സരിതയെ കണ്ടിട്ടുണ്ടെന്ന് അനില്‍കുമാര്‍; പുലര്‍ച്ചെവരെ ഫോണില്‍ സംസാരിക്കേണ്ടി വന്നിട്ടുണ്ടെന്ന് മോന്‍സ് ജോസഫ്

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുമായി പുലര്‍ച്ചെ രണ്ടുവരെ സമയങ്ങളില്‍ ഫോണ്‍ സംഭാഷണം നടത്തിയിട്ടുണ്ടെന്ന് മുന്‍ മന്ത്രിയും കടുത്തുരുത്തി എം.എല്‍.എയുമായ മോന്‍സ് ജോസഫ്. സോളാര്‍ കമീഷന്‍ മുമ്പാകെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം സമ്മതിച്ചത്.
തിരക്കുമൂലം പല ഫോണ്‍ വിളികളും നേരിട്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ളെന്നും ചിലപ്പോള്‍ രാത്രി വൈകി മാത്രമേ തിരികെവിളിക്കാന്‍ സാധിച്ചിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സരിതയെ  കണ്ടിട്ടുണ്ടെന്നും എന്നാല്‍, സോളര്‍ കേസിലെ മുഖ്യ പ്രതികളിലൊരാളായ ബിജു രാധാകൃഷ്ണനെ കണ്ടിട്ടില്ളെന്നും മുന്‍ മന്ത്രിയും എം.എല്‍.എയുമായ എ.പി. അനില്‍കുമാര്‍  വ്യക്തമാക്കി. മലപ്പുറത്തെ ടീം സേളാര്‍ ഓഫിസ് ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ സരിത ഒൗദ്യോഗിക വസതിയിലെ ഓഫിസില്‍ എത്തിയിട്ടുണ്ട്. കോഴിക്കോട്ടും മലപ്പുറത്തും പരിപാടികള്‍ക്ക് ക്ഷണിച്ചെങ്കിലും പങ്കെടുത്തില്ല.

മലപ്പുറം കോട്ടക്കുന്ന് ഇക്കോ ടൂറിസം, കോവളം സോളാര്‍ എനേബിള്‍ഡ് ബ്യൂട്ടിഫിക്കേഷന്‍, കെ.ടി.ഡി.സി മോട്ടല്‍ ആരാം സോളാര്‍ വാട്ടര്‍ ഹീറ്റര്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ സമര്‍പ്പിച്ചിരുന്നെന്ന സരിതയുടെ മൊഴി ശരിയല്ല. സരിതയുടെ രണ്ട് നമ്പറുകളില്‍നിന്നായി 2012 ജൂണ്‍ എട്ടുമുതല്‍ 2013 ഏപ്രില്‍ ഏഴുവരെ 22 കോളുകളും 2013 ജനുവരി 31മുതല്‍ ഫെബ്രുവരി രണ്ടുവരെ നാല് സംഭാഷണങ്ങളും നടന്നതായ രേഖകള്‍ ശരിയാണ്.
തന്‍െറ ഒൗദ്യോഗിക വസതിയായിരുന്ന റോസ് ഹൗസ്, കേരള ഹൗസ്, ലെ മെറിഡിയന്‍ ഹോട്ടല്‍ എന്നിവിടങ്ങളില്‍വെച്ച് സരിത പീഡിപ്പിക്കപ്പെട്ടെന്ന വാര്‍ത്ത കണ്ടിട്ടില്ല. മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി കേശവന്‍ എന്ന വ്യാജേന തന്നെ ചാനല്‍ പ്രവര്‍ത്തകന്‍ ഫോണില്‍ വിളിച്ച സംഭവത്തില്‍ സുഹൃത്തുക്കളുടെ അഭിപ്രായം മാനിച്ചാണ് നിയമനടപടികളുമായി മുന്നോട്ടുപോകാതിരുന്നതെന്നും അനില്‍കുമാര്‍ പറഞ്ഞു.

മോന്‍സ് ജോസഫിന്‍െറ മൊബൈല്‍ നമ്പറിലേക്ക് സരിതയുടെ നമ്പറായ 8606161700ല്‍നിന്ന് 2012 ജൂണ്‍ 14 മുതല്‍ 2013 ഫെബ്രുവരി 19വരെ 57 തവണ വിളിച്ചതായും സരിതയുടെ മറ്റൊരു നമ്പറായ 9446735555ലേക്ക് 2012 നവംബര്‍ 14മുതല്‍ 2013മേയ് മൂന്നുവരെ അങ്ങോട്ടുമിങ്ങോട്ടും 107 ഫോണ്‍ വിളികള്‍ നടന്നതായുമുള്ള രേഖകള്‍ കമീഷന്‍ അദ്ദേഹത്തെ കാണിച്ചു. അഭിഭാഷക സംഘടനയായ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂനിയനുവേണ്ടി ഹാജരായ ബി. രാജേന്ദ്രന്‍ ഇവയില്‍ 57 കോളുകളില്‍ 39 എണ്ണവും 107 കോളുകളില്‍ 76 എണ്ണവും രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ രണ്ടുവരെ സമയങ്ങളിലാണെന്ന് ചൂണ്ടിക്കാട്ടി. 107 കോളുകളില്‍ 69 എണ്ണം തന്‍െറ ഫോണില്‍നിന്ന് സരിതയുടെ ഫോണിലേക്ക് വളിച്ചതാണെന്നും  2013 ഫെബ്രുവരി 13ന് രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ 1.15വരെ സമയങ്ങളില്‍  13 തവണ വിളിച്ചതായും അദ്ദേഹം സമ്മതിച്ചു. തന്‍െറ മണ്ഡലത്തില്‍ ടീം സോളാര്‍ നടപ്പാക്കാമെന്ന് ഏറ്റതുവഴി വിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു ഫോണ്‍ വിളികള്‍.

സരിതക്ക് തെളിവ് സമര്‍പ്പിക്കാനുള്ള അവസാന അവസരം ഇന്നെന്ന് കമീഷന്‍
കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായര്‍ക്ക് തെളിവുകള്‍ സമര്‍പ്പിക്കാനുള്ള അവസാന അവസരം വ്യാഴാഴ്ചയായിരിക്കുമെന്ന്  സോളാര്‍ കമീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍. കൂടുതല്‍ സമയം വേണമെന്ന സരിതയുടെ അഭിഭാഷകന്‍ സി.ഡി. ജോണിയുടെ അപേക്ഷ തള്ളിയ ശേഷമാണ് കമീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ളെന്ന് കര്‍ശനഭാഷയില്‍ വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ 11ന് ഹാജരായില്ളെങ്കില്‍ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുമെന്നും അവരെ ഇക്കാര്യം ഉടന്‍ ഫോണില്‍ അറിയിച്ചശേഷം മറുപടി നല്‍കണമെന്നും അഭിഭാഷകനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സരിത വ്യാഴാഴ്ച കമീഷനില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍ ഉറപ്പുനല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.