തലയും വയറും സൂക്ഷിക്കുക

അല്ലാഹുവിന്‍െറ മുന്നില്‍ നിങ്ങള്‍ യഥാവിധി ലജ്ജാശീലം സ്വീകരിക്കണം, ഇങ്ങനെ ആരെങ്കിലും ചെയ്യുന്നുവെങ്കില്‍ അവന്‍െറ തലയും അതിലടങ്ങിയിരിക്കുന്നതും സൂക്ഷിക്കട്ടെ, വയറും അതില്‍ നിറക്കുന്നതും സൂക്ഷിക്കട്ടെ’. ഭൗതികവും പാരത്രികവുമായ വിജയത്തിന് മുഹമ്മദ് നബി നല്‍കുന്ന വിലപ്പെട്ട ഉപദേശമാണിത്. ഇസ്ലാമിക ശരീഅത്തിലെ വിശ്വാസം, ആരാധനകള്‍, സ്വഭാവഗുണങ്ങള്‍ എന്നിവയുടെ അന്തസ്സത്തയാണ് ഈ ഉപദേശം. ഇത് നേടിയെടുക്കാന്‍ ഏറെ സഹായകമായ ആരാധനയാണ് വ്രതാനുഷ്ഠാനം. മതത്തിന്‍െറ പഞ്ചസ്തംഭങ്ങളില്‍ മുഖ്യസ്ഥാനം അതുകൊണ്ടുതന്നെ നോമ്പിനുണ്ട്.

ധര്‍മവും അധര്‍മവും ഒരുപോലെ പ്രവര്‍ത്തിക്കുന്ന ഇടമാണ് മനുഷ്യമനസ്സ്.  ധര്‍മത്തെക്കാളേറെ അധര്‍മങ്ങള്‍ക്കും തിന്മകള്‍ക്കുമാണ് മനസ്സ് തിടുക്കം കാണിക്കുന്നത്. മനുഷ്യന് അല്ലാഹു നിശ്ചയിച്ചിരിക്കുന്ന ഉല്‍കൃഷ്ടത നിലനിര്‍ത്താന്‍ ധര്‍മവും ഭക്തിയും നിരന്തരം ശാക്തീകരിക്കേണ്ടതുണ്ട്.  ധര്‍മരഹിത ചിന്തകളേയും പ്രലോഭനങ്ങളെയും അതിജീവിക്കാന്‍ ആവശ്യമായ ഉള്‍വിളി മനസ്സില്‍ നിന്ന് നിരന്തരം ഉയര്‍ന്നുവരണം. നോമ്പിലൂടെ വിശ്വാസികള്‍ ആര്‍ജിക്കേണ്ടത് ഇതിനുള്ള കഴിവാണ്.

വ്രതാനുഷ്ഠാനം പരാമര്‍ശിക്കുന്ന അഞ്ചു വചനങ്ങളാണ് ഖുര്‍ആനിലുള്ളത് (അല്‍ബഖറ 183 -187). ഇത് തുടങ്ങുന്നതും അവസാനിക്കുന്നതും ഭയഭക്തി (തഖ്വ) ഊന്നിപ്പറഞ്ഞുകൊണ്ടാണ്.  പൂര്‍ണമായും സ്വന്തത്തെ അല്ലാഹുവിന് സമര്‍പ്പിക്കുന്ന സന്ദര്‍ഭത്തില്‍ മാത്രമേ ‘തഖ്വ’ ലഭിക്കുകയുള്ളൂ. ആഭാസങ്ങളും അസഭ്യങ്ങളും കപട സംസാരവും വഴക്കുമെല്ലാം വെടിയുവാനുള്ള പ്രചാചക നിര്‍ദേശം, അത്തരം ചിന്തകള്‍ പോലും മനസ്സില്‍ സൂക്ഷിക്കരുത് എന്നാണ് വ്യക്തമാക്കുന്നത്. അഥവാ, ഇത്തരം ശൈലികള്‍ ജീവിതചര്യയായി സ്വീകരിക്കുമ്പോള്‍,  അന്യൂനമായി അല്ലാഹു സംവിധാനിച്ച മസ്തിഷ്കവും മനസ്സും പ്രവര്‍ത്തനരഹിതമാകുന്നു.
വയറാണ് എല്ലാ രോഗങ്ങളുടെയും മുഖ്യകേന്ദ്രം. അത് വൃത്തിയുള്ളതും വിശുദ്ധവുമായി സൂക്ഷിച്ചാല്‍ രോഗമുക്തി എളുപ്പമാകും.

