കോഴിക്കോട്: റമദാനിന്‍െറ ഈ വിശപ്പുള്ള നാളുകളിലും സുലൈമാന്‍ നിരന്തര വായനയിലാണ്.  ഇദ്ദേഹത്തിന്‍െറ വായനയെ വേറിട്ടുനിര്‍ത്തുന്ന ഒരു കാര്യമുണ്ട്. വിലകൊടുത്ത് വാങ്ങിയ പുസ്തകങ്ങളല്ല, എല്ലാവരും വായിച്ച് ഉപേക്ഷിക്കുന്ന പുസ്തകങ്ങളില്‍നിന്നാണ് ഇദ്ദേഹത്തിന്‍െറ വായന തുടങ്ങുന്നത്. ചെറൂട്ടി റോഡില്‍ രണ്ടാംഗേറ്റിന് സമീപം പഴയ പുസ്തകങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്ന തിരൂര്‍ ചേന്നര സ്വദേശി സുലൈമാന്‍ തന്‍െറ പത്രക്കെട്ടുകള്‍ നിറഞ്ഞ ചെറിയ പെട്ടിക്കടയില്‍നിന്ന് അറിവിന്‍െറ പുതിയ വാതായനങ്ങള്‍ തേടുന്നു. ഈ കടയിലിരുന്നാണ് വൈക്കം മുഹമ്മദ് ബഷീറിനെയും  എം.ടി. വാസുദേവന്‍ നായരെയും ഉറൂബിനെയുമൊക്കെ ഇദ്ദേഹം അറിയുന്നത്. ബഷീറിന്‍െറ പാത്തുമ്മയുടെ ആട് വായിച്ചത് എത്രയോ തവണ.  റമദാനിന്‍െറ നാളുകളില്‍ സുലൈമാന്‍ വായിക്കുന്നത് ‘വിശുദ്ധ ഖുര്‍ആനിലെ ആരാധനാക്രമങ്ങള്‍’ എന്ന പുസ്തകം. ഡി.സി. ബുക്സ്, മാതൃഭൂമി, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം പ്രസാധകരുടെ മുതല്‍ നാഷനല്‍ ജിയോഗ്രാഫിക് മാഗസിന്‍വരെ ഇവിടെ എത്തുമ്പോള്‍ അവയുടെയെല്ലാം ആദ്യ വായനക്കാരന്‍ ഈ അറുപതുകാരനാണ്.  പത്രമോഫിസുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവരാണ് ഏറെയും പുസ്തകങ്ങള്‍ വില്‍ക്കാന്‍ വരുന്നത്.

അവരിലൂടെ കൈമാറുന്ന അറിവുകള്‍ അങ്ങനെ അറിവിന്‍െറ സുലൈമാനിയായി. എസ്.എസ്.എല്‍.സിവരെയേ പഠിച്ചിട്ടുള്ളൂവെങ്കിലും മലയാളത്തിന് പുറമെ, ഇംഗ്ളീഷ്, അറബി, ഹിന്ദി ഭാഷകളും അറിയാം. പത്രക്കെട്ടുകള്‍ക്കുള്ളില്‍നിന്ന്  റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ മുതല്‍ പണം വരെ ലഭിക്കാറുണ്ട്. രേഖകള്‍ വിലാസത്തില്‍ കത്തയച്ച്  ആളെ വരുത്തി തിരികെ നല്‍കും. ആരും വരാത്തവയുമുണ്ട്.  

സര്‍ക്കാര്‍ ഓഫിസുകളില്‍നിന്നുള്ള കെട്ടുകളില്‍നിന്നാണ് പണം ലഭിക്കാറ്. മക്കള്‍ക്കുള്ള പുസ്തകങ്ങള്‍പോലും പലപ്പോഴും ഈ കെട്ടുകളില്‍നിന്നാണ് കണ്ടത്തൊറ്. പിതാവില്‍നിന്ന് കൈമാറിക്കിട്ടിയ ജോലിയാണ്. വലിയ വരുമാനമൊന്നുമില്ളെങ്കിലും പതിനഞ്ച് വര്‍ഷമായി പിടിച്ചുനിര്‍ത്തുന്നത് വായനയോടുള്ള കൊതി അതൊന്നു മാത്രമാണ്. തനിക്കിത് കച്ചവടമല്ല, വായനയാണ് ലാഭം- സുലൈമാന്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.