റമദാന്‍ വ്രതത്തിന്‍െറ പൊരുള്‍

ഒരു ബഹുമുഖ സമൂഹത്തില്‍ എല്ലാ വിശ്വാസങ്ങളും ആചാരങ്ങളും അനുരണനങ്ങള്‍ സൃഷ്ടിക്കുന്നത് കുറേയൊക്കെ ബാഹ്യപ്രകടനങ്ങളിലൂടെയാണ്.  ശബരിമല സീസണായാല്‍ ശരണം വിളി മുഴക്കി സ്വാമിമാര്‍ പ്രത്യേക വസ്ത്രം ധരിച്ചു കാണുന്നു. ക്രിസ്മസും ഈസ്റ്ററും വന്നാല്‍ പ്രത്യേക ഭക്ഷണ നിയന്ത്രണങ്ങളും ക്രിസ്മസ് സ്റ്റാര്‍ പോലുള്ള ചിഹ്നങ്ങളും  പ്രത്യക്ഷപ്പെടുന്നു.  ബാങ്കു വിളി കേള്‍ക്കുമ്പോള്‍ വിശ്വാസികള്‍ കൂട്ടം കൂട്ടമായി  പള്ളികളിലേക്കൊഴുകുന്നത്  മുസ്ലിംകളുടെ നമസ്കാരത്തെ സൂചിപ്പിക്കുന്നു.  എന്നാല്‍, റമദാന്‍ മാസത്തിലെ നോമ്പു വന്നാല്‍ അതിന്‍െറ  ബാഹ്യപ്രകടനം പ്രധാനമായും ഇവയാണ്:  1. നോമ്പു വിഭവങ്ങളുടെ പ്രത്യേക ബോര്‍ഡുകളോടെ  ഭക്ഷണ വില്‍പന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. 2. മലബാറിലെ മുസ്ലിം കേന്ദ്രങ്ങളില്‍ ഹോട്ടലുകള്‍ അടഞ്ഞു കിടക്കുന്നു.   3. നോമ്പു തുടങ്ങി ഒരാഴ്ച കഴിഞ്ഞാല്‍ മാര്‍ക്കറ്റുകള്‍ സജീവമാവുകയും  സ്ത്രീകളുടെ ആധിക്യം തുണിക്കടകളിലും മറ്റ് ഷോപ്പിങ് കേന്ദ്രങ്ങളിലും ദൃശ്യമാവുകയും ചെയ്യുന്നു.

ഇതാണോ നോമ്പിന്‍െറ സന്ദേശമാകേണ്ടത്? സ്രഷ്ടാവിന്‍െറ  പ്രീതിയും  പ്രതിഫലവും ആശിച്ച് ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിച്ച് ശരീരത്തിന്‍െറ ഇച്ഛകള്‍ നിയന്ത്രിച്ച് ദൈവിക കല്‍പനകള്‍ അനുസരിക്കാന്‍ സ്വയം പരിശീലനം  നേടലാണ് നോമ്പ്. മനസ്സാ വാചാ കര്‍മണാ  സകല നന്മകളും  സ്വാംശീകരിച്ചും തിന്മകള്‍ പൂര്‍ണമായി  വിപാടനം ചെയ്തും ശുദ്ധവും സംസ്കൃതവുമായ ജീവിതം നയിക്കാന്‍    മനുഷ്യനെ സജ്ജമാക്കുകയാണ് നോമ്പുകൊണ്ട് ലക്ഷ്യമിടുന്നത്.   വ്രതാനുഷ്ഠാനത്തിന് റമദാന്‍ തെരഞ്ഞെടുക്കുന്നതില്‍ വന്‍ പ്രാധാന്യമുണ്ട്. വിശുദ്ധ ഖുര്‍ആനിന്‍െറ  അവതരണം ആ മാസത്തിലാണാരംഭിച്ചത്. ഖുര്‍ആന്‍ കൂടുതല്‍ കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും സമയം കണ്ടത്തെി വ്യക്തിത്വ സംസ്കരണം  ആര്‍ജിക്കാനാകണം നോമ്പ്. ദൈവഭക്തിയുള്ള ഉത്തമ വിശ്വാസികളുടെ സമഗ്ര  സൃഷ്ടിയാണ് നോമ്പ് ലക്ഷ്യമിടുന്നത്.  യഥാര്‍ഥ നോമ്പുകാരന് സ്വര്‍ഗമല്ലാതെ മറ്റൊരു പ്രതിഫലമില്ളെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു.

