റമദാനിലെ രാത്രി നമസ്കാരം

റമദാനില്‍ സവിശേഷമായി നിര്‍വഹിക്കുന്ന പ്രത്യേക പ്രാര്‍ഥനയാണ് ‘തറാവീഹ്’ നമസ്കാരം. രാത്രികാലങ്ങളില്‍ പള്ളികള്‍ സജീവമാവുകയും ധാരാളമാളുകള്‍ അതില്‍ പങ്കെടുക്കുകയും ചെയ്യുന്നു. ദീര്‍ഘനേരം ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടുള്ള പ്രസ്തുത നമസ്കാരം പതിനൊന്ന് റക്അത്തും (യൂണിറ്റ്) ഇരുപത്തിമൂന്ന് റക്അത്തുമായി നിര്‍വഹിക്കപ്പെടാറുണ്ട്. പലേടത്തും നേതൃത്വം നല്‍കുന്നത് ഖുര്‍ആന്‍ മുഴുവന്‍ മന$പാഠമുള്ളവരാണ്. രാത്രി നമസ്കാരം പക്ഷേ, റമദാനില്‍ മാത്രം അനുഷ്ഠിക്കേണ്ടതല്ല. പ്രവാചകന്‍െറ ആദ്യ നാളുകളില്‍തന്നെ രാത്രി നമസ്കാരം നിര്‍ദേശിക്കപ്പെട്ടു. രാത്രി ഏതാനും ഭാഗമൊഴികെ മറ്റ് സമയമെല്ലാം നമസ്കാരത്തില്‍ കഴിയുകയെന്നും ഏകദേശം പകുതി രാവെങ്കിലും ഇങ്ങനെ പ്രാര്‍ഥനാ നിരതമാകണമെന്നും പ്രവാചകനോട് ഖുര്‍ആനില്‍ കല്‍പിച്ചിട്ടുണ്ട്. (അല്‍ മുസ്സമ്മില്‍ 2,3). ഇതുപ്രകാരം രാത്രിയുടെ മൂന്നില്‍ രണ്ടു ഭാഗമൊക്കെ പ്രവാചകനും ഒരു വിഭാഗം അനുയായികളും പ്രസ്തുത പ്രാര്‍ഥന നിര്‍വഹിക്കാറുണ്ടെന്നും ഖുര്‍ആന്‍ പറയുന്നു (അല്‍ മുസ്സമ്മില്‍ 20).

ഒരു ഐച്ഛിക കര്‍മത്തിന് റമദാനില്‍ നിര്‍ബന്ധകര്‍മത്തിന്‍െറ പ്രതിഫലവും ഒരു നിര്‍ബന്ധകര്‍മത്തിന് എഴുപതു കര്‍മങ്ങളുടെ പുണ്യവുമുണ്ടാകുമെന്ന് ചില പ്രവാചക വചനങ്ങളില്‍ വന്നിട്ടുമുണ്ട്. അതുകൊണ്ട് റമദാനിലെ രാത്രി നമസ്കാരം പ്രത്യേക ശ്രദ്ധയോടെ നിര്‍വഹിക്കപ്പെടുന്നതായി കാണാം. ‘റമദാനില്‍ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി രാത്രി നമസ്കാരം നിര്‍വഹിക്കുന്നവരുടെ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെടു’മെന്ന് നബി സുവാര്‍ത്ത നല്‍കിയിട്ടുണ്ട്.

റമദാനില്‍ പ്രത്യേകമായി അനുഷ്ഠിക്കപ്പെടുന്ന ഈ നമസ്കാരത്തിന് ‘തറാവീഹ്’ എന്ന പേരും ഒരു പ്രത്യേക ആഘോഷത്തിന്‍െറ പ്രതീതിയും ലഭിച്ചത് പില്‍കാലത്താണ്. പ്രവാചകന്‍െറ കാലത്ത് അത്തരം ഒരു സംഘടിത നമസ്കാരരീതി വ്യാപകമായിരുന്നില്ല. ഖുര്‍ആനിലോ നബിവചനങ്ങളിലോ ‘തറാവീഹ്’ എന്ന് നാമകരണം ചെയ്യപ്പെട്ട ഒരു നമസ്കാരവുമില്ല. അക്കാലത്ത് പ്രയോഗിച്ചിരുന്നത് ‘ഖിയാമുലൈ്ളല്‍’ (രാത്രി നമസ്കാരം) ‘ഖിയാമു റമദാന്‍’ (റമദാന്‍ നമസ്കാരം) എന്നൊക്കെയായിരുന്നു. പക്ഷേ, പ്രവാചകന്‍െറ നിലപാടുകളില്‍നിന്ന് ഈ നമസ്കാരം എത്ര ദീര്‍ഘമായും കൂട്ടായും ഒറ്റക്കും നിര്‍വഹിക്കാനുള്ള അനുവാദം അവര്‍ മനസ്സിലാക്കിയിരുന്നു. അങ്ങനെ ഇടക്കിടെ വിശ്രമമെടുത്തും വീണ്ടും പുനരാരംഭിച്ചും ദീര്‍ഘ സമയമെടുത്ത് നമസ്കരിക്കുന്നതിനാലാണ് ‘തറാവീഹ്’ (വിശ്രമനമസ്കാരം) എന്ന പേര്‍ കൈവന്നത്.

