അദ്ഭുത പ്രപഞ്ചം

നാലപ്പാട്ട് നാരായണ മേനോന്‍െറ പ്രസിദ്ധമായ ഒരു കവിതാ ശകലമുണ്ട്.
‘അനന്തമജ്ഞാതമവര്‍ണനീയ
മീലോകഗോളം തിരിയുന്ന മാര്‍ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന്
നോക്കുന്ന മര്‍ത്യന്‍ കഥയെന്തുകണ്ടു’.
നമ്മുടെ പ്രപഞ്ചം അദ്ഭുതങ്ങളുടെ കലവറയാണ്. ചിന്തിക്കുംതോറും അതിന്‍െറ മായികലോകം കൂടുതല്‍ അദ്ഭുതാവഹമായി വരുന്നു. മനുഷ്യന്‍െറ ചിന്തയും ബുദ്ധിയും പ്രപഞ്ചവിസ്മയങ്ങള്‍ക്ക് മുന്നില്‍ തളര്‍ന്നുപോകുന്നു. ‘ദയാപരനായ അല്ലാഹുവിന്‍െറ സൃഷ്ടികര്‍മത്തില്‍ നങ്ങള്‍ക്ക് യാതൊരു ഏറ്റക്കുറവും കാണാന്‍ കഴിയില്ല. ആവര്‍ത്തിച്ച് നോക്കിക്കോളൂ. എവിടെയും വല്ല കോട്ടവും കാണുന്നുണ്ടോ? പിന്നെയും പിന്നെയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് നോക്കുക. നിന്‍െറ കണ്ണ് തോല്‍വി സമ്മതിച്ച് തളര്‍ന്ന് തിരിച്ചുവരും’ (വി.ഖു. 67:3,4).  കത്തിജ്ജ്വലിക്കുന്ന സൂര്യനും മറ്റു താരകങ്ങളും പ്രഭ ചൊരിയുന്ന ചന്ദ്രനും കൗതുകം ജനിപ്പിക്കുന്ന രാപ്പകലുകളും മറ്റു പ്രപഞ്ച പ്രതിഭാസങ്ങളും മനുഷ്യന് എന്നും അന്വേഷണവിഷയങ്ങളായിരുന്നു. ഈ അന്വേഷണം മനുഷ്യാരംഭം മുതല്‍ തന്നെ ആരംഭിച്ചിരിക്കണം. ഇന്നും അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈ അദ്ഭുത പ്രപഞ്ചത്തെക്കുറിച്ചുള്ള ഖുര്‍ആനിന്‍െറ പ്രസ്താവനകള്‍ പരിശോധിക്കുന്നത് കൗതുകകരവും വിജ്ഞാനപ്രദവുമായിരിക്കും. പ്രപഞ്ചത്തിന്‍െറ ഉല്‍പത്തിയെക്കുറിച്ചും രൂപഭാവങ്ങളെക്കുറിച്ചും ധാരാളം ഊഹങ്ങളും നിഗമനങ്ങളും മനുഷ്യന്‍ വെച്ചുപുലര്‍ത്തിയതായി കാണാം. നദിയാല്‍ ചുറ്റപ്പെട്ട ഒരു പെട്ടിയാണ് ഭൂമിയെന്നും സൂര്യന്‍ ആ നദിയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും പൗരാണിക ഈജിപ്തുകാര്‍ വിശ്വസിച്ചിരുന്നു.

ജലത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു തളികയാണ് ഭൂമിയെന്നും അതിന്‍െറ മുകളില്‍ സ്വര്‍ഗവും താഴെ പ്രത്യേക കൂടാരവുമാണെന്നാണ് ഗ്രീക് പുരാണങ്ങള്‍ പറയുന്നത്. ആനകളാണ് പരന്ന ഭൂമിയെ താങ്ങിനിര്‍ത്തുന്നതെന്ന കാഴ്ചപ്പാടുകളും പുരാണങ്ങളില്‍ കാണാം. പ്രപഞ്ചോല്‍പത്തിയെക്കുറിച്ച് ആധുനിക ശാസ്ത്രജ്ഞന്മാര്‍ എത്തിച്ചേര്‍ന്ന നിഗമനം മഹാവിസ്ഫോടന സിദ്ധാന്തം എന്നപേരിലാണ് അറിയപ്പെടുന്നത്. ഏകദേശം രണ്ടായിരം കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രപഞ്ചത്തിലെ ദ്രവ്യമെല്ലാം ഒരുമിച്ചുകൂടി ഒരു പ്രത്യേക ഗുരുത്വാകര്‍ഷണത്തിന് വിധേയമായി നിലനിന്നിരുന്ന അവസ്ഥയുണ്ടായിരുന്നു. അപ്പോഴാണ് ശക്തമായ ഒരു പൊട്ടിത്തെറിയുണ്ടായത്. ഈ ശക്തമായ സ്ഫോടനത്തില്‍ ദ്രവ്യം നാലുപാടും ചിതറിപ്പരന്നു. ക്രമേണ ഇവയെല്ലാം തണുത്തു. ചിലതെല്ലാം പരസ്പരം ചേര്‍ന്ന് നെബുലകളും ഗാലക്സികളുമുണ്ടായി. അങ്ങനെ ഭൂമിയും സൂര്യനും നക്ഷത്രങ്ങളും ഗ്രഹങ്ങളുമുണ്ടായി. ഈ സിദ്ധാന്തത്തിന് ഉപോദ്ബലകമായി ശക്തമായ തെളിവുകള്‍ സമര്‍പ്പിച്ചതിനാല്‍ 1978ല്‍ രണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക് നൊബേല്‍ സമ്മാനം നല്‍കപ്പെട്ടു.