ആത്മീയ നേട്ടങ്ങളോടൊപ്പം  ഭൗതികമായും നോമ്പുകൊണ്ടൊരുപാട്  നേട്ടങ്ങളുണ്ട്.   ശരീരത്തെ ആരോഗ്യകരമായി ശക്തിപ്പെടുത്താന്‍ ലഭ്യമാകുന്ന ഏറ്റവും നല്ല  ഉപാധിയാണ് വ്രതം. ആമാശയത്തിന്  ലഭിക്കുന്ന  വിശ്രമവും ഉപദ്രവകരമായ പദാര്‍ഥങ്ങള്‍ പുറന്തള്ളലും ഒട്ടേറെ രോഗങ്ങളില്‍നിന്ന് ശരീരത്തിന് സംരക്ഷണം നല്‍കുകയും പല രോഗങ്ങളുടെയും വ്യാപനം തടയുകയും ചെയ്യുന്നു.  ദഹനപ്രക്രിയയുടെ ജോലിഭാരം  ലഘൂകരിക്കുക വഴി  കരള്‍, വൃക്ക, ശ്വാസകോശം, ത്വക്ക് തുടങ്ങിയ അവയവങ്ങള്‍ക്ക് വിശ്രമവും കൂടുതല്‍ കരുത്തും പ്രവര്‍ത്തനക്ഷമതയും ലഭ്യമാകുന്നു. ഇങ്ങനെ നോക്കുമ്പോള്‍ മുകളില്‍ സൂചിപ്പിച്ച രീതിയിലാണോ റമദാന്‍ അനുഭവവേദ്യമാകേണ്ടത്?. അങ്ങാടികളില്‍ നോമ്പുവിഭവങ്ങളുടെ  പരസ്യങ്ങള്‍.  വിവിധ വര്‍ണങ്ങളിലും രുചികളിലുമുള്ള പല പല പലഹാരങ്ങള്‍ കൊണ്ട് റോഡുകള്‍ തിങ്ങിനിറയും.  നോമ്പുകാലമായാല്‍ സ്ത്രീകള്‍ പുതിയ പലഹാര നിര്‍മിതിയില്‍ വ്യാപൃതരായി  അടുക്കളയില്‍ സജീവമാകുന്നു.  എല്ലാ അര്‍ഥത്തിലും ശരീരത്തിലേക്ക് ഭക്ഷണ ആഗമനം കുറക്കലാണ് നോമ്പെന്ന് തിരിച്ചറിഞ്ഞ് ഭക്ഷണ വിഭവങ്ങളും രീതികളും നാം പുന$ക്രമീകരിക്കേണ്ടതുണ്ട്.

പകല്‍ വ്രതവും രാത്രി കൂടുതല്‍ പുണ്യകരമായ നമസ്കാരങ്ങളും ഖുര്‍ആന്‍ പഠനവും പ്രാര്‍ഥനകളുമായി ഭക്തിസാന്ദ്രമായ വ്യക്തിത്വ  രൂപവത്കരണമാണ് നോമ്പിന്‍െറ ലക്ഷ്യം.  അതിലൂടെ കഴിഞ്ഞകാല പാപങ്ങള്‍ പൊറുക്കപ്പെട്ട് പുതിയൊരു തേജസ്സ് രൂപപ്പെടേണ്ടതുണ്ട്.  എന്നാല്‍, പല സുഹൃത്തുക്കളും പകല്‍ കൂടുതല്‍ ഉറങ്ങിയും രാത്രിയില്‍ തറാവീഹ് പോലുള്ള നമസ്കാരങ്ങള്‍ നിര്‍വഹിച്ചും അല്ലാതെയും, ടി.വി പോലുള്ള വിനോദോപാധികളുടെ മുന്നില്‍ കൂടുതല്‍ സമയം ചെലവഴിച്ചും കാണുന്നു.  ദിവസം 12 മണിക്കൂര്‍വരെ പന്തുകളിയും  മറ്റ് വിനോദങ്ങളും വാര്‍ത്താ പരസ്യങ്ങളുമായി  ടി.വിയുടെ മുന്നില്‍ കഴിച്ചുകൂട്ടുക വഴി റമദാന്‍െറ ചൈതന്യം പൂര്‍ണമായും ചോര്‍ന്നു പോകുന്ന അവസ്ഥയെ നാം ഗൗരവപൂര്‍വം  വീക്ഷിക്കണം.  ഒരു മാസത്തെ വ്രതത്തിനുശേഷം വരുന്ന ഒരു ദിവസത്തെ പെരുന്നാളാഘോഷത്തിന്‍െറ പേരില്‍ നോമ്പിന്‍െറ സകല മേന്മയും വൃഥാവിലാക്കുന്ന ഷോപ്പിങ് മഹാമഹം നടക്കുന്നു. 

അനുവദനീയമായ പെരുന്നാള്‍ ആഘോഷിക്കേണ്ടതില്ളെന്നോ പുതുവസ്ത്രങ്ങളും ജീവിത പുതുമോടികളും ഉപേക്ഷിക്കേണ്ടതാണെന്നോ ഇതുകൊണ്ട് അര്‍ഥമാക്കുന്നില്ല.  എന്നാല്‍, ആ ഒരു ദിവസത്തിന് വേണ്ടി ഒരു മാസത്തെ വ്രതം കൊണ്ട് ലക്ഷ്യമാക്കേണ്ട ചൈതന്യം  നഷ്ടപ്പെടുത്തിക്കൂട.  അതുപോലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നാനാജാതി മതസ്ഥര്‍ തിങ്ങിവസിക്കുന്ന മലബാറിലെ നഗരങ്ങളില്‍ കൂടുതല്‍ ഹോട്ടലുകളും നടത്തുന്നത് മുസ്ലിംകളായിരിക്കും.  റമദാന്‍ പകലുകളില്‍ ഹോട്ടലുകള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുന്നു.  റമദാന്‍െറ പുണ്യത്തിന്‍െറ പേരില്‍ സമൂഹത്തില്‍ അസ്ഥിത്വപരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് ആശാസ്യമാണോ?   ചുരുക്കത്തില്‍ പുണ്യത്തിന്‍െറ പൂക്കാലമായി പരിചയപ്പെടുത്തപ്പെട്ട ഒരുമാസം അതിന്‍െറ സാന്നിധ്യമറിയിക്കുന്നത് ശരിയായ ദിശയിലാണോ എന്ന് സമുദായം പരിശോധിക്കാന്‍ വൈകിയിരിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.