കോട്ടായി (പാലക്കാട്): സുഹൃത്തിന്റെ വിവാഹത്തിന് ഒരേ കളർ വസ്ത്രം വാങ്ങിയതിന്റെ വിഹിതം നൽകാത്തതിന്റെ പേരിൽ കോട്ടായിയിൽ യുവാവിന്റെ വീട്ടിൽ ആക്രമണം. കീഴത്തൂർ കരിയാട്ടുപറമ്പ് വീട്ടിൽ മൻസൂറിന്റെ വീടാണ് അർധരാത്രിയിലെത്തിയ സംഘം ആക്രമിച്ചത്. ഇവരുടെ സുഹൃത്തിന്റെ വിവാഹത്തിന് ധരിക്കാനായി മറ്റുള്ളവരെല്ലാവരും ചേർന്ന് ഒരേ കളർ വസ്ത്രം വാങ്ങിയിരുന്നെന്നും ഇതിലുള്ള 600 രൂപ വിഹിതം നൽകാൻ മൻസൂർ വൈകിയെന്നതുമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.
മൻസൂറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഏഴു വാഹനങ്ങൾ ആക്രമികൾ തകർത്തു. ടിപ്പർ ലോറി, കാർ, നാല് ബൈക്കുകൾ, പരിസരത്ത് നിർത്തിയിട്ട ട്രാവലർ എന്നിവയാണ് അടിച്ചുതകർത്തത്. ശനിയാഴ്ച പുലർച്ച 3.30നാണ് സംഭവം. ഒരാഴ്ച മുമ്പ് നടന്ന സുഹൃത്തിന്റെ വിവാഹത്തോടനുബന്ധിച്ച് ഒരേ തരത്തിലുള്ള വസ്ത്രം (ഡ്രസ് കോഡ്) എടുത്തതുമായി ബന്ധപ്പെട്ട് 600 രൂപ മൻസൂർ നൽകാൻ വൈകിയതാണ് പ്രശ്നത്തിന്റെ തുടക്കമെന്ന് പറയുന്നു. ഇതുസംബന്ധിച്ച് നാലു ദിവസം മുമ്പ് സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കവും അടിപിടിയും നടന്നിരുന്നു.
അന്ന് ഇരുകൂട്ടരെയും കോട്ടായി പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് പ്രശ്നം പറഞ്ഞുതീർത്തു. പക്ഷേ, ഇതിന്റെ തുടർച്ചയായാണ് പുതിയ ആക്രമണം. ശനിയാഴ്ച പുലർച്ചെ പതിനഞ്ചോളം വരുന്ന സംഘം മൻസൂറിന്റെ വീട്ടിൽ മാരകായുധങ്ങളുമായെത്തി വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചു. വാതിൽ തുറക്കാത്തതിനാൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ നശിപ്പിക്കുകയായിരുവെന്ന് പറയുന്നു. വാഹനങ്ങൾ നശിപ്പിച്ചതോടെ 25 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വീട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.