ഇടുക്കിയിൽ രണ്ടു എൻജിനീയറിങ് വിദ്യാർഥികൾ മുങ്ങിമരിച്ച നിലയിൽ

മുട്ടം: അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ രണ്ടു എൻജിനീയറിങ് വിദ്യാര്‍ഥികളെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുട്ടം എം.ജി എൻജിനീയറിങ് കോളജിലെ മൂന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി മുരിക്കാശേരി തേക്കിന്തണ്ട് കൊച്ചുകരോട്ട് പരേതനായ ഷാജിയുടെ മകന്‍ ഡോണല്‍ ഷാജി (22), ഒന്നാം വര്‍ഷ സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ഥിനി പത്തനാപുരം മഞ്ഞക്കാല തലവൂര്‍ പള്ളിക്കിഴക്കേതില്‍ റെജി സാമുവലിന്റെ മകള്‍ അക്‌സാ റെജി (18) എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങള്‍ തൊടുപുഴയിലെ ഇടുക്കി ജില്ല ആശുപത്രിയിലേക്ക് മാറ്റി. കോളജിൽനിന്ന് മൂന്നു കിലോമീറ്റർ ദൂരത്താണ് വെള്ളച്ചാട്ടം. ഇരുവരെയും രാവിലെ മുതൽ കാണാനില്ലെന്ന് സഹപാഠികൾ പറഞ്ഞിരുന്നു. ഫോണുകളിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. ഇതിനിടെയാണ് അരുവിക്കുത്തിലേക്ക് രാസവസ്തുക്കൾ ഒഴുക്കുന്നുവെന്ന പരാതി റിപ്പോര്‍ട്ട് ചെയ്യാന്‍ ഉച്ചയോടെ എത്തിയ പ്രാദേശിക ടി.വി ചാനല്‍ സംഘം ഒരു പാറയില്‍ ബാഗും ഫോണും വസ്ത്രങ്ങളും വെച്ചിരിക്കുന്നത് ശ്രദ്ധിക്കുന്നത്. മലിനജലം ഒഴുക്കുന്നത് കാണാഞ്ഞതിനെ തുടര്‍ന്ന് സംഘം മടങ്ങി. പിന്നീട് വൈകീട്ട് നാലോടെ വീണ്ടും ചാനല്‍ സംഘമെത്തി. അപ്പോഴും ഫോണും മറ്റും അവിടെത്തന്നെ ഇരിക്കുന്നത് കണ്ടതോടെ സംശയം തോന്നി.

പ്രദേശവാസിയോട് വിവരം പറഞ്ഞതോടെ പൊലീസില്‍ അറിയിച്ചു. പൊലീസെത്തി ഫോൺ പരിശോധിക്കുന്നതിനിടെ വന്ന കോൾ എടുത്തതോടെയാണ് എൻജിനീയറിങ് കോളജിലെ കുട്ടികളാണെന്ന് മനസ്സിലാകുന്നത്. തൊടുപുഴയില്‍ നിന്നു അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ രഡോണലിന്റെ മൃതദേഹം കണ്ടെത്തി. വൈകീട്ട് 7.50ഓടെ കുത്തിന്റെ താഴെ ഭാഗത്തുനിന്നും അക്‌സയുടെ മൃതദേഹവും കണ്ടെടുത്തു.

Tags:    
News Summary - Engineering students drowned to death in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.