സ്വാശ്രയ എന്‍ജിനീയറിങ്: പ്രതിസന്ധി നീങ്ങിയപ്പോള്‍ സര്‍ക്കാറിന് ഇരട്ടനേട്ടം

തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിങ് കോളജ് പ്രവേശം സംബന്ധിച്ച പ്രതിസന്ധി നീങ്ങിയപ്പോള്‍ വിജയംകണ്ടത് മെറിറ്റിന്‍െറ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന സര്‍ക്കാര്‍ നിലപാട്. മെറിറ്റിന്‍െറ കാര്യത്തില്‍ കഴിഞ്ഞസര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ച തിരുത്തുന്നത് കൂടിയായി ചൊവ്വാഴ്ച ഒപ്പിട്ട സ്വാശ്രയപ്രവേശകരാര്‍. 57 കോളജുകളില്‍ ഫീസ് നിരക്ക് കുറക്കാനായെന്നത് സര്‍ക്കാറിന് അപ്രതീക്ഷിത നേട്ടവുമായി. സ്വാശ്രയ കോളജുകളിലെ മാനേജ്മെന്‍റ് സീറ്റുകളില്‍ പ്രവേശം, പ്രവേശപരീക്ഷാ റാങ്ക്പട്ടികയില്‍ നിന്ന് മാത്രമേ അനുവദിക്കൂ എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പ്രവേശപരീക്ഷക്കൊപ്പം പ്ളസ് ടു മാര്‍ക്ക് കൂടി ചേര്‍ക്കുന്ന സമീകരണപ്രക്രിയക്ക് മുമ്പുള്ള (പ്രീ നോര്‍മലൈസേഷന്‍) പട്ടികയില്‍ നിന്ന് പ്രവേശം നല്‍കണമെന്നായിരുന്നു മാനേജ്മെന്‍റ് അസോസിയേഷന്‍െറ നിലപാട്.

പ്രവേശപരീക്ഷയില്‍ യോഗ്യത നേടാന്‍ ആവശ്യമായ 10 മാര്‍ക്ക് പോലും നേടാത്തവര്‍ ഉള്‍ക്കൊള്ളുന്നതാണ് പ്രീ നോര്‍മലൈസേഷന്‍ പട്ടിക. കഴിഞ്ഞവര്‍ഷം യു.ഡി.എഫ് സര്‍ക്കാര്‍ ഈ ആനുകൂല്യം മാനേജ്മെന്‍റുകള്‍ക്ക് നല്‍കുകയും പല കോളജുകളും മാനേജ്മെന്‍റ് സീറ്റുകളില്‍ ഇത്തരം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം ഈ വ്യവസ്ഥയോടെ ത്രിവത്സര കരാറിനായിരുന്നു ഒപ്പിട്ടിരുന്നത്. എന്നാല്‍, ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ എതിര്‍പ്പിനെതുടര്‍ന്ന് ഉത്തരവ് ഒരു വര്‍ഷത്തേക്ക് മാത്രമാണ് ഇറക്കിയത്.

കഴിഞ്ഞ വര്‍ഷം ഒപ്പിട്ട കരാര്‍തന്നെ പുതുക്കണമെന്നായിരുന്നു മാനേജ്മെന്‍റുകളുടെ വാദം. ഇത് തുടക്കത്തിലേ തള്ളിയ സര്‍ക്കാര്‍, നിലപാട് വ്യക്തമാക്കിയതോടെ അസോസിയേഷനില്‍ ഭിന്നതയും രൂപപ്പെട്ടു. ചില കോളജുകള്‍ സര്‍ക്കാര്‍നിലപാടിനോട് യോജിപ്പ് പ്രകടിപ്പിച്ചു. പലതരത്തിലുള്ള സമ്മര്‍ദങ്ങള്‍ അസോസിയേഷന്‍ നടത്തിയെങ്കിലും കീഴടങ്ങാത്ത സര്‍ക്കാര്‍ നിലപാട് മാനേജ്മെന്‍റുകള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. എന്‍ജിനീയറിങ് കോഴ്സുകളിലെ പഠനനിലവാരം കുറയുന്നുവെന്ന കണക്കുകള്‍ പുറത്തുവരുന്നതിനിടെയാണ് മെറിറ്റ് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം ലക്ഷ്യം കണ്ടത്.  

കഴിഞ്ഞവര്‍ഷത്തെ ഫീസ് നിരക്ക് അംഗീകരിക്കുന്നതില്‍ സര്‍ക്കാറിന് എതിര്‍പ്പില്ലായിരുന്നു. എന്നാല്‍, 57 കോളജുകള്‍ ഏകീകൃത ഫീസ്നിരക്കിലേക്ക് മാറാന്‍ തീരുമാനിച്ചത് സര്‍ക്കാറിനും പ്രവേശം നേടുന്ന വിദ്യാര്‍ഥികള്‍ക്കും അപ്രതീക്ഷിത നേട്ടമായിരുന്നു. കഴിഞ്ഞവര്‍ഷത്തെ കരാര്‍ പ്രകാരം പകുതി മെറിറ്റ് സീറ്റില്‍ വാര്‍ഷിക ഫീസ് 75,000 രൂപയും പകുതി സീറ്റില്‍ 50,000 രൂപയുമായിരുന്നു. രണ്ടുതരം സീറ്റുകളിലും 75,000 രൂപ ഫീസ് വാങ്ങുകയും പകുതി സീറ്റില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 25,000 രൂപ തിരികെ നല്‍കുന്നതുമായിരുന്നു ഇത്. എന്നാല്‍ ഇത് ഇത്തവണ 57 കോളജുകളില്‍ മൊത്തം മെറിറ്റ് സീറ്റുകളിലും 50,000 രൂപയാക്കി. ഫലത്തില്‍ കഴിഞ്ഞവര്‍ഷം 75,000 രൂപ നല്‍കേണ്ടിവന്ന പകുതി മെറിറ്റ് സീറ്റുകളിലും ഇത്തവണ 50,000 രൂപ മതിയാകും. ഈ സീറ്റുകളില്‍ 25,000 രൂപയുടെ ഫീസ് കുറക്കാനായത് സര്‍ക്കാറിന് അപ്രതീക്ഷിത നേട്ടമായി മാറുകയായിരുന്നു.

അതേസമയം, മാനേജ്മെന്‍റ് സീറ്റുകളിലെ പ്രവേശമാനദണ്ഡം കര്‍ശനമാക്കിയതോടെ ഇത്തവണ പ്രവേശം നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവ് വന്നേക്കാം. മാനേജ്മെന്‍റ് സീറ്റുകളിലെ പ്രവേശമാനദണ്ഡത്തില്‍ കഴിഞ്ഞവര്‍ഷം ഇളവ് വരുത്തിയിട്ടും മെറിറ്റ്, മാനേജ്മെന്‍റ് ക്വോട്ടകളിലായി 18000ത്തോളം സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. ഇത്തവണ ഇത് വര്‍ധിക്കാനാണ് സാധ്യത.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.