വീല്‍ചെയറില്‍ നീങ്ങുന്നവര്‍ക്ക് മാത്രമായി ഈദ്ഗാഹ്

പെരിന്തല്‍മണ്ണ: ചലന ശേഷി നഷ്ടപെട്ട് വീല്‍ചെയറില്‍ നീങ്ങുന്ന ഹതഭാഗ്യര്‍ക്ക് മാത്രമായി ഈദ്ഗാഹ് ഒരുങ്ങുന്നു. ഇവര്‍ക്കായി പെരുന്നാള്‍ ഖുതുബ നിര്‍വഹിച്ച്  നമസ്കാരത്തിന് നേതൃത്വം നല്‍കുന്നതും നാലു വര്‍ഷമായി വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കുന്ന പണ്ഡിതനാണ് എന്ന പ്രത്യേകതയുമുണ്ട്. മുസ് ലിം പള്ളികളടക്കമുള്ള ആരാധനാലയങ്ങളില്‍ ചക്രസേരകളിലെ സഞ്ചരികള്‍ക്ക് കടന്ന് ചെല്ലാന്‍കഴിയാത്ത നിസഹായാവസ്ഥമൂലമുള്ള മനോവേദനയില്‍ നിന്നാണ് ചക്രകസേരക്കാരുടെ കൂട്ടായ്മയില്‍ ഈദ് ഗാഹ് ഒരുക്കുന്നത്.  

പെരിന്തല്‍മണ്ണ ടൗണില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ ചെര്‍പുളശ്ശേരി റോഡില്‍ ഒലിങ്കരയിലെ റോയല്‍ ചോയിസ് ഓഡിറ്റോറിയത്തിലാണ് പെരുന്നാള്‍ പ്രാര്‍ഥനക്ക് അവസരം സംഘടിപ്പിക്കുന്നത്. ഇതിന് നേതൃത്വം നല്‍കുന്നതാവട്ടെ പെരിന്തല്‍മണ്ണയില്‍ അരക്ക് താഴെതളര്‍ന്നവരുടെ കൂട്ടായ്മയുടെ കോഓഡിനേറ്ററായ കിഴിശ്ശേരി സലീമാണ്. വെള്ളിയാഴ്ചകളിലും മറ്റ് ആഘോഷാവസരങ്ങളിലും മസ്ജിദുകളില്‍ കയറാന്‍ കഴിയാതെ വീല്‍ചെയറുമായി പുറത്തരിക്കേണ്ടി വരികയോ കൂട്ടുകാര്‍ താങ്ങിയെടുത്ത് പള്ളിക്കുള്ളി എത്തിക്കുകയോയായിരുന്നു പതിവ്.

ഇതിന് മാറ്റം വരുത്താനും ചലനശേഷി ന്ഷടപെട്ടവര്‍ക്ക് ആരാധനാക്കായി നേരിട്ട് എത്താനും അവസരം ഒരുക്കാനാണ് ഇത്തരം ഈദ് ഗാഹിനെകുറിച്ച് ആലോചിച്ചതും കാര്യങ്ങള്‍ നീക്കിയതെന്നും സലിം പറയുന്നു. ചലനശേഷി നഷ്ടപെട്ടവരുടെ കൂട്ടായ്മ സോഷ്യല്‍ മീഡിയ വഴിയുള്ള ആശയ പ്രചാരണമാണ് വീല്‍ചെയര്‍ ഈദ് ഗാഹ് എന്നതിലേക്ക് എത്തിച്ചതെന്നും സലിം മാധ്യമത്തോട് പറഞ്ഞു. ഇതിനായി സോഷ്യല്‍ മീഡിയകള്‍വഴി സന്ദേശ പ്രചാരണവും നടത്തുന്നുണ്ട്. രാവിലെ 9.30ന് പെരുന്നാള്‍ ഖുതുബയും തുടര്‍ന്ന് നമസ്കാരവും നടത്തും നേതൃത്വം നല്‍കുക നാല് വര്‍ഷമായി മസിലുകള്‍ ശോഷിച്ച്  ചലനശേഷി നഷ്ടപെട്ട്  വീല്‍ ചെയറില്‍ കഴിയുന്ന പുലാമന്തോള്‍ ചെമ്മലശ്ശേരി തോട്ടക്കാട് ശെരീഫ് മുസ് ലിയാരാണ്. 10 വര്‍ഷത്തെ ദറസ് പഠനം പൂര്‍ത്തിയാക്കി മദ്റസ അധ്യപകനായി ജോലി ചെയ്യുന്നതിനിടെയാണ് ഫെരീഫ് രോഗത്തിന് പിടിയിലാകുന്നത്.

ചലനാത്മകമായ ചുറ്റുപാടുകളില്‍നിന്ന് ഉള്‍വലിഞ്ഞ് വീല്‍ചെയറുകളില്‍ ജീവിതം ഉരുട്ടിനീക്കി തങ്ങളുടേതായ കൊച്ചു കൊച്ചു ലോകങ്ങളിലേക്ക് ഒതുങ്ങി കൂടിയ 300 പേര്‍ വീല്‍ചെയര്‍  ഈദ് ഗാഹിലെത്തും. മലപ്പുറം ജില്ലയുടെ വിവധ പ്രദേശങ്ങളിലുള്ളവരും പാലക്കാട് ജില്ലയിലുള്ളവരും വീല്‍ചെയറിലെ കൂട്ടുകാരെ ചേര്‍ത്ത്പിടിച്ച് പെരുന്നാള്‍ ആഘോഷത്തിനെത്തുമെന്ന് ഇതിനകം അറിയിച്ച് കഴിഞ്ഞിട്ടുണ്ട്. പെരുന്നാള്‍ നമസ്കാരത്തിന് ശേഷം അംഗശേഷികളില്‍ അവശത അനുഭവിക്കുന്നവരും അവയവ പരിമിതികള്‍മൂലം മുഖ്യധാരയില്‍നിന്ന് അകന്നു കഴിയുന്നവരുമായ മുഴുവന്‍ വിഭാഗങ്ങളിലെയും അംഗങ്ങളെ പങ്കെടുപ്പിച്ച് ഈദ് സൗഹൃദ സംഗമവും ഒരുക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.