ആര്യാടന്‍ മുഹമ്മദ് പങ്കെടുത്ത ചടങ്ങില്‍ സരിത; സോളാര്‍ കമീഷന്‍ ദൃശ്യങ്ങള്‍ പരിശോധിച്ചു

കൊച്ചി: മന്ത്രിയായിരിക്കെ ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ പങ്കെടുത്തതായി തെളിയിക്കുന്ന ദൃശ്യങ്ങള്‍ സോളാര്‍ കമീഷനില്‍. സോളാര്‍ വിവാദത്തിനുമുമ്പ് 2012ല്‍ കോട്ടയം സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന കെ.എസ്.ഇ.ബി. എന്‍ജിനിയേഴ്സ് അസോസിയേഷന്‍െറ വാര്‍ഷിക സമ്മേളനത്തിന്‍െറ ദൃശ്യങ്ങള്‍ അടങ്ങിയ രണ്ട് സീഡികളാണ് തെളിവായി ഹാജരാക്കിയത്. സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കമീഷന്‍ സെക്രട്ടറി അസോസിയേഷന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് സീഡികള്‍ കൈപ്പറ്റി ബുധനാഴ്ച കമീഷനില്‍ ഹാജരാക്കുകയായിരുന്നു. സരിത വേദിയില്‍ നിലവിളക്കിനു പിന്നില്‍ നില്‍ക്കുന്ന ദൃശ്യവും വേദിയില്‍ രണ്ടാം നിരയില്‍ കാണത്തക്ക വിധം ഇരിക്കുന്ന മറ്റൊരു ദൃശ്യവും സീഡിയില്‍ ഉള്ളതായി ബുധനാഴ്ച കമീഷനില്‍ ഹാജരായ ആര്യാടന്‍ മുഹമ്മദ് ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം സമ്മതിച്ചു.

എന്നാല്‍, സരിതയെ വേദിയില്‍വെച്ച് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. വേദിയില്‍വെച്ച് തന്നോട് സംസാരിച്ചെന്ന സരിതയുടെ മൊഴി വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ സീഡിയിലില്ളെന്ന് ആര്യാടന്‍ ചൂണ്ടിക്കാട്ടി. രണ്ടാമത്തെ സീഡിയിലെ ദൃശ്യങ്ങളിലും താനില്ളെന്ന് അദ്ദേഹം വ്യക്തമാക്കി. സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈദ്യതിമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദിന്‍െറ പേഴ്സനല്‍ സ്റ്റാഫിന് 15 ലക്ഷം കൈമാറിയെന്നും ഇക്കാര്യം വേദിയില്‍വെച്ച് മന്ത്രി സ്ഥിരീകരിച്ചതായും സരിത നേരത്തേ കമീഷന് മൊഴി നല്‍കിയിരുന്നു. ആര്യാടന്‍ മുഹമ്മദിന്‍െറ മൊബൈല്‍ നമ്പറില്‍ നിന്ന് സരിതയുടെ 8606161700 നമ്പറിലേക്ക് 2012 ജൂണ്‍ നാലു  മുതല്‍ 2013 മേയ് 10 വരെ 80 സംഭാഷണങ്ങള്‍ നടന്നതായുള്ള ഫോണ്‍വിളി രേഖകള്‍ ശരിയാണെന്ന് അദ്ദേഹം മൊഴി നല്‍കി. സരിതയുടെ മറ്റൊരു നമ്പറായ 9446735555 ലേക്ക് 2013 മേയ് 31ന് ഒരു സംഭാഷണം നടന്നിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. 80 വിളികളില്‍ 34 എണ്ണം ആര്യാടന്‍ മുഹമ്മദിന്‍െറ ഫോണില്‍ നിന്ന് സരിതയുടെ ഫോണിലേക്ക് വിളിച്ചവയാണെന്ന രേഖകള്‍ ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. സരിത തന്‍െറ ഒൗദ്യോഗിക വസതിയില്‍ വന്നതായി ഓര്‍മയില്ളെന്നും സെക്രട്ടേറിയറ്റില്‍ വന്ന് രണ്ടു വട്ടം തന്നെ കണ്ടിരുന്നതായും മൊഴി നല്‍കി. സരിതയെ ലൈംഗികമായി ചൂഷണം ചെയ്തവരുടെ പട്ടികയില്‍ താനുള്‍പ്പെട്ടിട്ടുണ്ടെന്ന, ടീം സോളാറിന്‍െറ ജി.എം ആയിരുന്ന രാജശേഖരന്‍ നായരുടെ മൊഴി ആര്യാടന്‍ മുഹമ്മദ് നിഷേധിച്ചു. ടീം സോളാറുമായി തന്‍െറ കാലത്ത് അനെര്‍ട്ട് ഒരു ഇടപാടും നടത്തിയിട്ടില്ല. അവരുടെ മദര്‍ കമ്പനി സുരാന വെഞ്ചേഴ്സുമായി അനെര്‍ട്ട് 20 കോടിയുടെ ഇടപാട് നടത്തിയതായി അറിയില്ളെന്നും അദ്ദേഹം മൊഴി നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.