എന്നാല്‍, അതിനും 14 നൂറ്റാണ്ടുകള്‍ക്കുമുമ്പേ ഈ യാഥാര്‍ഥ്യം അല്ലാഹുവില്‍നിന്ന് നമുക്ക് എത്തിച്ചുതന്ന മുഹമ്മദ് നബിക്കല്ളേ യഥാര്‍ഥത്തില്‍ സമ്മാനം പ്രഖ്യാപിക്കേണ്ടത്. ഇതുസംബന്ധിച്ച ഖുര്‍ആനിന്‍െറ പ്രസ്താവന കാണുക. ‘ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും പിന്നീട് അവയെ നാം വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ മനസ്സിലാക്കുന്നില്ളേ?’ (വി.ഖു. 21:30). പദാര്‍ഥം ആദ്യം വാതകരൂപത്തിലായിരുന്നുവത്രെ. അതില്‍നിന്നാണ് പിന്നീട് നെബുലകളുണ്ടാവുന്നത്. നെബുലകളില്‍നിന്ന് നക്ഷത്രങ്ങളും ഗോളങ്ങളും ഉണ്ടായി. ഖുര്‍ആന്‍ പറയുന്നു ‘പിന്നീടവന്‍ ആകാശത്തിലേക്ക് തിരിഞ്ഞു. അത് പുകയായിരുന്ന അവസ്ഥയില്‍’ (വി.ഖു. 41:11 ) പ്രപഞ്ചം നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു എന്ന് ഇന്ന് എല്ലാവരും അംഗീകരിക്കുന്ന യാഥാര്‍ഥ്യമാണ്. ജനകോടികള്‍ വര്‍ധിക്കുന്നതിനനുസരിച്ച് ഭൂമിയിലും സൗകര്യങ്ങളും സാധ്യതകളും വര്‍ധിക്കുന്നത് നമുക്കനുഭവപ്പെടുന്ന യാഥാര്‍ഥ്യമാണ്.

അല്ലാഹു പറയുന്നു: ‘ആകാശത്തെ നാം നമ്മുടെ കൈകളാല്‍ സൃഷ്ടിച്ചു. നാം അതിനെ വികസിപ്പിച്ചുകൊണ്ടേയിരിക്കുന്നു’ (വി.ഖു. 51:47). പ്രപഞ്ചഘടകങ്ങള്‍ വികസിക്കുന്നതിനനുസരിച്ച് അവ തമ്മിലുള്ള അകലവും കൂടിക്കൊണ്ടിരിക്കുന്നു. അകലം കൂടുന്നതോടെ അവ തമ്മിലുള്ള ബന്ധം ക്ഷയിച്ചുവരുന്നുണ്ടോ? അങ്ങനെ ബന്ധം കുറഞ്ഞുകുറഞ്ഞ് ഒരു ദിവസം തീരെ ഇല്ലാതായി അറ്റുപോവുമോ? അതായിരിക്കുമോ ഈ ലോകത്തിന്‍െറ അവസാനം? അങ്ങനെ വികാസത്തിന്‍െറ പരമകാഷ്ഠയും ഒരു സ്ഫോടനത്തില്‍ കലാശിക്കുമോ? നമുക്ക് തീര്‍ച്ചയില്ല.

ഖുര്‍ആന്‍ പറയുന്നതിങ്ങനെയാണ്. ‘കാഹളത്തില്‍ ഒരു തവണ ഊതപ്പെടുകയും ഭൂമിയും പര്‍വതങ്ങളും പൊക്കിയെടുത്ത് ഒരൊറ്റ ഇടി ഇടിക്കപ്പെടുകയും ചെയ്യുമ്പോള്‍, അന്നാണ് ആ വിപത്ത് സംഭവിക്കുക. ആകാശം പൊട്ടിപ്പിളരുന്നു. അന്ന് അത് ശക്തി ക്ഷയിച്ച് തികച്ചും ദുര്‍ബലമായിത്തീരുന്നു (വി.ഖു. 69:13-16). പ്രപഞ്ചത്തിന്‍െറ തുടക്കം ഒരു മഹാവിസ്ഫോടനം വഴിയായിരുന്നുവെങ്കില്‍ ഒടുക്കം അതിനെക്കാള്‍ വലിയ സ്ഫോടനത്തോടെയായിരിക്കുമെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. ‘ആ ഭയങ്കര സംഭവം! എന്താണ് ആ ഭയങ്കര സംഭവം? ആ ഭയങ്കര സംഭവത്തെക്കുറിച്ച് നിനക്കെന്തറിയാം? അന്ന് മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റകളെപ്പോലെയാകും. അന്ന് പര്‍വതങ്ങള്‍ കടഞ്ഞ കമ്പിളിരോമങ്ങള്‍പോലെയായി മാറും’ (വി.ഖു.101:1-5).

സമ്പാദനം: ഫൈസല്‍ മഞ്ചേരി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.