സി.എ.ജി. റിപ്പോര്‍ട്ട്: 53 പൊതുമേഖലാസ്ഥാപനങ്ങള്‍ നഷ്ടത്തില്‍

തിരുവനന്തപുരം: മൂന്ന് കോര്‍പറേഷനുകളിലും 43 മുനിസിപ്പാലിറ്റികളിലും വൈദ്യുതി പ്രസരണ-വിതരണം മെച്ചപ്പെടുത്താന്‍ കേന്ദ്ര സഹായത്തോടെ നടപ്പാക്കിയ ആര്‍.എ.പി.ഡി.ആര്‍.പി (റീസ്ട്രക്ചേര്‍ഡ് ആക്സിലറേറ്റഡ് പവര്‍ ആന്‍ഡ് റിഫോംസ് പ്രോഗ്രാം) പദ്ധതി വന്‍ നഷ്ടമായെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. നിര്‍വഹണം വൈകിയതിലൂടെ 836.36 കോടിയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടായി. സമയത്ത് പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ വായ്പയായി ലഭിച്ച ഈ തുക ഗ്രാന്‍റായി മാറുമായിരുന്നു. മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിക്കേണ്ട പദ്ധതി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ലക്ഷ്യം കണ്ടില്ല.

പദ്ധതി നടപ്പാക്കുമ്പോള്‍ 506.74 ദശലക്ഷം യൂനിറ്റിന്‍െറ വാര്‍ഷിക വൈദ്യുതി ലാഭമാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, ഇതില്‍  202.70 ദശലക്ഷം യൂനിറ്റിന്‍െറ കുറവാണുണ്ടായത്.  പൊതുമേഖലാസ്ഥാപനങ്ങളെക്കുറിച്ച സി.എ.ജി റിപ്പോര്‍ട്ട് മന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ സമര്‍പ്പിച്ചു. സെക്രട്ടറിമാര്‍ അടങ്ങിയ വിതരണ നവീകരണ സമിതി കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു. സാധനങ്ങള്‍ വാങ്ങുന്നതിലും കരാര്‍ നല്‍കുന്നതിലും കാലതാമസമുണ്ടായി. ചെലവ് അധികരിക്കുകയും കാലതാമസമുണ്ടാകുകയും ചെയ്തതോടെ ലക്ഷ്യമിട്ട നേട്ടം കൈവരിക്കാനായതുമില്ല.

53 പൊതുമേഖലാസ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ നഷ്ടം കെ.എസ്.ആര്‍.ടി.സിക്കാണ്-508.22 കോടി. ഇവയെല്ലാം കൂടി വരുത്തിയ നഷ്ടം 889.89 കോടിയാണ്. 50 സ്ഥാപനങ്ങള്‍ 498.47 കോടി  ലാഭമുണ്ടാക്കി. നഷ്ടത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് പിന്നില്‍ കശുവണ്ടി കോര്‍പറേഷന്‍(127.95 കോടി), സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ (89.11 കോടി) എന്നിവയാണ്. ലാഭത്തില്‍ വൈദ്യുതിബോര്‍ഡ് (140.42 കോടി),  ബിവറേജസ് കോര്‍പറേഷന്‍ (123.54 കോടി), കെ.എസ്.എഫ്.ഇ(69.90 കോടി) എന്നിവയാണുള്ളത്. 15 സ്ഥാപനങ്ങള്‍ പ്രവര്‍ത്തനരഹിതമാണ്. ഇതില്‍ അഞ്ചെണ്ണത്തില്‍ പിരിച്ചുവിടല്‍ പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നു.നാല് സ്ഥാപനങ്ങള്‍ ലാഭമോ നഷ്ടമോ വരുത്തിയില്ല.

ലക്ഷ്യത്തിനനുസരിച്ച് പുനര്‍നടീല്‍ നടത്താന്‍ വനം വികസന കോര്‍പറേഷന് കഴിഞ്ഞില്ല. ഇതിന് ആറ് വര്‍ഷം വരെ കാലതാമസമുണ്ടായി. ഇത് 2318 മെട്രിക് ടണിന്‍െറ പള്‍പ്വുഡ് നഷ്ടം വരുത്തി. 1073 ഹെക്ടറിലെ 9.65 കോടി മൂല്യമുള്ള തടിയുടെ വിളവെടുപ്പ് നടത്തിയില്ല. കോര്‍പറേഷന്‍ എട്ട് ടൂറിസം പദ്ധതികള്‍ നടപ്പാക്കാന്‍ വൈകിയത് മൂലം 10.72 കോടി നഷ്ടപ്പെട്ടു. ഖനനം ചെയ്ത മണലിന് സുരക്ഷ ഏര്‍പ്പെടുത്തിയതിനാല്‍ ധാതുവികസന കോര്‍പറേഷന്് 6.42 കോടി നഷ്ടം വന്നു. ഏഷ്യാനെറ്റും മറ്റ് കേബ്ള്‍ ടി.വി. ഓപറേറ്റര്‍മാരുമായും കരാറില്‍ ഏര്‍പ്പെടുന്നതില്‍ വൈദ്യുതി ബോര്‍ഡിന്‍െറ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മൂലം 14.70 കോടി വരുമാനനഷ്ടവും 1.75 കോടിയുടെ സേവന നികുതി നഷ്ടത്തിനും കാരണമായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.