നോമ്പുകാരന് രണ്ടു നേരത്തെ ഭക്ഷണമാണ് മതം നിശ്ചയിച്ചത്. ജീവന്‍ നിലനിര്‍ത്താനും ആരോഗ്യകരമായ ജൈവ പ്രവര്‍ത്തനങ്ങള്‍ക്കും അത് മതി. റമദാന്‍ നല്‍കുന്ന ഈ ഭക്ഷണ സംസ്കാരം ആജീവനാന്തം പാലിച്ചാല്‍, അല്ലാഹുവിനോട് പുലര്‍ത്തേണ്ട ലജ്ജാശീലത്തിലൂടെ പുണ്യം നേടാം.  ആരോഗ്യത്തോടെ ജീവിക്കുകയും ചെയ്യാം. ഓരോ നോമ്പും പതിനാലു മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട്. ഭൂമിയുടെ മറ്റു ഭാഗങ്ങളില്‍ ഇതിലും ദീര്‍ഘമാണ്. അഞ്ചുനേരം നിര്‍വഹിക്കുന്ന നമസ്കാരത്തിലെ ഭക്തി ഏതാനും മിനിറ്റുകളില്‍ പരിമിതമാണ്. എന്നാല്‍, 14 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഓരോ നോമ്പും ആരാധനാനിരതമാകുന്നത് മനസ്സിനെയും ശരീരത്തേയും  പൂര്‍ണമായി നിയന്ത്രിക്കുമ്പോഴാണ്.  420 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള റമദാന്‍ വ്രതത്തിന്‍െറ പ്രഭാവലയത്തില്‍ വിശ്വാസിയുടെ ജീവിതം ആനന്ദകരമാകുന്നു.

‘നോമ്പുകാരന് രണ്ട് ആനന്ദമുണ്ടെ’ന്ന പ്രവാചക വചനവും ഇതിനോട് ചേര്‍ത്തു വായിക്കണം. നോമ്പുതുറക്കുമ്പോഴുള്ളതാണ് അതിലൊന്ന്. ദീര്‍ഘനേരത്തെ പട്ടിണിക്ക് ശേഷം ലഭിക്കുന്ന ഭക്ഷണമാണ് ഈ ആനന്ദം ഉണ്ടാക്കുന്നത്. പട്ടിണിക്ക് നോമ്പിന്‍െറ ഉദ്ദേശ്യം (നിയ്യത്ത്) ഇല്ളെങ്കിലും ഇതുണ്ടാകും. പരലോകത്ത് അല്ലാഹുവിനെ നേരില്‍ കാണുമ്പോള്‍ ലഭിക്കുന്നതാണ് രണ്ടാമത്തെ ആനന്ദം. ഓരോ ഇഫ്താറിനും ആനന്ദിച്ച്  ഭക്ഷണം കഴിച്ചവര്‍ക്ക് ഇത് ലഭിക്കണമെന്നില്ല. റമദാന്‍ നല്‍കിയ വിശ്വാസത്തിന്‍െറയും ഭക്തിയുടെയും ചൈതന്യം ജീവിതാവസാനം വരെ നിലനിര്‍ത്തുന്നവര്‍ക്ക് മാത്രമേ നബി വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ ആനന്ദം ലഭിക്കുകയുള്ളൂ.

നോമ്പിന്‍െറ ഈ അര്‍ഥതലങ്ങളെല്ലാം സൂചിപ്പിച്ചുകൊണ്ടു പ്രവാചകന്‍ പറഞ്ഞു: ‘നീ നോമ്പെടുക്കുക, അതിന് തുല്യമായി മറെറാന്നുമില്ല’. അതെ, പൈശാചികതയെ പ്രതിരോധിക്കാന്‍, നന്മകളുടെ വസന്തം വിരിയിക്കാന്‍, സമസൃഷ്ടികളുടെ ജീവിത നൊമ്പരങ്ങള്‍ മാറോടണക്കാന്‍, സര്‍വോപരി അല്ലാഹുവിലേക്കടുക്കാനും സ്വര്‍ഗം നേടാനും റമദാനിന്‍െറ വാതില്‍ തുറന്നിട്ടിരിക്കുകയാണ്.  മറ്റൊരവസരം ഇതിന് തുല്യമായി ലഭിക്കുകയില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.