നനഞ്ഞ് കുതിര്‍ന്ന നോമ്പുതുറ

നോമ്പ് പുണ്യങ്ങളുടെ പൂക്കാലം മാത്രമല്ല, ഓര്‍മകളുടെ പെരുമഴക്കാലവുമാണ്. ഓരോ നോമ്പ് കാലവും കഴിഞ്ഞുപോയ നോമ്പ് കാലത്ത് നടന്ന പല സംഭവങ്ങളും നമ്മെ ഓര്‍മിപ്പിക്കും. വര്‍ഷം 20 കഴിഞ്ഞിട്ടും മറക്കാത്ത ഒരു നോമ്പ് തുറ എന്‍െറ നോമ്പോര്‍മകളില്‍ മങ്ങാതെ കിടപ്പുണ്ട്. എല്ലാ നോമ്പിനും ഞങ്ങള്‍ സുഹൃത്തുക്കളില്‍ ചിരി വിടര്‍ത്തുന്ന ഒരോര്‍മ. നോമ്പ് കാലത്തെ ഏറ്റവും വലിയ സന്തോഷമാണല്ളോ നോമ്പ് തുറ. കൂട്ടുകാരന്‍ ഫോണ്‍ ചെയ്ത് നോമ്പിന്‍െറ വിശേഷങ്ങള്‍ ചോദിച്ചപ്പോള്‍ ഞങ്ങള്‍ ജോലിസ്ഥലത്തുള്ളവരെല്ലാം ഒന്നിച്ച് വട്ടമിട്ടിരുന്ന് ഭക്ഷണം കഴിക്കുന്നതിലെ സന്തോഷവും സ്വാദിഷ്ടമായ നാടന്‍ വിഭവങ്ങളെ പറ്റിയുമൊക്കെ ഞാന്‍ വിശദമായി തന്നെ അവനോട് പറഞ്ഞു. ‘നിന്‍െറ നോമ്പ് തുറയൊക്കെ എങ്ങിനെയാ’ എന്ന മറുചോദ്യത്തിന് ഇവിടെ ചുറ്റും അറബി വീടുകളല്ളേ, വൈകുന്നേരം അവിടെ നിന്നൊക്കെ മജ്ബൂസും ബിരിയാണിയും അലിസയും കൊണ്ട് വരും, അതുകളയരുത് എന്ന ന്യായം പറഞ്ഞ് മുതലാളി വേറൊന്നും വാങ്ങുകയില്ളെന്നായിരുന്നു മറുപടി.

എല്ലാദിവസവും നോമ്പ് തുറക്കുമ്പോഴും അത്താഴത്തിനും ബിരിയാണി തിന്ന് മടുത്തെടാ, എല്ലാ ദിവസവും വേണ്ട ഒരു ദിവസമെങ്കിലും നാടന്‍ പത്തിരിയും എണ്ണക്കടികളുമൊക്കെ കൂട്ടി നോമ്പ് തുറക്കാന്‍ വല്ലാതെ കൊതിയാവുന്നെടാ എന്ന്അവന്‍ പറഞ്ഞപ്പോള്‍ എനിക്ക് സങ്കടം തോന്നി. റമദാനിലും മനസിനിഷ്ടപ്പെട്ടത് കഴിക്കാനാവാത്ത അവനോട് നോമ്പ് തുറ വിഭവങ്ങളെ കുറിച്ച് വാചാലനായത് ശരിയായില്ളെന്ന കുറ്റബോധം എന്നെ അലട്ടി. തന്‍െറ സൗഭാഗ്യങ്ങളെ കുറിച്ച് അതില്ലാത്തവരോട് പറയരുത് എന്നാണല്ളോ പ്രവാചകന്‍ പഠിപ്പിച്ചത്. ഒരാശ്വാസത്തിന് വേണ്ടി ഞങ്ങളുടെ മറ്റൊരു സുഹൃത്തുമായി ഇക്കാര്യങ്ങള്‍ ഞാന്‍ ഫോണിലൂടെ പങ്കുവെച്ചു.‘അവന്‍െറ ആഗ്രഹം നമുക്ക് നടത്തിക്കൊടുക്കണം, ഒരു ദിവസം അവനെ നാടന്‍ വിഭവങ്ങള്‍ കൊണ്ട് നോമ്പ് തുറപ്പിക്കണം, അല്ളെങ്കില്‍ നമ്മളെന്തിനാടോ സുഹൃത്തുക്കള്‍ എന്ന് പറഞ്ഞുനടക്കുന്നത് എന്ന അവന്‍െറ ചോദ്യം എന്നെയും ഉത്സാഹിയാക്കി. ഞങ്ങള്‍ അവനൊരു ദിവസം നോമ്പ് തുറ ഒരുക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷെ അവനും മുതലാളിയും മാത്രമുള്ള ചെറിയ ബക്കാലയില്‍ നിന്ന് അവന് ലീവ് കിട്ടുമായിരുന്നില്ല. എങ്കിലും ഞങ്ങള്‍ പിന്മാറിയില്ല.

