ദൈവിക ഗ്രന്ഥത്തോടും റമദാനോടും നീതിപുലര്‍ത്തുക

വിശ്വവിമോചക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്‍െറ അവതരണമാണ് റമദാന്‍ മാസത്തിന്‍െറ ഏറ്റവും വലിയ മഹത്ത്വം. അന്ത്യപ്രവാചകനിലൂടെ മാനവന് മാര്‍ഗദര്‍ശനമായി അന്തിമവേദഗ്രന്ഥം അവതരിപ്പിച്ചതിലൂടെ അല്ലാഹു ചെയ്ത അപാരമായ അനുഗ്രഹത്തിന് സമുചിതമായ രീതിയില്‍ നന്ദി പ്രകാശിപ്പിക്കാന്‍ വേണ്ടിയാണ് ഈ മാസത്തില്‍ നോമ്പനുഷ്ഠിക്കാന്‍ കല്‍പിച്ചത്. ‘ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായും, നേര്‍വഴികാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചുകാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായും ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍! അതുകൊണ്ട് ആ മാസത്തില്‍ നിങ്ങളില്‍ ആര് സന്നിഹിതരാണോ അവര്‍ നോമ്പനുഷ്ഠിക്കേണ്ടതാണ്’ (2:185)

വിശുദ്ധ ഖുര്‍ആന്‍  അവതരിച്ച രാത്രിയെ ലൈലത്തുല്‍ ഖദ്ര്‍ (നിര്‍ണയരാത്രി) എന്നാണ് വിശേഷിപ്പിക്കുന്നത്. അത് റമദാനിലെ അവസാന പത്തിലെ ഒറ്റരാവുകളില്‍ പ്രതീക്ഷിക്കാനാണ് നബി പറഞ്ഞത്. ആ ഒരൊറ്റ രാവ് ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമാണെന്നും മലക്കുകളും പരിശുദ്ധാത്മാവും അവരുടെ രക്ഷിതാവിന്‍െറ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ഇറങ്ങിവരുമെന്നും (97:4) ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ആ ഗ്രന്ഥം അവതരിച്ച മാസത്തിന്‍െറയും രാത്രിയുടെയും ശ്രേഷ്ഠത ഇത്രയുമാണെങ്കില്‍ ആ ഗ്രന്ഥത്തിന്‍െറ മഹത്ത്വം എത്രയായിരിക്കും! വിശുദ്ധ ഖുര്‍ആന്‍ പാരായണം, ശ്രവണം, പഠനം, മന$പാഠം, അത് ചര്‍ച്ചചെയ്യുന്ന സദസ്സില്‍ സന്നിഹിതരാകല്‍ എന്നിവയെല്ലാം പുണ്യകരവും പ്രതിഫലാര്‍ഹവുമാണ് എന്നത്  അതിന്‍െറ മഹത്ത്വം വിളിച്ചറിയിക്കുന്നു.