നബിതിരുമേനി റമദാനിലും രാത്രി നമസ്കാരം നിര്‍വഹിച്ചിരുന്നത് തനിച്ച് വീട്ടില്‍ വെച്ചായിരുന്നു. ഒരു ദിവസം വീടിനോട് ചേര്‍ന്നുള്ള പള്ളിയില്‍ അന്ന് നബി സ്വന്തമായി നമസ്കരിച്ചു. ഇതുകണ്ട ചില അനുചരന്മാര്‍ നബിയെ പിന്തുടര്‍ന്ന് നമസ്കാരം നിര്‍വഹിച്ചു. പിറ്റേദിവസം ഈ വിവരമറിഞ്ഞ് കൂടുതല്‍ പേര്‍ പള്ളിയില്‍ സംഘടിക്കുകയും അന്നും പള്ളിയിലേക്ക് വന്ന് പ്രവാചകന്‍െറ പിറകില്‍ നമസ്കരിക്കുകയും ചെയ്തു. മൂന്നും നാലും ദിവസമായപ്പോള്‍ പള്ളി ജനനിബിഡമായി. അതോടെ പ്രവാചകന്‍ വരവും നിര്‍ത്തി. ഉദ്ദേശ്യപൂര്‍വമല്ലാതെ നടന്ന ഈ സംഭവം പ്രസ്തുത നമസ്കാരം ജമാഅത്തായും നിര്‍വഹിക്കാമെന്ന് വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടാണ് ഖലീഫ ഉമറിന്‍െറ കാലത്ത് പള്ളിയില്‍ കൊച്ചുഗ്രൂപ്പുകളായി നമസ്കരിച്ചിരുന്നവരെയെല്ലാം ഒരു നേതൃത്വത്തിന് കീഴില്‍ സംഘടിപ്പിച്ചതും വ്യവസ്ഥാപിതമായി ജമാഅത്ത് നമസ്കാരം നിര്‍വഹിക്കാന്‍ ഏര്‍പ്പാടുണ്ടാക്കിയതും. പക്ഷേ, അപ്പോഴും ഉമര്‍ അതില്‍ പങ്കെടുത്തിരുന്നില്ല എന്നു മാത്രമല്ല, രാത്രി അന്ത്യയാമങ്ങളില്‍ അത് നിര്‍വഹിക്കുന്നതാണ് കൂടുതല്‍ അഭികാമ്യമെന്ന് പ്രസ്താവിക്കുകയും ചെയ്തു.

പുലര്‍കാലയാമങ്ങളില്‍ പാപമോചനം തേടുക, രാത്രി സമയങ്ങളില്‍ എഴുന്നേറ്റുനിന്നും സുജൂദില്‍ സാഷ്ടാംഗം നമിച്ചും പ്രാര്‍ഥിക്കുക എന്നിവയെല്ലാം വിശ്വാസികളുടെ ലക്ഷണങ്ങളായി വിശുദ്ധ ഖുര്‍ആന്‍ എടുത്തോതുന്നു. ‘ജനങ്ങള്‍ നിദ്രാലീനരാകുമ്പോള്‍ രാത്രികളില്‍ എഴുന്നേറ്റ് നമസ്കരിക്കുക’ എന്ന് പ്രവാചകനും അനുയായികളെ ഉപദേശിച്ചിരുന്നു. ഇതിന്‍െറയെല്ലാം താല്‍പര്യം സ്വകാര്യമായി അനുഷ്ഠിക്കപ്പെടുന്ന ചില പ്രാര്‍ഥനാസമയം വിശ്വാസികള്‍ക്ക് വേണമെന്നാണ്. ജനശ്രദ്ധയില്‍നിന്ന്  മുക്തരായി ഏകാഗ്രതയോടെ തന്‍െറ നാഥന്‍െറ മുന്നില്‍ വിനയാന്വിതനായി നില്‍ക്കാനും താണുകേണു പ്രാര്‍ഥിക്കാനും വിശ്വാസിക്ക് അവസരം നല്‍കുന്നത് അത്തരം നിമിഷങ്ങളാണ്. അതിനാല്‍ ‘തറാവീഹ് നമസ്കാരം’ പള്ളികളില്‍ സംഘടിതമായി നിര്‍വഹിക്കുന്നതോടൊപ്പം നടേ പറഞ്ഞ കാര്യം കൂടി നേടിയെടുക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.