കാര്‍ഷിക സര്‍വകലാശാല ഗവേഷണ വിവാദം: അധ്യാപികയെ മാറ്റാന്‍ ഭരണസമിതി തീരുമാനം

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശായിലെ ഹോര്‍ട്ടികള്‍ച്ചര്‍ കോളജിന് കീഴിലുള്ള പ്ളാന്‍റ് ബ്രീഡിങ്-ജനറ്റിക്സ് വിഭാഗത്തില്‍ തമിഴ്നാട് സ്വദേശി ടി. രാജേഷിന്‍െറ ഗവേഷണം വൈകിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ ആരോപണ വിധേയയായ മുന്‍ വകുപ്പധ്യക്ഷ ഡോ. സി.ആര്‍. എല്‍സിയെ കോളജില്‍നിന്ന് മാറ്റാന്‍ ഭരണസമിതി യോഗം തീരുമാനിച്ചു. ഇതോടൊപ്പം, രാജേഷിന്‍െറ ഗൈഡായി പ്രവര്‍ത്തിച്ച ഡോ. വി.വി. രാധാകൃഷ്ണന്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം വിരമിച്ച സാഹചര്യത്തില്‍ എന്ത് നടപടിയെടുക്കാന്‍ കഴിയുമെന്ന് നിയമോപദേശം തേടാനും തീരുമാനിച്ചു. വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ഭരണസമിതി യോഗമാണ് തീരുമാനങ്ങള്‍ എടുത്തത്. രാജേഷിന്‍െറ പരാതിയില്‍ പറയുന്ന ജാതീയ പീഡനം ഉണ്ടായിട്ടില്ളെന്നാണ് ഭരണസമിതി യോഗത്തിന്‍െറ നിഗമനം.

കഴിഞ്ഞ ഫെബ്രുവരിയിലാണ് രാജേഷ് ഡോ. എല്‍സി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയത്. തന്‍െറ പിഎച്ച്.ഡിക്കുള്ള യോഗ്യതാ പരീക്ഷയുടെ പേപ്പറില്‍ ഒപ്പിടാനും ഗവേഷണ പ്രബന്ധത്തിന്‍െറ കരട് ഏറ്റുവാങ്ങാനും ഡോ. എല്‍സി വിസമ്മതിച്ചെന്നും തന്നെ മാനസികമായി തളര്‍ത്താന്‍ ജാതീയമായി ആക്ഷേപിച്ചെന്നുമായിരുന്നു പരാതി. ഹൈദരാബാദില്‍ ജാതീയ പീഡനം മൂലം ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ പാത തനിക്കും പിന്തുടരേണ്ടി വരുമെന്ന രാജേഷിന്‍െറ പരാതി ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പരാതിയത്തെുടര്‍ന്ന് സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. ഡോ. എല്‍സിയെ മാറ്റി ഡോ. പ്രസന്നകുമാരിയെ വകുപ്പധ്യക്ഷയാക്കി. പക്ഷെ, ഡോ. എല്‍സി അതേ വകുപ്പില്‍ തുടര്‍ന്നു. അന്വേഷണ സമിതി തന്നെ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഡോ. എല്‍സി പരാതി നല്‍കി. രാജേഷിന് 10 ദിവസത്തിനകം പിഎച്ച്.ഡി നല്‍കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രോ ചാന്‍സലറായ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കിയിരുന്നു. രാജേഷിന്‍െറ വൈവാ വോസി ഈമാസം 20ന് കഴിഞ്ഞിട്ടുണ്ട്. രണ്ടാഴ്ചക്കകം പിഎച്ച്.ഡി നല്‍കാവുന്ന സാഹചര്യം തെളിഞ്ഞിട്ടുണ്ട്. ഡോ. എല്‍സിയെ കോളജില്‍നിന്ന് മാറ്റി രാജേഷിന്‍െറ ജാതീയ പീഡന പരാതി തണുപ്പിക്കുകയാണ് ഭരണസമിതിയുടെ തീരുമാനത്തിനു പിന്നിലെന്ന് പറയപ്പെടുന്നു. ജാതീയ പീഡന പരാതി പാര്‍ലമെന്‍റ് പാസാക്കിയ നിയമമനുസരിച്ച് അന്വേഷിക്കണമെന്ന സര്‍വകലാശാലാ പട്ടികജാതി-വര്‍ഗ സെല്‍ ചെയര്‍മന്‍െറ കുറിപ്പ് യോഗത്തില്‍വെച്ചിരുന്നെങ്കിലും അത് പരിഗണിച്ചില്ല.
രണ്ടുവര്‍ഷം മുമ്പ് സഹാധ്യാപിക പീഡനം ആരോപിച്ച് പരാതി നല്‍കിയതിനത്തെുടര്‍ന്ന് മാസങ്ങളോളം സസ്പെന്‍ഷനില്‍ കഴിഞ്ഞ സര്‍വകലാശാലാ കമ്യൂണിക്കേഷന്‍ സെന്‍റര്‍ മുന്‍ മേധാവി പ്രഫ. എ.എം. രഞ്ജിത്തിന്‍െറ സസ്പെന്‍ഷന്‍ കാലാവധി പരിഗണിക്കുന്നത് അജണ്ടയില്‍ വന്നെങ്കിലും ഭരണസമിതിയംഗം കെ. രാജന്‍ എം.എല്‍.എയുടെ ആവശ്യപ്രകാരം അത് മാറ്റിവെച്ചു. രഞ്ജിത്തിന്‍െറ കാര്യത്തില്‍ തീരുമാനം എടുക്കണമെന്ന ഹൈകോടതി ഉത്തരവിനത്തെുടര്‍ന്നാണ് അജണ്ടയില്‍ വെച്ചത്. എന്നാല്‍, അധ്യാപികയുടെ പരാതി തുടരുന്നതിനാല്‍ വിഷയം ഇപ്പോള്‍ പരിഗണിക്കേണ്ടതില്ളെന്ന എം.എല്‍.എയുടെ ആവശ്യം ഭരണസമിതി അംഗീകരിച്ചു.

പ്രഫസര്‍ വരെയുള്ള പദവിയിലേക്ക് 190 അധ്യാപകരുടെ സ്ഥാനക്കയറ്റം ഭരണസമിതി അംഗീകരിച്ചു. ഇത് ഏറക്കാലമായി മുടങ്ങിക്കിടക്കുകയാണ്. വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍, ധനകാര്യ സ്പെഷല്‍ സെക്രട്ടറി ഇ.കെ. പ്രകാശ്, ഡോ. ജോസ് ജോസഫ്, അജി ഫ്രാന്‍സിസ്, രജിസ്ട്രാര്‍ ഡോ. കെ. അരവിന്ദാക്ഷന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.