്കരമംഗലത്ത് മുരളീധരന്‍ നായര്‍ ഇതേ പമ്പിന് മുന്നില്‍ ആക്രമികളുടെ അടിയേറ്റ് മരിച്ചു. ദിവസങ്ങള്‍ക്കുമുമ്പ് ചെങ്ങന്നൂരില്‍ പിതാവിനെ മകന്‍ വെടിവെച്ച് കൊല്ലാനായി തെരഞ്ഞെടുത്തതും ഈ പെട്രോള്‍ പമ്പിന്‍െറ സമീപമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.