ഞങ്ങള്‍ രണ്ട് പേരും ഒരു ദിവസം ലീവെടുത്ത് ഹോട്ടലില്‍ നിന്ന് നാടന്‍ വിഭവങ്ങളും പഴങ്ങളും ജ്യൂസും ഡിസ്പോസിബ്ള്‍ പാത്രങ്ങളും മറ്റും വാങ്ങി അവന്‍െറ കടക്കരികിലേക്ക് ചെന്നു. ഇങ്ങനെ നോമ്പ് തുറപ്പിക്കുന്നത് മുതലാളിക്ക് ഇഷ്ടമായില്ളെങ്കിലോ എന്ന് കരുതി ഞങ്ങള്‍ അവന്‍ ജോലി ചെയ്യുന്ന കടയുടെ പിന്നിലുള്ള റൗണ്ടെബൗട്ടില്‍ സുപ്ര വിരിച്ച് വിഭവങ്ങള്‍ എല്ലാം നിരത്തി വെച്ചു. നിറയെ നല്ല പുല്‍ത്തകിടി ആയിരുന്നതിനാല്‍ അവിടെ ഇരിക്കാനും നല്ല സൗകര്യമായിരുന്നു. ഇഫ്താറിന് കട പൂട്ടുന്ന സമയമായപ്പോള്‍ സുഹൃത്ത് ഭക്ഷണത്തിന് കാവല്‍ നിന്നു. ഞാന്‍ കടയില്‍ പോയി അവനെയും കൂട്ടി പുല്‍ത്തകിടിയിലെ സുപ്രക്കരികിലത്തെി. സുപ്രയിലെ വിഭവങ്ങള്‍ കണ്ട് അവന്‍ അമ്പരന്നു. സുഹൃത്തുക്കളുടെ ആത്മാര്‍ഥ സ്നേഹം അവന്‍െറ കണ്ണുകള്‍ നനയിച്ചു. ഞങ്ങള്‍ പരസ്പരം ആലിംഗനം ചെയ്തു.  

മഗ്രിബ് ബാങ്കിന് ഇനി ഏതാനും മിനിറ്റുകള്‍ മാത്രമേ ഉള്ളൂ. ഞങ്ങള്‍ ബാങ്കിന് കാതോര്‍ത്ത് ഭക്ഷണത്തിന് മുന്നില്‍ ഇരുന്നു. പെട്ടെന്നാണ് ചാറ്റല്‍മഴ പെയ്യുന്നത് പോലെ തോന്നിയത്. അത് മഴയായിരുന്നില്ല, പുല്‍ത്തകിടിയില്‍ ഒളിച്ചിരുന്ന വാട്ടര്‍ പൈപ്പുകള്‍ നീട്ടിത്തുപ്പിയതായിരുന്നു. ഞങ്ങള്‍ തുറന്ന് വെച്ച ഭക്ഷണസാധനങ്ങള്‍ എടുത്ത് മാറ്റാനുള്ള സാവകാശം കൂടി നല്‍കാതെ ചുറ്റുമുള്ള പൈപ്പുകള്‍ മലിനജലം തെറുപ്പിച്ച് നൃത്തം വെക്കാന്‍ തുടങ്ങി. കൂട്ടുകാരന് വേണ്ടി സ്നേഹം വിളമ്പിയ സുപ്രയും വിഭവങ്ങളും മലിനജലത്തില്‍ നനഞ്ഞുകുതിരുന്നത് മൂന്നുപേര്‍ക്കും നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.
‘നിങ്ങള്‍ കൊണ്ടുവന്ന വിഭവങ്ങള്‍ കൊണ്ട് വയറു നിറഞ്ഞില്ളെങ്കിലെന്താ, നിങ്ങളുടെ സ്നേഹം കൊണ്ടെന്‍െറ മനസ്സ് നിറഞ്ഞു’ എന്ന് പറഞ്ഞ് അവന്‍ ഞങ്ങളെ യാത്രയാക്കുമ്പോള്‍ ഞങ്ങളുടെ മുഖത്തെ സങ്കടം മാഞ്ഞിരുന്നില്ളെങ്കിലും ഇന്നും ആ സംഭവം ഓര്‍മകളില്‍ ചിരി വിടര്‍ത്തി മങ്ങാതെ മനസ്സിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.