‘മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള സദുപദേശവും മനസ്സുകളിലെ രോഗത്തിന് ശമനവും നിങ്ങള്‍ക്ക് വന്നുകിട്ടിയിരിക്കുന്നു; സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും. പറയുക: അല്ലാഹുവിന്‍െറ അനുഗ്രഹവും കാരുണ്യവുംകൊണ്ടാണത്. അതുകൊണ്ട് അവര്‍ സന്തോഷിച്ചുകൊള്ളട്ടെ! അതാണ് അവര്‍ സമ്പാദിച്ചുകൂട്ടിക്കൊണ്ടിരിക്കുന്നതിനെക്കാള്‍ ഉത്തമം’ (10:57-58). ഖുര്‍ആന്‍ പാരായണത്തില്‍ താല്‍പര്യം കാണിക്കുകയും നോമ്പനുഷ്ഠിക്കുകയും നമസ്കാരത്തില്‍ നിഷ്ഠപുലര്‍ത്തുകയും ചെയ്യുന്നവരാണ് നമ്മിലധികവും. എന്നാല്‍, ഖുര്‍ആനിന്‍െറ ഉപദേശങ്ങള്‍ ചെവിക്കൊള്ളുന്നതിലോ അല്ലാഹു നല്‍കിയ ആ സിദ്ധൗഷധം മുഖേന മനസ്സിലെ രോഗങ്ങള്‍ ചികിത്സിച്ച് ഭേദമാക്കുന്നതിലോ, ഖുര്‍ആനിനനുസൃതമായി ജീവിതം ചിട്ടപ്പെടുത്തുന്നതിലോ സജീവതാല്‍പര്യം പുലര്‍ത്തുന്നവര്‍ എത്രയുണ്ട്? ഖുര്‍ആന്‍ പഠിച്ചവര്‍പോലും ദൈവികമാര്‍ഗദര്‍ശനം ഉള്‍ക്കൊണ്ട് ജീവിതം ശുദ്ധീകരിക്കാന്‍ ശ്രമിക്കുന്നതിനെക്കാള്‍, അനിഷ്ടമുള്ളവരെ നിലംപരിശാക്കാനുള്ള തെളിവുകള്‍ തേടുകയാണ് ചെയ്യുന്നത്! ഖുര്‍ആനിലെ ഓരോ സൂക്തവും നമ്മോടു പറയുന്നത് മനസ്സിലാക്കി നമുക്ക് വീഴ്ച സംഭവിച്ചുവോ എന്ന് പരിശോധിക്കുകയും പരിഹാരം കാണുകയുമാകണം നമ്മുടെ കര്‍ത്തവ്യം. നോമ്പിലൂടെ  നേടുന്ന ആത്മസംയമനം മനസ്സിന്‍െറ നിഷേധാത്മക ഭാവങ്ങളെ മാറ്റിയെടുത്ത് രചനാത്മക ചിന്തകളിലേക്ക് തിരിച്ചുവിടുന്നതിന് സഹായകമാകണം.  വാക്വിചാരകര്‍മങ്ങള്‍ ഖുര്‍ആനിക മാര്‍ഗദര്‍ശനത്തിന് അനുരൂപമാണോ എന്ന് വിലയിരുത്തണം. വ്രതനിഷ്ഠകൊണ്ട് ഇതിനുള്ള മാനസികപക്വത ആര്‍ജിക്കണം. വ്രതവും ഖുര്‍ആനും സംയോജിക്കുന്നത് ഇവിടെയാണ്.

പ്രപഞ്ചനാഥന്‍ വിധിച്ചതും വിലക്കിയതും ഉപദേശിച്ചതും മാനിച്ച് സൂക്ഷ്മത പുലര്‍ത്തേണ്ടതിനെക്കുറിച്ച് തികഞ്ഞ ബോധമുള്ളവര്‍ക്ക് മാത്രമേ ജീവിതത്തെ അപച്യുതികളില്‍നിന്ന് കാത്തുസൂക്ഷിക്കാനാകൂ. മനുഷ്യരെ അത്യധികം സ്നേഹിക്കുന്ന അല്ലാഹു, മനുഷ്യര്‍ക്ക് കഷ്ടനഷ്ടങ്ങള്‍ വരുത്തുന്ന ഒന്നും കല്‍പിക്കില്ല. ദോഷകരമെന്നും ശിക്ഷാര്‍ഹമെന്നും അല്ലാഹു അറിയിച്ച ഏതു കാര്യവും മനുഷ്യര്‍ക്ക് അപചയവും നാശവും വരുത്തുന്നതായിരിക്കും. അതിനാല്‍, അല്ലാഹു കല്‍പിച്ച ഏത് കാര്യത്തിലും വ്യക്തമായി അറിയാവുന്നതോ അറിയാത്തതോ ആയ നന്മ ഉണ്ടാകുമെന്ന് ഉറച്ചുവിശ്വസിച്ച് അവനെ പൂര്‍ണമായും അനുസരിക്കുക. അവന്‍ വിരോധിച്ച ഏത് കാര്യവും പൂര്‍ണമായും വര്‍ജിക്കുക.  

അനുവദനീയ കാര്യങ്ങളില്‍ അതിരുകവിയുന്നത് റമദാന്‍ മാസത്തില്‍ പോലും നിര്‍ത്താന്‍ തയാറാകാത്തവരും ഭക്തിമാര്‍ഗമെന്നനിലയില്‍ അനുവദനീയമായതുപോലും വര്‍ജിക്കുന്നവരുമുണ്ട് മതവിശ്വാസികളുടെ കൂട്ടത്തില്‍. ഇസ്ലാം ഇത് രണ്ടിനും നടുവിലാണ്. അല്ലാഹു അനുവദിച്ച ജീവിതസൗകര്യങ്ങളില്‍ മിത നിലപാട് സ്വീകരിക്കാന്‍ സന്നദ്ധരായാലേ ദൈവിക ഗ്രന്ഥത്തോടും റമദാനിനോടും നീതിപുലര്‍ത്തുന്നവരാകൂ. അതായിരിക്കട്ടെ നമ്മുടെ ചിന്ത; പ്രതിജ്ഞയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.